“സഞ്ജു ഇന്ത്യൻ നായകനാകുന്ന സമയം അടുത്തെത്തിയിരിക്കുന്നു”, തുറന്ന് പറഞ്ഞ് ഹെറ്റ്മെയ്ർ.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായാണ് മലയാളി താരം സഞ്ജു സാംസൺ അണിനിരക്കുന്നത്. ടീമിനായി കിരീടങ്ങൾ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും മികച്ച രീതിയിൽ നായകത്വം നിർവഹിക്കാൻ സഞ്ജുവിന് സാധിക്കുന്നുണ്ട്.

2008ൽ തങ്ങളുടെ ആദ്യ ഐപിഎൽ കിരീടം സ്വന്തമാക്കിയ രാജസ്ഥാൻ വളരെയധികം തകർന്ന സമയത്ത് ആയിരുന്നു സഞ്ജു നായകനായി സ്ഥാനമേറ്റത്. ശേഷം ടീമിന് സ്ഥിരതയും കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഇതേ സംബന്ധിച്ചാണ് രാജസ്ഥാന്റെ പ്രധാന താരങ്ങളിൽ ഒരാളായ ഹെറ്റ്മെയ്ർ സംസാരിക്കുന്നത്. സഞ്ജു സാംസന്റെ നായകത്വം വളരെ മികച്ചതാണ് എന്ന് അഭിപ്രായമാണ് ഹെറ്റ്മെയ്ർക്ക് ഉള്ളത്.

ഇത്തരത്തിൽ മുൻപോട്ട് പോവുകയാണെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാനുള്ള അവസരം സഞ്ജുവിന് ഉടൻ കൈവരും എന്നാണ് ഹെറ്റ്മെയ്ർ കരുതുന്നത്. “ഒരു നായകൻ എന്ന നിലയിൽ മികച്ച രീതിയിലാണ് ഞാൻ സഞ്ജു സാംസനെ വിലയിരുത്തുന്നത്. ഇന്ത്യൻ ടീമിനെ ഉടനെ നയിക്കാനുള്ള അവസരം അവന് ലഭിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം അത്രമാത്രം മികച്ച രീതിയിലാണ് അവൻ ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. മൈതാനത്ത് ക്ഷമയും ശാന്തതയും പുലർത്താൻ അവന് സാധിക്കുന്നുണ്ട്. മാത്രമല്ല തന്റെ സഹതാരങ്ങൾക്കും ടീമിനും ആവശ്യമായതൊക്കെയും അവൻ മൈതാനത്ത് ചെയ്യുന്നു.”- ഹെറ്റ്മെയ്ർ പറഞ്ഞു.

കഴിഞ്ഞ 2 വർഷങ്ങളിൽ ശ്രീലങ്കയുടെ സൂപ്പർതാരമായ കുമാർ സംഗക്കാരക്കൊപ്പം പ്രവർത്തിക്കാനും ഹെറ്റ്മെയ്ർക്ക് സാധിച്ചിരുന്നു. ശേഷം ഇപ്പോൾ രാഹുൽ ദ്രാവിഡിനൊപ്പം വീണ്ടും പ്രവർത്തിക്കാനുള്ള അവസരവും ഹെറ്റ്മെയ്ർക്ക് ലഭിച്ചിട്ടുണ്ട്. ദ്രാവിഡിനൊപ്പം മുൻപോട്ട് പോകുന്നതിൽ താൻ വളരെ ആവേശത്തിലാണ് എന്നും ഹെറ്റ്മെയ്ർ പറഞ്ഞു. “രാഹുൽ ദ്രാവിഡിനൊപ്പം മുൻപോട്ട് പോകുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. അദ്ദേഹത്തെ പറ്റി നല്ല കാര്യങ്ങൾ മാത്രമാണ് ഞാൻ കേട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇതെനിക്ക് ഒരു വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് ഉറപ്പാണ്”- ഹെറ്റ്മെയ്ർ കൂട്ടിച്ചേർത്തു.

ഇത്തവണത്തെ മെഗാ ലേലത്തിന് മുന്നോടിയായി 11 കോടി രൂപയ്ക്ക് ആയിരുന്നു ഹെറ്റ്മെയ്റിനെ രാജസ്ഥാൻ നിലനിർത്തിയത്. ഇതിന് ശേഷം ഹെറ്റ്മെയ്റുടെ പ്രൈസ് ടാഗിനെ സംബന്ധിച്ച് വലിയ ചർച്ചകളും വന്നിരുന്നു. ഇതിൽ താൻ വലിയ ശ്രദ്ധ നൽകുന്നില്ല എന്നാണ് ഹെറ്റ്മെയ്ർ പറഞ്ഞത്. ടീമിനായി ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്ന ലക്ഷ്യം മാത്രമാണ് തനിക്ക് മുൻപിലുള്ളത് എന്ന് ഹെറ്റ്മെയ്ർ തുറന്നു പറയുകയുണ്ടായി. മാർച്ച് 23ന് ഹൈദരാബാദ് ടീമിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം നടക്കുന്നത്.

Previous article“സാക്ഷാൽ ഗെയ്ലിന്റെ മുട്ട് വിറപ്പിച്ച ഇന്ത്യൻ ബോളർ”. ചെന്നൈ താരത്തെ പറ്റി ശ്രീകാന്ത്.