“ഇനിയും സഞ്ജുവിനെ ഒഴിവാക്കിയാൽ അത് അനീതി തന്നെയാണ്”- പിന്തുണ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം..

f48b3a6b 5ba2 4956 9e10 6532912e00b1

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് അനൗൺസ് ചെയ്യാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴും ഇന്ത്യൻ ടീമിലെ ചില സ്പോട്ടുകൾ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഇതിൽ പ്രധാനപ്പെട്ടത് വിക്കറ്റ് കീപ്പർ തസ്തികയാണ്. നിലവിൽ ഋഷഭ് പന്ത്, സഞ്ജു സാംസൺ എന്നിവരാണ് ഇന്ത്യയുടെ ലോകകപ്പിലെ വിക്കറ്റ് കീപ്പറാവാൻ സാധ്യതയുള്ള താരങ്ങൾ.

തന്റേതായ രീതിയിൽ വെടിക്കെട്ട് തീർക്കുന്ന പന്തിന് വലിയ സാധ്യത തന്നെയാണുള്ളത്. മറുവശത്ത് വമ്പൻ പ്രകടനങ്ങൾ പുറത്തെടുത്ത് എല്ലാവരുടെയും പ്രശംസകൾ ഏറ്റുവാങ്ങിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഈ സാഹചര്യത്തിൽ സഞ്ജു സാംസണിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്.

വിക്കറ്റിന് മുൻപിലും പിന്നിലുമായി വെടിക്കെട്ട് പ്രകടനം തന്നെയാണ് സഞ്ജു ഇതിനോടകം കാഴ്ച വെച്ചിട്ടുള്ളത്. ലക്നൗവിനെതിരായ അവസാന മത്സരത്തിലും സഞ്ജു മികവ് പുലർത്തുകയുണ്ടായി. അതിനാൽ തന്നെ തന്റെ ലോകകപ്പിലെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ സഞ്ജു സാംസനാണ് എന്ന് ഹർഭജൻ പറയുന്നു.

സഞ്ജുവിനെ ഈ ലോകകപ്പിലും ഉൾപ്പെടുത്താതിരുന്നാൽ അത് അവനോട് ചെയ്യുന്ന വലിയ അനീതിയായി മാറും എന്നാണ് ഹർഭജന്റെ അഭിപ്രായം. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും ടീമിനെ വിജയത്തിൽ എത്തിക്കാനുള്ള സഞ്ജുവിന്റെ കഴിവ് എടുത്തു കാട്ടിയാണ് ഹർഭജൻ സംസാരിച്ചത്.

Read Also -  അംപയറെ ചോദ്യം ചെയ്തു. കനത്ത ശിക്ഷ വിധിച്ച് ബിസിസിഐ.

“എന്നെ സംബന്ധിച്ച് സഞ്ജു സാംസൺ തന്നെയാണ് ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ. കാരണം ഈ ഐപിഎല്ലിൽ ഇതുവരെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസനാണ്. വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും ടീമിനെ വിജയത്തിൽ എത്തിക്കാൻ സഞ്ജുവിന് കഴിയുന്നുണ്ട്. മാത്രമല്ല നായകൻ എന്ന നിലയിൽ സഞ്ജു സാംസൺ അങ്ങേയറ്റം മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഇതുവരെ സഞ്ജു സാംസൺ ഒരുപാട് സമ്മർദ്ദത്തിലായ അവസരങ്ങൾ നമുക്ക് കാണാൻ പോലും സാധിക്കില്ല എന്നതാണ് വസ്തുത.”- ഹർഭജൻ പറയുന്നു.

“ഇന്നിംഗ്സ് ആങ്കർ ചെയ്യുന്ന സമയത്തും ആവശ്യമെങ്കിൽ ആക്രമണം അഴിച്ചുവിട്ട് മികവ് പുലർത്താൻ സഞ്ജുവിന് സാധിക്കുന്നുണ്ട്. നിലവിൽ സഞ്ജു പൂർണമായ ആത്മവിശ്വാസം കൈവരിച്ചു കഴിഞ്ഞു. അതിനാൽ തന്നെ ഒരു കാരണവശാലും സഞ്ജുവിനെ ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കി നിർത്താൻ പാടില്ല.

അഥവാ അവന് ലോകകപ്പിൽ അവസരം ലഭിച്ചില്ലെങ്കിൽ, അത് വളരെ മോശം തീരുമാനമായിരിക്കും എന്നാണ് എനിക്ക് പറയാനുള്ളത്. സെലക്ടർമാർ യാതൊരു കാരണവശാലും ഈ പ്രകടനങ്ങൾ കാണാതെ പോകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരിക്കലും അവനെ ഒഴിവാക്കാനും അവർക്ക് സാധിക്കില്ല.”- ഹർഭജൻ സിംഗ് കൂട്ടിച്ചേർത്തു.

Scroll to Top