നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ താരങ്ങളിൽ ഒരാളാണ് മലയാളി താരം സഞ്ജു സാംസൺ. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇന്ത്യക്കായി കുറച്ചു വർഷങ്ങളായി കളിക്കുന്നുണ്ടെങ്കിലും സഞ്ജുവിന് സ്ഥിരമായി അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായി സ്ഥിരതയാർന്ന പ്രകടനങ്ങൾ പുറത്തെടുത്ത് ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സഞ്ജു സാംസൺ.
ലക്നൗവിനെതിരായ വെടിക്കെട്ട് ഇന്നിങ്സോടെ ഒരുപാട് ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് സഞ്ജു സാംസൺ. തന്റെ ടീമിനായി അവസാന നിമിഷം വരെ ക്രീസിൽ തുടർന്ന് വിജയ റൺസ് സ്വന്തമാക്കാൻ സഞ്ജുവിന് മത്സരത്തിൽ സാധിച്ചു. ഇതിനുശേഷം സഞ്ജുവിനെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യൂസഫ് പത്താൻ.
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു കാഴ്ച വെച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 196 റൺസ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ ഒരു സമയത്ത് 3 വിക്കറ്റ് നഷ്ടത്തിൽ 78 എന്ന നിലയിൽ പതറുകയുണ്ടായി.
ശേഷമാണ് സഞ്ജു സാംസന്റെ ഉഗ്രരൂപം ലക്നൗ കണ്ടത്. മത്സരത്തിൽ 31 പന്തുകളിൽ 71 റൺസ് നേടിയ സഞ്ജു പുറത്താവാതെ നിന്നു. ഒരു കിടിലൻ സിക്സറോടെ മത്സരം അവസാനിപ്പിക്കാനും സഞ്ജുവിന് സാധിച്ചു. ഇതിന് ശേഷമാണ് യൂസഫ് പത്താൻ ട്വിറ്ററിലൂടെ തന്റെ നിർദ്ദേശം അറിയിച്ചിരിക്കുന്നത്.
“ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ സഞ്ജു സാംസൺ ഉറപ്പായും ഒരു സ്ഥാനം അർഹിക്കുന്നുണ്ട്.”- ഇതായിരുന്നു യൂസഫ് പത്താൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്. ഇതുവരെയുള്ള ഈ ഐപിഎല്ലിലെ സഞ്ജു സാംസന്റെ പ്രകടനങ്ങൾ വിലയിരുത്തിയാൽ യൂസഫ് പത്താന്റെ ആവശ്യം ന്യായം മാത്രമാണ്. ഈ ഐപിഎല്ലിൽ ഇതുവരെ 385 റൺസാണ് സഞ്ജു സാംസൺ സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്ലിലെ റൺവേട്ടക്കാരുടെ ലിസ്റ്റിൽ വിരാട് കോഹ്ലിക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് നിലവിൽ സഞ്ജു സാംസൺ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ 77 എന്ന ഉയർന്ന ശരാശരിയിലാണ് സഞ്ജു വെടിക്കെട്ട് തീർത്തത്.
സഞ്ജുവിന്റെ മറ്റൊരു പ്രത്യേകത ഉയർന്ന സ്ട്രൈക്ക് റേറ്റാണ്. 161.08 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു വെടിക്കെട്ട് തീർക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയെ സംബന്ധിച്ച് ഇത്തരത്തിലുള്ള ഒരു വമ്പൻ ബാറ്ററേയാണ് ലോകകപ്പിനായി ആവശ്യം. വിക്കറ്റിന് പിന്നിലും മുന്നിലും മികവ് പുലർത്താൻ സാധിയ്ക്കുന്ന സഞ്ജുവിനെ പോലെ ഒരു താരം ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിച്ചാൽ അത് ഇന്ത്യയ്ക്ക് വലിയ ഗുണമായി മാറുകയും ചെയ്യും. ക്രീസിൽ സഞ്ജു പുലർത്തുന്ന ശാന്തതയും ഇന്ത്യയെ സംബന്ധിച്ച് നിർണായക കാര്യമാണ്