“നിങ്ങൾ തഴയുംതോറും, അവൻ ഉദിച്ചുയരും”.. എല്ലാവരെയും പിന്നിലാക്കി സഞ്ജു ലോകകപ്പിലേക്ക്..

061fdcd4 1d83 46b2 8bbf 7fb12ee2a011 1

2024 ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡ് തീരുമാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഒരു വെടിക്കെട്ട് ഇന്നിങ്സാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ച വച്ചിരിക്കുന്നത്. 2024 ഐപിഎല്ലിൽ ഉടനീളം ഇത്തരത്തിൽ വമ്പൻ പ്രകടനങ്ങളുമായി സഞ്ജു രംഗത്ത് എത്തിയിരുന്നു. ഇന്ത്യയ്ക്ക് നിലവിൽ ലോകകപ്പിലേക്ക് മികച്ച ഫോമിലുള്ള ഒരു വിക്കറ്റ് കീപ്പറെയാണ് ആവശ്യം.

അതിനാൽ തന്നെ സഞ്ജു ലോകകപ്പ് സ്‌ക്വാഡിൽ ഇടം പിടിക്കാനുള്ള എല്ലാ സാധ്യതകളും നിലനിൽക്കുകയാണ്. മുൻപ് രാജസ്ഥാനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തപ്പോഴും സഞ്ജുവിനെ ഇന്ത്യ തങ്ങളുടെ ടീമിൽ നിന്ന് മാറ്റി നിർത്തുകയുണ്ടായി. എന്നാൽ ഇനിയും തന്നെ തഴയാനാവില്ല എന്ന് വിളിച്ചു പറയുന്ന ഇന്നിംഗ്സാണ് സഞ്ജു ലക്നൗവിനെതിരെ കാഴ്ച വെച്ചിരിക്കുന്നത്.

മത്സരത്തിൽ 33 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 7 ബൗണ്ടറികളും നാല് സിക്സറുകളുമടക്കം 71 റൺസാണ് നേടിയത്. രാജസ്ഥാനായി വിജയ റൺ നേടിയ ശേഷമായിരുന്നു സഞ്ജു മൈതാനം വിട്ടത്. ഈ ഇന്നിങ്സോടെ തന്റെ മുൻപിൽ ഉണ്ടായിരുന്ന മറ്റു 2 ഇന്ത്യൻ വിക്കറ്റ് കീപ്പർമാരെയും ഓവർടേക്ക് ചെയ്യാൻ സഞ്ജു സാംസണിന് സാധിച്ചിട്ടുണ്ട്.

ഐപിഎല്ലിൽ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്ത് സഞ്ജു ഇതിനോടകം എത്തിക്കഴിഞ്ഞു. ഇതുവരെ 2024 ഐപിഎല്ലിൽ 9 ഇന്നിങ്സുകൾ കളിച്ച സഞ്ജു സാംസൺ 77 റൺസ് ശരാശരിയിൽ 385 റൺസാണ് നേടിയിട്ടുള്ളത്. 161.08 എന്ന വമ്പൻ സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.

Read Also -  സഞ്ജുവിന്റെ ഔട്ടിൽ മാത്രമല്ല, പവലിന്റെ കാര്യത്തിലും അമ്പയറുടെ പിഴവ്. തുറന്നുകാട്ടി സോഷ്യൽ മീഡിയ.

ഈ ഐപിഎല്ലിൽ ഇതിനോടകം തന്നെ 4 അർത്ഥ സെഞ്ച്വറികൾ സഞ്ജു സാംസൺ പൂർത്തിയാക്കി കഴിഞ്ഞു. ലോകകപ്പിലേക്കുള്ള റേസിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ തന്നെയാണ്. വ്യക്തിഗത ശരാശരി, സ്ട്രൈക്ക് റേറ്റ്, അർത്ഥ സെഞ്ച്വറികൾ എന്നീ കാര്യങ്ങളിലോക്കെയും മറ്റു വിക്കറ്റ് കീപ്പർമാരെക്കാൾ മുകളിലാണ് സഞ്ജുവിന്റെ സ്ഥാനം.

റൺവേട്ടയിൽ സഞ്ജുവിന്റെ പിന്നിലായി മൂന്നാം സ്ഥാനത്താണ് നിലവിൽ രാഹുൽ നിൽക്കുന്നത്. 9 മത്സരങ്ങളിൽ നിന്ന് 378 റൺസാണ് രാഹുൽ സ്വന്തമാക്കിയത്. 42 റൺസ് ശരാശരിയിലാണ് രാഹുലിന്റെ ഈ നേട്ടം. സഞ്ജുവിനെക്കാൾ സ്ട്രൈക്ക് റേറ്റും രാഹുലിന് കുറവാണ് 

ശേഷം റൺവേട്ടക്കാരിൽ നാലാം സ്ഥാനത്ത് നിൽക്കുന്നത് റിഷഭ് പന്താണ്. ഇതുവരെ ഡൽഹിക്കായി 10 ഇന്നിങ്സുകൾ കളിച്ച പന്ത് 371 റൺസാണ് നേടിയിരിക്കുന്നത്. കെഎൽ രാഹുലുമായി കേവലം 7 റൺസിന്റെ വ്യത്യാസം മാത്രമാണ് പന്തിനുള്ളത്. ശരാശരിയുടെ കാര്യത്തിലും സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിലും രാഹുലിനേക്കാൾ മുകളിലാണ് നിലവിൽ പന്ത്. 46.37 എന്ന മികച്ച ശരാശരി പന്തിനുണ്ട്.

3 അർത്ഥ സെഞ്ച്വറികൾ പന്ത് ഇതിനോടകം നേടിയിരിക്കുന്നു. എന്നിരുന്നാലും ഇവരെയെല്ലാം കവച്ചുവയ്ക്കുന്ന പ്രകടനം തന്നെയാണ് സഞ്ജു ഇതിനോടകം പുറത്തെടുത്തിരിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയുടെ ട്വന്റി20 ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജു എത്താനുള്ള സാധ്യത വളരെ വലുതാണ്.

Scroll to Top