രോഹിത് വേണ്ട, ജയ്‌സ്വാളിനൊപ്പം അവൻ ഓപ്പൺ ചെയ്യണം. രണ്ടാം ടെസ്റ്റിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ താരം.

converted image 4

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ്‌ മൽസരത്തിന് മുൻപ് ബാറ്റിംഗ് നിരയിൽ വലിയ മാറ്റങ്ങൾ ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം വസീം ജാഫർ. പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ 28 റൺസിന്റെ അപ്രതീക്ഷിത പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്.

ഇതിന് പിന്നാലെ ഇന്ത്യ അനിവാര്യമായി വരുത്തേണ്ട മാറ്റങ്ങളെ പറ്റിയാണ് ജാഫർ സംസാരിക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമയും ജയസ്വാളുമായിരുന്നു ഇന്ത്യക്കായി ഓപ്പൺ ചെയ്തത്. എന്നാൽ രണ്ടാം ടെസ്റ്റിലേക്ക് വരുമ്പോൾ ജയസ്വാളിനൊപ്പം ശുഭ്മാൻ ഗിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നാണ് ജാഫർ പറയുന്നത്. ഗില്ലിന്റെ സമീപകാലത്തെ പ്രകടനം മോശമായിരുന്നതിനാൽ തന്നെ ഇന്ത്യ ഇത്തരമൊരു പരീക്ഷണത്തിന് മുതിരണം എന്ന് ജാഫർ കൂട്ടിച്ചേർക്കുന്നു.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ജാഫർ ഈ നിർദ്ദേശം മുന്നിലേക്ക് വെച്ചത്. ജയസ്വാൾ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെത്തിയതിന് പിന്നാലെ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് നീങ്ങുകയായിരുന്നു. എന്നാൽ മൂന്നാം നമ്പറിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇതുവരെ ഗില്ലിന് സാധിച്ചിട്ടില്ല. ശേഷമാണ് വസീം ജാഫർ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്.

“ഗില്ലും ജയസ്വാളും അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യണം. രോഹിത് ശർമ മൂന്നാം നമ്പറിലേക്കും മാറണമെന്നാണ് എന്റെ അഭിപ്രായം. ബാറ്റിങ്ങിനായി കാത്തിരിക്കുന്നത് ശുഭമാൻ ഗില്ലിന് മികച്ച ഫലങ്ങൾ നൽകുന്നില്ല. അവനെ ഓപ്പണറായി തന്നെ ഇറക്കുന്നതാണ് ഉത്തമം. രോഹിത് സ്പിന്നർമാർക്കെതിരെ വളരെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള താരമാണ്. അതുകൊണ്ടു തന്നെ മൂന്നാം നമ്പരിൽ രോഹിത് ബാറ്റിംഗിന് ഇറങ്ങിയാലും, അത് അവനെ ബാധിക്കില്ല.”- വസീം ജാഫർ പറഞ്ഞു.

Read Also -  "സഞ്ജുവിന് വയസായി. 2026 ട്വന്റി20 ലോകകപ്പ് ഒന്നും കളിക്കാൻ സാധിക്കില്ല"- അമിത് മിശ്ര.

കഴിഞ്ഞ സമയങ്ങളിൽ മൂന്നാം നമ്പരിൽ വളരെ മോശം പ്രകടനമായിരുന്നു ഗിൽ കാഴ്ച വച്ചത്. ഇതുവരെ മൂന്നാം നമ്പറിൽ ഇന്ത്യയ്ക്കായി ഒരു അർത്ഥസെഞ്ച്വറി സ്വന്തമാക്കാൻ ഗില്ലിന് സാധിച്ചിട്ടില്ല. 6, 10, 29*, 2, 26, 36, 10, 23, 0 എന്നിങ്ങനെയാണ് ഗില്ലിന്റെ മൂന്നാം നമ്പറിലെ അവസാന ഇന്നിഗ്സുകളിലെ സ്കോർ.

മുൻപ് ഓപ്പണറായി കളിച്ചപ്പോഴും ഗില്ലിന് ഇന്ത്യൻ ടീമിൽ മികച്ച റെക്കോർഡുകൾ ഉണ്ടായിരുന്നു. എന്നാൽ ഗില്ലിന്റെ സ്ഥാനമാറ്റം അവന്റെ പ്രകടനത്തെ അങ്ങേയറ്റം ബാധിച്ചിട്ടുണ്ട്. രണ്ടാം മത്സരത്തിൽ ഇന്ത്യ വ്യത്യസ്ത ഫോർമുലകൾ പരീക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

രവീന്ദ്ര ജഡേജയും രാഹുലും പരിക്ക് മൂലം രണ്ടാം മത്സരത്തിൽ നിന്നും മാറി നിൽക്കുന്നത് ഇന്ത്യയ്ക്ക് വലിയ രീതിയിൽ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സർഫറാസ് ഖാൻ അടക്കമുള്ള യുവതാരങ്ങൾ പകരക്കാരായി എത്തിയിട്ടുണ്ടെങ്കിലും, പരിചയസമ്പന്നത ഇന്ത്യയെ അലട്ടുന്ന കാര്യമാണ്.

ഫെബ്രുവരി 2 മുതൽ 6 വരെ വിശാഖപട്ടണത്താണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ പരാജയമറിഞ്ഞതിനാൽ ശക്തമായ ഒരു തിരിച്ചുവരവ് നടത്തേണ്ടത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. മറുവശത്ത് അപ്രതീക്ഷിത വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ടിന് ഈ ഫോം തുടരുക എന്നതാണ് ലക്ഷ്യം.

Scroll to Top