രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിനടുത്തെത്തി. കേരളം ഗുജറാത്തിനെതിരായ സെമിഫൈനൽ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 2 റൺസിന്റെ ലീഡ് കണ്ടെത്തി കേരളം ഫൈനൽ സാധ്യതകൾ ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 457 റൺസ് ആയിരുന്നു സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗിൽ 455 റൺസിന് ഗുജറാത്തിന്‍റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചു. മത്സരത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് സമനില കണ്ടെത്തിയാൽ പോലും കേരളത്തിന് രഞ്ജി ട്രോഫിയുടെ ഫൈനൽ മത്സരത്തിൽ ഇടംപിടിക്കാൻ സാധിക്കും. ഇങ്ങനെയെങ്കിൽ പുതു ചരിത്രമാണ് കേരളം രചിക്കാൻ പോകുന്നത്.
മത്സരത്തിന്റെ അഞ്ചാം ദിവസത്തെ ശക്തമായ പ്രകടനമാണ് കേരളത്തെ രക്ഷിച്ചത്. അവസാന ദിവസം തങ്ങളുടെ ആദ്യ ഇന്നിങ്സിൽ 28 റൺസിന് മാത്രം പിന്നിലായിരുന്നു ഗുജറാത്ത്. 3 വിക്കറ്റുകൾ ഗുജറാത്തിന് അവശേഷിച്ചിരുന്നു. എന്നാൽ അഞ്ചാം ദിവസം കേരള സ്പിന്നർ ആദിത്യ സർവ്വാതെയുടെ തട്ടുപൊളിപ്പൻ പ്രകടനമാണ് കാണാൻ സാധിച്ചത്. അപകടകാരിയായ ജയമീത് പട്ടേലിനെയും അവസാന ബാറ്റർമാരായ സിദ്ധാർത്ഥ ദേശായിയെയും നാഗ്വാസ്വല്ലേയും പെട്ടെന്ന് തന്നെ കൂടാരം കയറ്റാൻ സർവ്വാതെയ്ക്ക് സാധിച്ചു. ഇതോടെ ഗുജറാത്ത് 455 റൺസിൽ ഒതുങ്ങുകയായിരുന്നു. ഇങ്ങനെയാണ് കേരളം 2 റൺസിന്റെ ലീഡ് സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി അസറുദ്ദീനാണ് തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. മുൻനിര ബാറ്റർമാർ നൽകിയ മികച്ച തുടക്കം വളരെ ഭംഗിയായി ഉപയോഗിക്കാൻ അസറുദ്ദീന് സാധിച്ചിരുന്നു. മത്സരത്തിൽ 341 പന്തുകൾ നേരിട്ട അസറുദ്ദീൻ 20 ബൗണ്ടറികളും ഒരു സിക്സറുമടക്കം 177 റൺസ് ആണ് സ്വന്തമാക്കിയത്. അർത്ഥസഞ്ചറികൾ നേടിയ നായകൻ സച്ചിൻ ബേബിയും സൽമാൻ നിസാറും മികച്ച പിന്തുണ തന്നെ അസറുദ്ദീന് നൽകി. ഇതോടെ കേരളം ആദ്യ ഇന്നിങ്സിൽ 487 എന്ന കൂറ്റൻ സ്കോറിൽ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് മികച്ച തുടക്കമാണ് ഓപ്പണർ പ്രിയങ്ക് പഞ്ചൽ നൽകിയത്. ആദ്യ വിക്കറ്റിൽ 131 റൺസ് കൂട്ടിച്ചേർക്കാൻ പഞ്ചലിനും ആര്യ ദേശായിക്കും സാധിച്ചു. 148 റൺസാണ് പ്രിയങ്ക് മത്സരത്തിൽ സ്വന്തമാക്കിയത്. ശേഷം ദേശായിയും അർത്ഥ സെഞ്ചറി നേടി. ഇതോടെ ഗുജറാത്ത് കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കുമെന്ന് കരുതി. എന്നാൽ ഈ സമയത്ത് ജലജ് സക്സേനയും ആദിത്യ സർവ്വാതെയും കേരള ബോളിങ് നിരയുടെ നെടുംതൂണുകളായി മാറുകയായിരുന്നു. ഇരുവരും ആദ്യ ഇന്നിങ്സിൽ 4 വിക്കറ്റുകൾ വീതമാണ് സ്വന്തമാക്കിയത്. മത്സരത്തിന്റെ അവസാന ദിവസം ഗുജറാത്തിനെതിരെ പൂർണ്ണമായ പ്രതിരോധം തീർത്താൽ കേരളത്തിന് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കും.