റിഷഭ് പന്തിന്റെ നരനായാട്ട്. 43 ബോളുകളിൽ 88 റൺസ്. സഞ്ചുവിനും എട്ടിന്റെ പണി.

0a001b2e 8c6b 42e4 9ea3 1b1b5bcf5286

ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹി നായകൻ ഋഷഭ് പന്തിന്റെ വെടിക്കെട്ട്. മത്സരത്തിൽ ഗുജറാത്ത് ബോളർമാരെ കണക്കിന് തല്ലിയ പന്ത് 43 ബോളുകളിൽ 88 റൺസാണ് നേടിയത്. 2024ൽ ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ പന്തിനെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരമായിരുന്നു ഗുജറാത്തിനെതിരെ നടന്നത്.

നിലവിൽ സഞ്ജു സാംസനും കെഎൽ രാഹുലും ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി പോരാട്ടം നയിക്കുമ്പോൾ വമ്പൻ ഇന്നിംഗ്സ് കാഴ്ചവെച്ച് ഇരുവരെയും പിന്നിലാക്കിയിരിക്കുകയാണ് പന്ത്. പരിക്കിൽ നിന്ന് തിരികെയെത്തിയ പന്തിന്റെ ഒരു അവിസ്മരണീയ പ്രകടനം തന്നെയായിരുന്നു മത്സരത്തിൽ കാണാൻ സാധിച്ചത്.

മത്സരത്തിന്റെ ആറാം ഓവറിൽ സന്ദീപ് വാര്യരുടെ പന്തിൽ ഹോപ്പ് പുറത്തായ ശേഷമായിരുന്നു പന്ത് ക്രീസിലെത്തിയത്. തുടക്കത്തിൽ പതിയെയായിരുന്നു പന്ത് ആരംഭിച്ചത്. ഒൻപതാം ഓവർ വരെ മത്സരത്തിൽ ബൗണ്ടറി നേടാൻ പന്തിന് സാധിച്ചിരുന്നില്ല.

എന്നാൽ ഒമ്പതാം ഓവറിലെ ആദ്യ പന്തിൽ നൂർ അഹമ്മദിനെതിരെ ഒരു ബൗണ്ടറി നേടി പന്ത് തന്റെ ആക്രമണം ആരംഭിച്ചു. ശേഷം റാഷിദ് ഖാൻ എറിഞ്ഞ പത്താം ഓവറിൽ ഒരു ബൗണ്ടറി പന്ത് നേടുകയുണ്ടായി. അടുത്ത ഓവറിൽ നൂർ അഹമ്മദിനെതിരെ ഒരു സിക്സറും പന്ത് നേടി. പിന്നീട് പന്തിന്റെ ആക്രമണമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.

Read Also -  "രോഹിതിനെ നായകനായി തന്നെ മുംബൈ നിലനിർത്തണമായിരുന്നു."- പിന്തുണ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന..

മത്സരത്തിന്റെ പതിനാറാം ഓവറിലാണ് പന്ത് തന്റെ പൂർണമായ സംഹാരത്തിലേക്ക് എത്തിയത്. മോഹിത് ശർമയെറിഞ്ഞ ഓവറിലെ ആദ്യ പന്തിലും അഞ്ചാം പന്തിലും കിടിലൻ സിക്സറാണ് താരം സ്വന്തമാക്കിയത്. ശേഷം പതിനെട്ടാം ഓവറിൽ മോഹിത് ശർമക്കെതിരെ സിക്സർ നേടി തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിക്കാനും പന്തിന് സാധിച്ചു.

34 ബോളുകളിൽ നിന്നായിരുന്നു പന്തിന്റെ അർത്ഥ സെഞ്ച്വറി. ശേഷം അവസാന ഓവറിലും പന്ത് നിറഞ്ഞാടി. അവസാന ഓവറിൽ 4 സിക്സറുകളും ഒരു ബൗണ്ടറിയുമാണ് പന്ത് സ്വന്തമാക്കിയത്. ഇതോടെ ഡൽഹി മികച്ച സ്കോറിൽ എത്തുകയും ചെയ്തു.

മത്സരത്തിൽ 43 ബോളുകൾ നേരിട്ട പന്ത് 5 ബൗണ്ടറികളും 8 സിക്സറുകളുമടക്കം 88 റൺസ് നേടി പുറത്താവാതെ നിന്നു. പന്തിനൊപ്പം 43 ബോളുകളിൽ 66 റൺസ് നേടിയ അക്ഷർ പട്ടേലും മത്സരത്തിൽ മികവാർന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരുന്നു. ഇങ്ങനെ ഡൽഹി നിശ്ചിത 20 ഓവറുകളിൽ മത്സരത്തിൽ 224 റൺസാണ് നേടിയത്.

ഗുജറാത്ത് ബോളിംഗിൽ 3 ഓവറുകളിൽ 15 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകൾ സ്വന്തമാക്കിയ സന്ദീപ് വാര്യരാണ് തിളങ്ങിയത്. മോഹിത് ശർമ മത്സരത്തിൽ 73 റൺസാണ് വിട്ടു നൽകിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ തന്നെ ഒരു മത്സരത്തിൽ ഏറ്റവുമധികം റൺസ് വിട്ടു നൽകുന്ന താരമായി മോഹിത് മാറി.

Scroll to Top