രാഹുലിന് പകരം സർഫറാസ് വരണം. ഇംഗ്ലണ്ടിനെ ആക്രമിക്കാൻ അവനെ കഴിയൂ. ആകാശ് ചോപ്രയുടെ പ്രവചനം.

കുറച്ചധികം മാറ്റങ്ങളുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് തയ്യാറാവുന്നത്. നിലവിൽ ഇന്ത്യയുടെ പ്രാഥമിക ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ, ബാറ്റർ രാഹുൽ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിൽ പകരക്കാരനായി സർഫറാസ് ഖാനെയടക്കം ഇന്ത്യ സ്ക്വാഡിലേക്ക് ക്ഷണിച്ചിരിക്കുന്നു.

ഈ സാഹചര്യത്തിൽ രാഹുലിന് പകരക്കാരനായി ആര് പ്ലെയിങ് ഇലവനിൽ ഇടം പിടിക്കും എന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനുള്ള കൃത്യമായ മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രാഹുലിന് പകരം രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ സർഫറാസ് ഖാനെ ടീമിൽ ഉൾപ്പെടുത്തണം എന്നാണ് ചോപ്ര പറയുന്നത്.

ഇത് ആദ്യമായാണ് ഇന്ത്യയുടെ ടീമിൽ കളിക്കാൻ സർഫറാസ് ഖാന് അവസരം ലഭിക്കുന്നത്. ഈ സാഹചര്യം മനസ്സിലാക്കി തന്നെ ഇന്ത്യ സർഫറാസിന് ടീമിൽ അവസരം നൽകണമെന്നാണ് ചോപ്രയുടെ അഭിപ്രായം. സർഫറാസ് വളരെ വ്യത്യസ്തവും നൂതനവുമായ ഷോട്ടുകൾ കളിക്കുന്ന താരമാണ് എന്ന് ചോപ്ര പറയുന്നു.

അതിനാൽ തന്നെ സ്പിന്നിനെതിരെ വളരെ മികച്ച റെക്കോർഡ് സർഫറാസിനുണ്ട് എന്നും ചോപ്ര ചൂണ്ടിക്കാട്ടുകയുണ്ടായി. “ഇന്ത്യയ്ക്ക് നിലവിൽ നാലാം നമ്പറിലേക്ക് സർഫറാസ് ഖാനും രജത് പട്ടിദാറും ലഭ്യമാണ്. ഋതുരാജ് ഗെയ്ക്വാഡും വിരാട് കോഹ്ലിയും നിലവിൽ ടീമിനൊപ്പമില്ല. അതുകൊണ്ടുതന്നെ രജത് പട്ടിദാറിനെയോ സർഫറാസ് ഖാനെയോ ഇന്ത്യയ്ക്ക് രണ്ടാം മത്സരത്തിൽ കളിപ്പിക്കേണ്ടിവരും.”- ചോപ്ര പറയുന്നു.

“ഇതിൽ സർഫറാസ് ഖാനാണ് ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യമായ ചോയിസ്. കാരണം വ്യത്യസ്ത ഫാഷനിൽ കളിക്കാൻ കഴിവുള്ള താരമാണ് സർഫറാസ് ഖാൻ. മാത്രമല്ല സ്പിന്നർമാർക്കെതിരെ വളരെ മികച്ച പ്രകടനം പുറത്തെടുക്കാനും സർഫറാസിന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- ചോപ്ര പറയുന്നു.

സമീപകാലത്തെ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് സർഫറാസ്. ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് ലയൻസിനെതിരായ മത്സരത്തിലും തകർപ്പൻ സെഞ്ച്വറി സർഫറാസ് സ്വന്തമാക്കിയിരുന്നു.

ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 69.85 ശരാശരിയിലാണ് സർഫറാസ് കളിക്കുന്നത്. ഇംഗ്ലണ്ട് ലയൺസിനെതിരായ മത്സരത്തിൽ 160 പന്തുകളിൽ 18 ബൗണ്ടറികളും 5 സിക്സറുകളും അടക്കമാണ് സർഫറാസ് 161 റൺസ് നേടിയത്. മത്സരത്തിലെ താരമായും സർഫറാസിനെ തെരഞ്ഞെടുത്തിരുന്നു.

ഇതേസമയം രാഹുലിന്റെ കരിയറിന്റെ ഏറ്റവും വലിയ പ്രശ്നം പരിക്കാണന്നും ചോപ്ര പറഞ്ഞു. നിർണായക സമയങ്ങളിൽ നിരന്തരമായി പരിക്ക് പറ്റുന്നത് രാഹുലിന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട് എന്ന് ചോപ്ര ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിങ്സിൽ വളരെ മികച്ച രീതിയിൽ രാഹുലിന് കളിക്കാൻ സാധിച്ചന്നും, എന്നാൽ ശേഷം പരിക്കു പറ്റിയത് നിർഭാഗ്യകരമാണെന്നും ചോപ്ര പറഞ്ഞു വയ്ക്കുന്നു.

Previous articleരോഹിത് വേണ്ട, ജയ്‌സ്വാളിനൊപ്പം അവൻ ഓപ്പൺ ചെയ്യണം. രണ്ടാം ടെസ്റ്റിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ താരം.
Next articleമകനോട് സംസാരിച്ചട്ട് അഞ്ച് മാസമായി. വേദനയോടെ തുറന്ന് പറഞ്ഞ് ശിഖാര്‍ ധവാന്‍.