2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ മികച്ച പ്രകടനങ്ങളുമായി ശ്രദ്ധ പിടിച്ചു പറ്റാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്. നായകൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും രാജസ്ഥാൻ റോയൽസിനെ മുൻപിൽ എത്തിക്കാൻ സഞ്ജുവിന് ഇതിനോടകം സാധിച്ചു കഴിഞ്ഞു. ഇതിന് ശേഷം സഞ്ജു സാംസനെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത് എത്തിയിരുന്നു മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു സാംസന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെയാണ് ഹർഭജൻ സിംഗ് തന്റെ പ്രസ്താവന രേഖപ്പെടുത്തിയത്.
മത്സരത്തിൽ 28 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 38 റൺസ് നേടി പുറത്താവാതെ നിന്നു. ബാറ്റിങ്ങിലും നായകത്വത്തിലും മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചിരുന്നു. ശേഷം ഹർഭജൻ സിങ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത് ഇങ്ങനെയാണ്. “വരുന്ന ട്വന്റി20 ലോകകപ്പിൽ ആര് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവണം എന്ന കാര്യത്തിൽ ഇനിയും ഒരു സംശയവും ആവശ്യമില്ല അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും തയ്യാറല്ല. ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഉറപ്പായും സഞ്ജു സാംസൺ ഉണ്ടായിരിക്കണം. മാത്രമല്ല അടുത്ത ട്വന്റി20 നായകൻ എന്ന നിലയിലേക്ക് ഇന്ത്യ സഞ്ജുവിനെ വളർത്തുകയും വേണം. രോഹിതിന് ശേഷം സഞ്ജു ഇന്ത്യയെ നയിക്കണം”- ഹർഭജൻ കുറിച്ചിട്ടു.
ഇപ്പോൾ ഹർഭജന്റെ ഈ പ്രസ്താവന ഏറ്റെടുത്തിരിക്കുകയാണ് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യ ഇനിയും സഞ്ജുവിനെ തഴയാൻ പാടില്ല എന്നാണ് തരൂർ പറയുന്നത്. ഹർഭജന്റെ പോസ്റ്റിനെ അനുകൂലിച്ചാണ് തരൂർ സംസാരിച്ചത്. “സഞ്ജു സാംസന്റെയും ജയസ്വാളിന്റെയും കാര്യത്തിൽ ഹർഭജൻ സിംഗിന്റെ പ്രസ്താവനയോട് ഞാൻ പൂർണ്ണമായും യോജിക്കുകയാണ്. സഞ്ജു സാംസണിന് അർഹിച്ച അംഗീകാരം ലഭിക്കുന്നില്ല എന്നത് സത്യമാണ്. ഇക്കാര്യം ഞാൻ വർഷങ്ങൾ കൊണ്ട് പറയുന്നുണ്ട്. 2024 ഐപിഎൽ സീസണിലും ഇതിനോടകം തന്നെ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തു കഴിഞ്ഞു. നിലവിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ അവൻ തന്നെയാണ്. പക്ഷേ ഇതുവരെയും സഞ്ജു സാംസനെ പറ്റി മതിയായ ചർച്ചകൾ ഉണ്ടായിട്ടില്ല. സഞ്ജുവിന് നീതി ലഭിച്ചേ പറ്റൂ.”- തരൂർ പറയുന്നു.
2024 ഐപിഎല്ലിൽ ഇതിനോടകം വളരെ മികച്ച ഫോമിലാണ് സഞ്ജു സാംസൺ കളിച്ചിട്ടുള്ളത്. നിലവിൽ ഓറഞ്ച് ക്യാപ്പ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് സഞ്ജു നിലനിൽക്കുന്നത്. 8 മത്സരങ്ങളിൽ നിന്ന് 314 റൺസാണ് സഞ്ജു ഈ സീസണിൽ നേടിയിട്ടുള്ളത്. 62.80 എന്ന എന്ന വമ്പൻ ശരാശരിയിലാണ് സഞ്ജുവിന്റെ ഈ നേട്ടം. 182.43 എന്ന സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. മാത്രമല്ല തന്റെ ടീമിനെ ആദ്യ 8 മത്സരങ്ങളിൽ ഏഴെണ്ണത്തിലും വിജയത്തിലെത്തിക്കാനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ഇങ്ങനെ എല്ലാ തരത്തിലും സഞ്ജുവിനെ സംബന്ധിച്ച് ഒരു മികച്ച സീസനാണ് നടക്കുന്നത്.