” വിഘ്നേഷ് പുത്തൂരിനെ മുംബൈ പിൻവലിച്ചത് ഗുണം ചെയ്തു. 20- 25 റൺസ് അധികമായി ലഭിച്ചു”- വിരാട് കോഹ്ലി.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ ബാംഗ്ലൂരിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് വിരാട് കോഹ്ലിയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു. മത്സരത്തിൽ ഒരു അർത്ഥസെഞ്ച്വറി സ്വന്തമാക്കി ടീമിനെ കൈപിടിച്ചു കയറ്റാൻ കോഹ്ലിയ്ക്ക് സാധിച്ചു.മത്സരത്തിനുശേഷം, മുംബൈ നായകൻ ഹർദിക് പാണ്ഡ്യ മൈതാനത്ത് വരുത്തിയ വലിയൊരു പിഴവ് ചൂണ്ടിക്കാട്ടിയാണ് കോഹ്ലി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

മലയാളി താരം വിഘ്നേഷ് പുത്തൂരിനെ ഒരേയൊരു ഓവർ മാത്രം നൽകിയശേഷം പുറത്തിരുത്താനുള്ള മുംബൈ നായകന്റെ തീരുമാനമാണ് തങ്ങൾക്ക് ഗുണം ചെയ്തത് എന്ന് വിരാട് കോഹ്ലി പറയുകയുണ്ടായി. വിഘ്നേഷ് മൈതാനത്ത് തുടരുകയാണെങ്കിൽ കാര്യങ്ങൾ തങ്ങൾക്ക് കൂടുതൽ പ്രതികൂലമായി മാറിയേനെ എന്നാണ് കോഹ്ലിയുടെ അഭിപ്രായം.

വിഘ്നേഷിനെ ഒഴിവാക്കിയ തീരുമാനം ബാംഗ്ലൂർ ടീമിന് വലിയ രീതിയിൽ അനുകൂലമായി മാറിയെന്ന് കോഹ്ലി പറയുന്നു. മത്സരത്തിൽ ഒരോവർ മാത്രമാണ് മുംബൈക്കായി വിഗ്നേഷ് പന്തറിഞ്ഞത്. 10 റൺസ് മാത്രം നൽകി ദേവദത്ത് പടിക്കലിന്റെ നിർണായകമായ വിക്കറ്റ് സ്വന്തമാക്കാനും വിഘ്നേഷിന് സാധിച്ചിരുന്നു. പക്ഷേ ഹർദിക് പാണ്ഡ്യ മറ്റൊരു ഓവർ വിഘ്നേഷിന് നൽകിയില്ല. മാത്രമല്ല ഇന്നിംഗ്സിലെ പതിനാറാം ഓവറിൽ വിഘ്നേഷിനെ പിൻവലിച്ച് രോഹിത് ശർമയെ ഇമ്പാക്ട് താരമായി മൈതാനത്ത് എത്തിക്കുകയും ചെയ്തു. ഈ തീരുമാനം ബാംഗ്ലൂരിനെ സംബന്ധിച്ച് വലിയ ആശ്വാസമായിരുന്നു എന്നാണ് കോഹ്ലി വിലയിരുത്തുന്നത്.

“ഞങ്ങളുടെ ബാറ്റിംഗിനിടെ മുംബൈ ഒരു സ്പിന്നറെ പിൻവലിച്ചിരുന്നു. അത് വലിയൊരു നിർണായക ഘടകമായി. കാരണം അവനൊരു ചൈനമാൻ ബോളർ ആയിരുന്നു. അങ്ങനെയുള്ള ബോളർമാർക്കെതിരെ ഇത്തരം മൈതാനങ്ങളിൽ ബാറ്റ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അവനെ പിൻവലിച്ചതോടെ ഞങ്ങൾക്ക് മത്സരത്തിൽ 20- 25 റൺസ് അധികമായി ലഭിച്ചു. ഒരുപാട് വിക്കറ്റ് നഷ്ടമാകാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ആ സമയത്ത് ആ സ്പിന്നർ പുറത്തു പോയതോടെ കാര്യങ്ങൾ എളുപ്പമായി. ചെറിയ ബൗണ്ടറികളുള്ള വാങ്കഡേയിൽ പേസ് ബോളർമാരെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് എളുപ്പമായിരുന്നു.”- കോഹ്ലി പറഞ്ഞു.

“മത്സരത്തിൽ ഞങ്ങൾക്ക് രണ്ടാമത്തെ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. ശേഷം ശക്തമായ രീതിയിൽ തിരിച്ചു വരാൻ ഞങ്ങൾക്ക് സാധിച്ചു. ദേവദത് പടിക്കൽ ഇന്നലത്തെ മത്സരത്തിൽ ഞങ്ങൾക്ക് നിർണായകമായി മാറി. ഈ കളിയിൽ വിജയം സ്വന്തമാക്കാൻ പ്രധാന കാരണമായി മാറിയതും ആ ഇന്നിംഗ്സ് ആണ്. എനിക്കും മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ സാധിച്ചു. വ്യത്യസ്തമായ കുറച്ച് ഷോട്ടുകൾ ഞാൻ പരീക്ഷിച്ചിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മത്സരത്തിൽ പട്ടിദാരിന്റെയും ജിതേഷ് ശർമയുടെയും ഇന്നിംഗ്സുകളും നിർണായകമായിരുന്നു. 20-25 റൺസ് കൂടുതലായി സ്കോർബോർഡിൽ ചേർക്കാൻ അവരുടെ ഇന്നിംഗ്സ് സഹായകരമായി.”- കോഹ്ലി കൂട്ടിച്ചേർത്തു.