പാക്കിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ തന്റെ 51ാമത്തെ ഏകദിന സെഞ്ച്വറിയാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലിയുടെ 82ആമത്തെ സെഞ്ച്വറി ആയിരുന്നു മത്സരത്തിൽ പിറന്നത്. 111 പന്തുകളിൽ നിന്നാണ് കോഹ്ലി സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
6 വിക്കറ്റുകളുടെ വിജയമാണ് മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇന്ത്യയ്ക്ക് സെമിയിലേക്ക് പ്രവേശിക്കാൻ വലിയ അവസരം തന്നെ ഇതോടെ ലഭിച്ചു. മാത്രമല്ല മത്സരത്തിലെ തകർപ്പൻ പ്രകടനത്തിനിടെ ഒരു വലിയ റെക്കോർഡും കോഹ്ലി മറികടക്കുകയുണ്ടായി.
ഐസിസി ഏകദിന ഇവന്റുകളിൽ പാക്കിസ്ഥാൻ ടീമിനെതിരെ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരം എന്ന റെക്കോർഡിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയെ മറികടക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല പാക്കിസ്ഥാനെതിരെ ഐസിസി ഏകദിന ഇവന്റുകളിൽ 400 റൺസ് സ്വന്തമാക്കുന്ന ആദ്യ താരം എന്ന റെക്കോർഡും കോഹ്ലി തന്റെ പേരിൽ ചേർത്തു. ഇതുവരെ പാക്കിസ്ഥാനെതിരെ ഐസിസി ഏകദിന ഇവന്റുകളിൽ 9 മത്സരങ്ങളിൽ നിന്ന് 433 റൺസാണ് വിരാട് കോഹ്ലി സ്വന്തമാക്കിയിട്ടുള്ളത്. 72.16 എന്ന ശരാശരിയിലാണ് കോഹ്ലി ഈ നേട്ടം കൊയ്തത്.
7 മത്സരങ്ങളിൽ നിന്ന് പാകിസ്ഥാനെതിരെ 370 റൺസാണ് രോഹിത് ശർമ സ്വന്തമാക്കിയിരുന്നത്. 52.7 ആയിരുന്നു രോഹിത്തിന്റെ ശരാശരി. ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് ഇന്ത്യയുടെ മുൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ്. പാക്കിസ്ഥാനെതിരെ ഏകദിന ഐസിസി ടൂർണമെന്റുകളിൽ 6 മത്സരങ്ങളിൽ സച്ചിൻ കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 64 റൺസ് ശരാശരിയിൽ 321 റൺസ് സ്വന്തമാക്കാൻ സച്ചിന് സാധിച്ചിരുന്നു. മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറും ലിസ്റ്റിൽ 294 റൺസുമായി നാലാം സ്ഥാനത്ത് തുടരുന്നു.
പാക്കിസ്ഥാൻ ടീമിനെതിരെ ഐസിസിയുടെ നിശ്ചിത ഓവർ ടൂർണമെന്റുകളായ ട്വന്റി20 ലോകകപ്പിലും ഏകദിന ലോകകപ്പിലും ഐസിസി ചാമ്പ്യൻസ് ട്രോഫിയും ഏറ്റവുമധികം റൺസ് സ്വന്തമാക്കിയിട്ടുള്ള താരങ്ങളുടെ ലിസ്റ്റിലും കോഹ്ലി തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഐസിസിയുടെ നിശ്ചിത ഓവർ ടൂർണമെന്റുകളിൽ ഇതുവരെ 15 മത്സരങ്ങൾ കോഹ്ലി പാക്കിസ്ഥാനെതിരെ കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 745 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. 93.12 എന്ന ശരാശരിയിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. ഈ ലിസ്റ്റിലും രണ്ടാം സ്ഥാനത്ത് ഇന്ത്യൻ നായകൻ രോഹിത് ശർമ തന്നെയാണ് നിൽക്കുന്നത്.