ഇന്ത്യയുടെ സെലക്ടർമാരെ സംബന്ധിച്ച് വലിയൊരു കുരുക്കാണ് 2024 ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഉണ്ടായിരിക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിലേക്ക് 2 വിക്കറ്റ് കീപ്പർമാരെയാണ് ഇന്ത്യയ്ക്ക് തിരഞ്ഞെടുക്കേണ്ടത്. എന്നാൽ ഐപിഎല്ലിൽ വളരെ മികച്ച പ്രകടനങ്ങളുമായി ഒരുപാട് വിക്കറ്റ് കീപ്പർമാർ ഇതിനോടകം തന്നെ രംഗത്ത് വന്നു കഴിഞ്ഞു.
ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, കെ എൽ രാഹുൽ, ജിതേഷ് ശർമ, ധ്രുവ് ജൂറൽ എന്നീ വിക്കറ്റ് കീപ്പർമാരിലാണ് ഇന്ത്യ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിൽ പന്ത്, സഞ്ജു, ഇഷാൻ എന്നിവരാണ് ഇപ്പോൾ മുന്നിലുള്ളത്. മാത്രമല്ല ദിനേശ് കാർത്തിക് കഴിഞ്ഞ ദിവസങ്ങളിൽ വമ്പൻ പ്രകടനങ്ങളുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവരിൽ ആരെയാണ് ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടത് എന്നതിനെപ്പറ്റിയാണ് മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് പറയുന്നത്.
നിലവിൽ ട്വന്റി20 ലോകകപ്പിലേക്ക് ഇന്ത്യയ്ക്ക് മുൻപിൽ വിക്കറ്റ് കീപ്പർ ബാറ്ററായി ഒരുപാട് താരങ്ങളുണ്ട് എന്ന് പോണ്ടിംഗ് സമ്മതിക്കുന്നു. ഇതിൽ ആരെ തിരഞ്ഞെടുക്കണം എന്നതിനെപ്പറ്റിയാണ് പോണ്ടിംഗ് സംസാരിച്ചത്. “ഋഷഭ് പന്ത് ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കണമോ?
തീർച്ചയായും അവൻ ലോകകപ്പ് ഉണ്ടാവണം. കാരണം ഐപിഎല്ലിന് ശേഷം ട്വന്റി20 ലോകകപ്പ് കളിക്കാൻ അർഹനായ താരമാണ് പന്ത്. ഐപിഎല്ലിലെ കഴിഞ്ഞ 6 സീസണുകളിൽ അവൻ ഏതുതരത്തിലാണോ കളിച്ചത്, അതേ രീതിയിൽ തന്നെയാണ് ഇപ്പോഴും കളിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. അതിനാൽ ഇന്ത്യൻ ടീമിലേക്ക് അവൻ തിരികെ എത്തണം.”- പോണ്ടിംഗ് പറഞ്ഞു.
“നിലവിൽ ഇന്ത്യൻ ക്രിക്കറ്റിന് ഒരുപാട് വലിയ ഡെപ്തുണ്ട് എന്ന കാര്യത്തിൽ എനിക്ക് കൃത്യമായ ബോധ്യമുണ്ട്. ഒരുപാട് വിക്കറ്റ് കീപ്പർമാർ ഇന്ത്യയ്ക്കുണ്ട്. അതിൽ പലരും മികച്ച ഫോമിൽ തന്നെയാണ് ഇപ്പോൾ കളിക്കുന്നത്. കിഷൻ നന്നായി കളിക്കുന്നുണ്ട്. സഞ്ജു നന്നായി കളിക്കുന്നു. കെഎൽ രാഹുലും മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഇങ്ങനെ ഒരുപാട് ഓപ്ഷനുകൾ ഇന്ത്യൻ സെലക്ടർമാർക്ക് മുൻപിലുണ്ട്. എന്നാൽ ഞാനാണ് ടീം തിരഞ്ഞെടുക്കുന്നത് എങ്കിൽ ഉറപ്പായും റിഷഭ് പന്തിനെ ആദ്യമേ തന്നെ ടീമിൽ ഉൾപ്പെടുത്താൻ ശ്രമിക്കും.”- പോണ്ടിങ് കൂട്ടിച്ചേർക്കുന്നു.
നിലവിൽ വിക്കറ്റ് കീപ്പർമാരിൽ സഞ്ജു സാംസനാണ് ഏറ്റവും അധികം റൺസുമായി ഐപിഎല്ലിൽ തിളങ്ങിനിൽക്കുന്നത്. ഇതുവരെ 2024 ഐപിഎല്ലിൽ 7 മത്സരങ്ങൾ കളിച്ച സഞ്ജു 276 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 3 അർത്ഥ സെഞ്ച്വറികളാണ് സഞ്ജു ഈ ഐപിഎല്ലിൽ നേടിയിട്ടുള്ളത്.
6 ഇന്നിങ്സുകളിൽ നിന്ന് 226 റൺസ് സ്വന്തമാക്കിയിട്ടുള്ള ദിനേശ് കാർത്തിക്കാണ് വിക്കറ്റ് കീപ്പർമാരുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. ശേഷമാണ് 6 മത്സരങ്ങളിൽ നിന്ന് 194 റൺസ് നേടിയ പന്ത് മൂന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളത്.