സമീപകാലത്ത് ട്വന്റി20 ക്രിക്കറ്റിൽ വലിയ രീതിയിൽ മികവ് പുലർത്താൻ അവസരം ലഭിക്കാതെ വന്ന താരമാണ് ഋഷഭ് പന്ത്. ട്വന്റി20 ടീമിലേക്ക് ഇന്ത്യ കൂടുതലായി യുവതാരങ്ങളെ അണിനിരത്താൻ ശ്രമിച്ചതോടു കൂടി പന്തിന്റെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. നിലവിൽ ഇന്ത്യയുടെ ട്വന്റി20കളിലെ വിക്കറ്റ് കീപ്പർ മലയാളി താരം സഞ്ജു സാംസണാണ്.
എന്നാൽ 2025 ഇന്ത്യൻ പ്രീമിയർ ലീഗ്, ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് റിഷഭ് പന്തിന് തിരിച്ചു വരാനുള്ള വലിയ അവസരമാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോൾ. ഇത്തവണത്തെ ഐപിഎല്ലിൽ ലക്നൗ ടീമിന്റെ താരമാണ് പന്ത്.
വരാനിരിക്കുന്ന ഐപിഎൽ സീസണിലെ പ്രകടനമാണ് പന്തിന്റെ ട്വന്റി20 അന്താരാഷ്ട്ര ഭാവി നിശ്ചയിക്കാൻ പോകുന്നത് എന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വ്യക്തമാക്കിയത്. “റിഷാഭ് പന്തിനെ സംബന്ധിച്ച് ഇതൊരു വലിയ അവസരം തന്നെയാണ്. കാരണം ഇപ്പോൾ അവൻ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ഒരു ഭാഗമല്ല. മാത്രമല്ല ഇപ്പോൾ അവൻ നമ്മുടെ ട്വന്റി20 ടീമിന്റെ അടുത്തു പോലുമില്ല. ട്വന്റി20കളിൽ ഇത്ര ശക്തമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും പന്ത് എന്തുകൊണ്ടാണ് ടീമിൽ ഇല്ലാത്തത് എന്ന് പലരും അത്ഭുതപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ ഐപിഎൽ സീസൺ പന്തിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. മുൻപിലേക്ക് വന്ന് റൺസ് സ്വന്തമാക്കിയാൽ മാത്രമേ പന്തിന് ഇന്ത്യയുടെ ദേശീയ ടീമിൽ ഇടംപിടിക്കാൻ സാധിക്കൂ.”- ചോപ്ര പറഞ്ഞു.
“എന്നിരുന്നാലും ട്വന്റി20 ക്രിക്കറ്റിൽ എവിടെയാണ് പന്ത് ബാറ്റ് ചെയ്യേണ്ടത് എന്ന് ചോദ്യം അവശേഷിക്കുന്നു. ഇതേ സംബന്ധിച്ച് ഒരുപാട് ചർച്ചകളും നടന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ പന്ത് ശ്രമിക്കേണ്ടത് സഞ്ജുവുമായി മത്സരം നടത്താനല്ല. സ്വയം ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത് മുൻപിലേക്ക് പോകാൻ പന്തിന് സാധിക്കണം. അതുകൊണ്ടു തന്നെ ഒരു ഓപ്പണറായോ, മൂന്നാം നമ്പറിനോ നാലാം നമ്പറിനോ മുകളിലോ ബാറ്റ് ചെയ്യേണ്ട കാര്യം റിഷഭ് പന്തിനില്ല. ഈ ഐപിഎല്ലിൽ മികച്ച തുടക്കം ലഭിക്കുകയാണെങ്കിൽ മാത്രം പന്ത് മൂന്നാം നമ്പരിൽ മൈതാനത്ത് എത്തണം.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
നിലവിലെ ഇന്ത്യയുടെ ട്വന്റി20 ടീമിൽ വലിയ മാറ്റങ്ങൾ, വരാനിരിക്കുന്ന ദിവസങ്ങളിൽ ഉണ്ടാവുമെന്നാണ് ചോപ്ര കരുതുന്നത്. “ഇന്ത്യയുടെ ട്വന്റി20 ടീമിനെ സംബന്ധിച്ച് ഈ ഐപിഎല്ലിൽ വലിയൊരു സ്ഥാനം തന്നെ വഹിക്കും എന്നാണ് ഞാൻ കരുതുന്നത്. ടീമിൽ ആരൊക്കെ തങ്ങളുടെ സ്ഥാനം കൃത്യമായി കണ്ടെത്തുമെന്ന് ഈ ഐപിഎല്ലിലൂടെ വ്യക്തമാവും. നിലവിൽ പന്ത് പുതിയൊരു ഫ്രാഞ്ചൈസിയുടെ പുതിയ നായകൻ തന്നെയാണ്. അതുകൊണ്ടു തന്നെ തിരിച്ചുവരവിന് വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കും.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു..