“ഷാമി, നീ വരണം. ഇന്ത്യയ്ക്ക് ഇപ്പോൾ നിന്നെ ആവശ്യമാണ് “. ആവശ്യവുമായി മുൻ പാക് താരം.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മുഹമ്മദ് ഷാമിയെ കളിപ്പിക്കാൻ തയ്യാറാവുന്നുണ്ടെങ്കിൽ, അത് മൂന്നാം ടെസ്റ്റിൽ തന്നെ ചെയ്യണമെന്ന് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ ബാസിത് അലി. ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ മുഹമ്മദ് ഷാമിയെ കളിപ്പിച്ചതുകൊണ്ട് യാതൊരു ഗുണവും ഇന്ത്യയ്ക്ക് ലഭിക്കാൻ പോകുന്നില്ല എന്നാണ് ബാസിത് അലി പറയുന്നത്.

ഷാമിയെ കളിപ്പിക്കാൻ ഏറ്റവും ഉത്തമം മൂന്നാം ടെസ്റ്റ് മത്സരമാണ് എന്ന് ബാസിത് അലി ആവർത്തിച്ചു പറയുകയുണ്ടായി. നിലവിൽ പരിക്കിൽ നിന്ന് തിരികെയെത്തിയ ഷാമി ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. അതിനാൽ തന്നെ ഷാമി ഓസ്ട്രേലിയയിലേക്ക് വണ്ടി കയറും എന്ന വിവരം മുൻപ് പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് ബാസിത് അലി പ്രതികരണവുമായി രംഗത്തെത്തിയത്.

“മുഹമ്മദ് ഷാമി ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ നാലാമത്തെ ടെസ്റ്റ് മത്സരത്തിൽ കളിക്കും എന്ന വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. പക്ഷേ നാലാം ടെസ്റ്റ് മത്സരത്തിൽ മുഹമ്മദ് ഷാമി കളിച്ചതു കൊണ്ട് യാതൊരു ഗുണവും ഇന്ത്യയ്ക്ക് ഉണ്ടാവാൻ പോകുന്നില്ല. അങ്ങനെയൊരു ഉദ്ദേശമുണ്ടെങ്കിൽ ഇന്ത്യ ചെയ്യേണ്ടത് ബ്രിസ്ബെയ്നിൽ നടക്കുന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിൽ ഷാമിയെ കളിപ്പിക്കുക എന്നതാണ്. മെൽബണിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിലേക്ക് ഷാമിയെ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവനെ അതിനായി ക്ഷണിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം.”- ബാസിത് അലി പറഞ്ഞു.

“എന്തായാലും ഇന്ത്യയ്ക്ക് ഇപ്പോൾ മുഹമ്മദ് ഷാമിയെ ആവശ്യമാണ്. ഇന്ത്യൻ പേസ് നിരയ്ക്ക് മുഹമ്മദ് ഷാമിയുടെ പിന്തുണ അനിവാര്യമാണ്.”- മുൻ പാക് താരം കൂട്ടിച്ചേർക്കുന്നു. ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ മുഹമ്മദ് ഷാമിയുടെ തിരിച്ചുവരവിനെപ്പറ്റി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിന് രോഹിത് നൽകിയ മറുപടി വളരെ വ്യത്യസ്തമായിരുന്നു. “അതിനുള്ള സാധ്യതകൾ നിലവിലുണ്ട്. പക്ഷേ ഞങ്ങൾ ഇപ്പോഴും ഷാമിയെ നിരീക്ഷിക്കുകയാണ്. ഇപ്പോൾ സൈദ് മുഷ്താഖ് അലി ട്വന്റി20 ടൂർണ്ണമെന്റിൽ ഷാമി കളിക്കുന്നുണ്ട്. ഷാമിയുടെ കാൽമുട്ടിന് ഇപ്പോഴും പരിക്കുണ്ട്. അതുകൊണ്ടുതന്നെ ടെസ്റ്റ് മത്സരം കളിക്കാൻ അവൻ പ്രാപ്തനായോ എന്ന് പരിശോധിക്കേണ്ടതുണ്ട്.”- രോഹിത് ശർമ പറയുകയുണ്ടായി.

പരിക്കിൽ നിന്ന് തിരികെയെത്തിയ ഷാമി ബംഗാളിന്റെ മധ്യപ്രദേശിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ 42 ഓവറുകൾ പന്തെറിഞ്ഞിരുന്നു. ശേഷം കഴിഞ്ഞ 2 ആഴ്ചകളിലായി മുഷ്തഖ് അലി ട്രോഫി ടൂർണമെന്റിൽ 7 മത്സരങ്ങളിൽ ഷാമി കളിക്കുകയുണ്ടായി. ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബംഗാളിനായി 17 പന്തുകളിൽ 32 റൺസ് മുഹമ്മദ് ഷാമി സ്വന്തമാക്കുകയുണ്ടായി. ഇതൊക്കെയും ഷാമി ഫോമിലേക്ക് തിരികെ വരുന്നതിന്റെ സൂചനകളാണ് നൽകുന്നത്. എന്നിരുന്നാലും ഷാമി എത്രയും വേഗം ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിൽ കളിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ.

Previous articleസിറാജിന് പിഴ നൽകി ഐസിസി. മോശം ആംഗ്യങ്ങൾ ഉപയോഗിച്ചതിന് കനത്ത ശിക്ഷ