ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ വമ്പൻ വിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്ത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ത്യ പിച്ചിൽ വരുത്തിയ മാറ്റങ്ങളെ വിമർശിച്ചാണ് കൈഫ് രംഗത്ത് എത്തിയിരിക്കുന്നത്.
ഓസ്ട്രേലിയക്കെതിരായി നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യ ദയനീയമായ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ഇതേ സംബന്ധിച്ചാണ് കൈഫ് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പിച്ച് കൂടുതൽ സ്ലോ ആക്കുന്നതിനായി ഇന്ത്യയുടെ നായകനും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും പിച്ചിൽ സ്വാധീനം ചെലുത്തി എന്ന് കൈഫ് പറയുന്നു. ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു എന്നാണ് കൈഫിന്റെ അഭിപ്രായം.
ഓസ്ട്രേലിയയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വളരെ മികച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചിട്ടും മധ്യ ഓവറുകളിൽ ഇന്ത്യൻ ബാറ്റർമാർ കളി മറന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് സ്ലോ ആയ പിച്ചിൽ കേവലം 240 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയയുടെ ഓപ്പണർ ഹെഡ് 137 റൺസ് നേടി തിളങ്ങുകയുണ്ടായി. ഒപ്പം 58 റൺസ് നേടി ലാബുഷെയ്ൻ പുറത്താവാതെ നിന്നതോടെ ഓസ്ട്രേലിയ 43 ഓവറുകളിൽ തന്നെ ലക്ഷ്യം മറികടക്കുകയായിരുന്നു. 6 വിക്കറ്റുകളുടെ വിജയമാണ് ഓസ്ട്രേലിയ ഫൈനൽ മത്സരത്തിൽ ഇന്ത്യക്കെതിരെ നേടിയത്. ഈ മത്സരത്തെപ്പറ്റിയാണ് കൈഫ് സംസാരിച്ചത്.
“രോഹിത് ശർമയും ദ്രാവിഡും ആ ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ പിച്ച് നിരീക്ഷിക്കാനായി എത്താറുണ്ടായിരുന്നു. തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ ഇത്തരത്തിൽ അവരെത്തി. ആ സമയത്ത് പിച്ചിന്റെ നിറത്തിൽ വരുന്ന മാറ്റങ്ങൾ ഞാൻ കണ്ടിരുന്നു. ഓസ്ട്രേലിയക്ക് കമ്മിൻസ്, സ്റ്റാർക് എന്നീ രണ്ട് ഫാസ്റ്റ് ബോളർമാർ ഉണ്ടായിരുന്നു. അതിനാൽ തന്നെ അവർക്ക് സ്ലോ പിച്ചുകൾ നൽകുകയും അവരുടെ പിഴവുകൾ മുതലെടുക്കുകയും ചെയ്യാനാണ് ഇന്ത്യ ശ്രമിച്ചത്. ആളുകൾ പറയുന്നത് ക്യുറേറ്റർമാരാണ് പിച്ചുകൾ നിർമ്മിക്കുന്നതെന്നും, അതിനാൽ ആരെയും കുറ്റം പറയാൻ സാധിക്കില്ല എന്നുമാണ്.”- കൈഫ് പറയുന്നു.
ഇന്ത്യയെ സംബന്ധിച്ച് വളരെ നിരാശാജനകമായ ഒരു ടൂർണമെന്റ് തന്നെയായിരുന്നു 2023ലെ ഏകദിന ലോകകപ്പ്. ആദ്യ മത്സരങ്ങളിൽ വമ്പൻ വിജയം നേടിയായിരുന്നു ഇന്ത്യ ഫൈനലിൽ എത്തിയത്. തുടർച്ചയായി 10 മത്സരങ്ങളിൽ വിജയം നേടിയ ഇന്ത്യ തന്നെയായിരുന്നു കപ്പടിക്കാൻ ഏറ്റവും സാധ്യതയുള്ള ടീം.
എന്നാൽ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയ പൂർണമായും ഇന്ത്യയെ പരാജയപ്പെടുത്തി തങ്ങളുടെ ആറാം ലോകകപ്പ് സ്വന്തമാക്കുകയാണ് ഉണ്ടായത്. പല വമ്പൻ ഇന്ത്യൻ താരങ്ങളുടെയും മികച്ച പ്രകടനം ലോകകപ്പിൽ കാണുകയുണ്ടായി.