റിങ്കു ഇന്ത്യയുടെ അടുത്ത യുവരാജ് സിംഗ്. വമ്പൻ പ്രവചനവുമായി മുഹമ്മദ്‌ ആമിർ.

ഇന്ത്യയുടെ ട്വന്റി20 ടീമിൽ സമീപകാലത്ത് വമ്പൻ പ്രകടനങ്ങളുമായി ശ്രദ്ധ നേടിയ താരമാണ് റിങ്കു സിംഗ്. മധ്യനിരയിൽ ഇന്ത്യയ്ക്കായി കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വെടിക്കെട്ട് തീർക്കാൻ റിങ്കുവിന് സാധിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മൂന്നാം ട്വന്റി20 മത്സരത്തിൽ 39 പന്തുകളിൽ 69 റൺസായിരുന്നു റിങ്കു സിംഗ് നേടിയത്.

നായകൻ രോഹിത് ശർമയ്ക്കൊപ്പം കിടിലൻ കൂട്ടുകെട്ട് മത്സരത്തിൽ കെട്ടിപ്പടുക്കാൻ റിങ്കുവിന് സാധിച്ചിരുന്നു. മാത്രമല്ല ട്വന്റി20 ക്രിക്കറ്റിൽ ഇതുവരെ ഇന്ത്യക്കായി 15 മത്സരങ്ങളിൽ നിന്ന് റിങ്കുവിന് 89 റൺസ് ശരാശരിയുമുണ്ട്. ഒരു ഫിനിഷർ എന്ന നിലയിൽ ഇന്ത്യക്കായി മികവ് പുലർത്താൻ റിങ്കുവിന് ഇതുവരെ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ റിങ്കുവിന് പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിർ.

റിങ്കൂ സിങ്ങിനെമുൻ ഇന്ത്യൻ ഇതിഹാസം യുവരാജ് സിങ്ങുമായി താരതമ്യം ചെയ്താണ് മുഹമ്മദ് ആമിർ സംസാരിച്ചത്. റിങ്കൂ സിംഗ് ഇന്ത്യയെ സംബന്ധിച്ച് അടുത്ത യുവരാജ് സിംഗാണ് എന്ന് അമീർ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിൽ കുറിക്കുകയുണ്ടായി. ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലെ റിങ്കുവിന്റെ പ്രകടനത്തിന് ശേഷമാണ് ആമിർ ഈ പ്രസ്താവന നടത്തിയത്.

മത്സരത്തിൽ 22ന് 4 എന്ന നിലയിൽ ഇന്ത്യ കൂപ്പുകുത്തി വീഴുകയുണ്ടായി. ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കൊപ്പം 190 റൺസിന്റെ കൂട്ടുകെട്ടാണ് റിങ്കു കെട്ടിപ്പടുത്തത്. മത്സരത്തിൽ രോഹിത് തകർപ്പൻ സെഞ്ചുറി നേടിയപ്പോൾ മികച്ച പിന്തുണ നൽകാൻ റിങ്കുവിന് സാധിച്ചിരുന്നു.

2022ലെ ഇന്ത്യൻ പ്രീമിയർ ലീഗ് മുതലാണ് റിങ്കു സിംഗ് ശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത്. കൊൽക്കത്തയ്ക്കായി പലപ്പോഴും വമ്പൻ ഇന്നിങ്സുകൾ കളിച്ച ചരിത്രമാണ് റിങ്കുവിനുള്ളത്. 2022ൽ 7 മത്സരങ്ങളിൽ നിന്ന് 174 റൺസാണ് റിങ്കു കൊൽക്കത്തയ്ക്കായി നേടിയത്. ശേഷം ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ യാഷ് ദയാലിനെതിരെ തുടർച്ചയായി അഞ്ചു സിക്സറുകൾ നേടി മത്സരം ഫിനിഷ് ചെയ്തതോടെയാണ് റിങ്കു കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മൂന്നാം ട്വന്റി20യ്ക്ക് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമയും റിങ്കു സിംഗിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. റിങ്കുവിന്റെ പക്വതയും ശാന്തതയും തന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് ഇന്ത്യൻ നായകൻ പറഞ്ഞത്.

“കഴിഞ്ഞ കുറച്ച് പരമ്പരകളിൽ വളരെ മികച്ച പ്രകടനമാണ് റിങ്കു പുറത്തെടുത്തത്. എന്താണ് അവന് ബാറ്റിംഗിൽ ചെയ്യാൻ സാധിക്കുന്നത് എന്ന് അവൻ പുറത്തുകാട്ടുകയുണ്ടായി. വളരെ ശാന്തതയോടെ അവന്റെ ശക്തി മനസ്സിലാക്കി കളിക്കാൻ അവന് സാധിക്കുന്നുണ്ട്. യുവതാരം എന്ന നിലയ്ക്ക് അവനിൽ നീന്ന് എന്താണ് പ്രതീക്ഷിച്ചത് അത് ടീമിനായി ചെയ്യാൻ അവന് സാധിക്കുന്നു.

അത് ടീമിന്റെ മുന്നോട്ടു പോക്കിന് വലിയ സഹായകരമാണ്. ഇത്തരത്തിൽ വെടിക്കെട്ട് തീർക്കുന്ന താരങ്ങളെയാണ് നമുക്ക് അവസാന ഓവറുകളിൽ ആവശ്യം. ഐപിഎല്ലിൽ എത്ര മികച്ച രീതിയിലാണ് റിങ്കു കളിച്ചത് എന്ന് നമുക്കറിയാം. ഇന്ത്യൻ ജേഴ്സിയിലും റിങ്കു അതു തന്നെയാണ് ആവർത്തിക്കുന്നത്.”- രോഹിത് പറഞ്ഞു.