ഏകദിന ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡിനൊപ്പം എത്താൻ സാധിച്ചത് വിരാട് കോഹ്ലിയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇതിഹാസ താരമായ സച്ചിൻ തന്റെ ഏകദിന കരിയറിൽ നേടിയ 49 സെഞ്ചുറികൾക്കൊപ്പം എത്തിയ വിരാടിനെ പ്രശംസിച്ച് മുൻ താരങ്ങളൊക്കെയും രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇപ്പോൾ കോഹ്ലിക്ക് പ്രശംസകളുമായി എത്തിയിരിക്കുന്നത് മുൻ ദക്ഷിണാഫ്രിക്കൻ താരവും കോഹ്ലിയുടെ ഏറ്റവും വലിയ സുഹൃത്തുമായ ഡിവില്ലിയേഴ്സാണ്. കോഹ്ലി 49 സെഞ്ച്വറികൾ സ്വന്തമാക്കിയത് തനിക്ക് അങ്ങേയറ്റം സന്തോഷം നൽകുന്നുണ്ടെന്നും, എന്നാൽ നമ്പരുകളുടെ അടിസ്ഥാനത്തിൽ കോഹ്ലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നതിൽ താൻ യോജിക്കുന്നില്ല എന്നുമാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്.
കേവലം 277 ഇന്നിംഗ്സുകളിൽ നിന്നായിരുന്നു കോഹ്ലി തന്റെ 49 സെഞ്ച്വറികൾ പൂർത്തീകരിച്ചത്. എന്നാൽ സച്ചിൻ ടെണ്ടുൽക്കർക്ക് 49 സെഞ്ച്വറികൾ പൂർത്തീകരിക്കാൻ 175 ഇന്നിങ്സുകൾ അധികമായി വേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് വലിയ രീതിയിലുള്ള താരതമ്യങ്ങൾ നടന്നത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ഡിവില്ലിയേഴ്സ്.
“കോഹ്ലിക്ക് 49 സെഞ്ച്വറികൾ നേടാൻ ആവശ്യമായി വന്നത് 277 ഇന്നിംഗ്സുകൾ മാത്രമാണ്. അത് വളരെ വേഗതയേറിയ ഒന്നു കൂടിയാണ്. എന്നിരുന്നാലും ഇതൊരു പുതിയ ജനറേഷനാണ്. ഇവിടെ വേഗതയിൽ എല്ലാം നടക്കും.”- ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
വിരാട് കോഹ്ലിക്ക് താനുമായുള്ള ബന്ധത്തെപ്പറ്റിയും ഡിവില്ലിയേഴ്സ് സംസാരിക്കുകയുണ്ടായി. “ഞങ്ങൾ രണ്ടുപേരും വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ്. ഞങ്ങൾ സഹോദരങ്ങളെ പോലെയാണ്. കോഹ്ലി റെക്കോർഡുകൾ നേടുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇതൊരു ന്യൂജനറേഷനാണ്. നമ്പരുകളെ തമ്മിൽ നമുക്ക് താരതമ്യം ചെയ്യാൻ സാധിക്കില്ല. സച്ചിൻ 451 ഇന്നിംഗ്സുകളിൽ നിന്ന് ഈ റെക്കോർഡ് സ്വന്തമാക്കിയപ്പോൾ വിരാട് 277 ഇന്നിങ്സുകളിൽ നിന്നാണ് സ്വന്തമാക്കിയത്.
കോഹ്ലി വളരെ വേഗതയിൽ അത് സ്വന്തമാക്കി എന്നത് സത്യമാണ്. പക്ഷേ സച്ചിന്റെ കാലത്തേക്കാൾ മത്സരം ഒരുപാട് മാറിയിരിക്കുന്നു. നല്ലൊരു വിക്കറ്റിൽ ഒരു ബാറ്റർക്ക് ഇന്ന് ഏകദിന ക്രിക്കറ്റിൽ 250 റൺസ് നേടാൻ സാധിക്കുന്നുണ്ട്. പലപ്പോഴും ടീമുകൾ 400 റൺസിന് മുകളിലാണ് നേടാറുള്ളതും. അത്തരം ഒരുപാട് ജനറേഷൻ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർക്കുന്നു.
“വിരാട് കോഹ്ലി തന്നെ ഇക്കാര്യം ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. തന്നെക്കാൾ വളരെ ഉയർന്ന നിലയിലാണ് സച്ചിൻ എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ താരങ്ങൾക്ക് ബഹുമാനം നൽകുന്നതിൽ വിരാട് വളരെ നല്ലൊരു മനസ്സുള്ളയാളാണ്. ഏതു സമയത്ത് റെക്കോർഡുകൾ സ്വന്തമാക്കിയാലും നമ്പരുകളുടെ പേരിൽ താനാണ് മറ്റുള്ളവരെക്കാൾ മികച്ചത് എന്ന് വിചാരിക്കരുതെന്ന് വിരാട് പറയാറുണ്ട്. ഒരു പക്ഷേ വിരാട്ടിന്റെ വാദം ശരിയായിരിക്കാം. അല്ലെങ്കിൽ തെറ്റായിരിക്കാം. അതിൽ കാര്യമില്ല. എന്നിരുന്നാലും സച്ചിന്റെ റെക്കോർഡിനൊപ്പം എത്താൻ സാധിച്ചത് കോഹ്ലിയെ സംബന്ധിച്ച് വലിയ കാര്യമാണ്.”- ഡിവില്ലിയേഴ്സ് പറഞ്ഞുവെക്കുന്നു.