രാജസ്ഥാൻ റോയൽസിന്റെ ഗുജറാത്തിനെതിരായ മത്സരത്തിൽ തരക്കേടില്ലാത്ത ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് മലയാളി താരം സഞ്ജു സാംസൺ. രാജസ്ഥാൻ മുൻനിര ചീട്ടുകൊട്ടാരം പോലെ തകർന്ന സാഹചര്യത്തിൽ ടീമിനായി ക്രീസിൽ തുടർന്ന് പ്രതീക്ഷകൾ നൽകാൻ സഞ്ജുവിന് സാധിച്ചു.
മത്സരത്തിൽ 41 റൺസ് ആണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. എന്നാൽ നിർണായ സമയത്ത് സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായത് രാജസ്ഥാൻ റോയൽസിനെ മത്സരത്തിൽ ബാധിച്ചിട്ടുണ്ട്. 146.43 എന്ന ഉഗ്രൻ സ്ട്രൈക്ക് റേറ്റിലാണ് മത്സരത്തിൽ സഞ്ജു സാംസൺ കളിച്ചത്.
മത്സരത്തിൽ ജയസ്വാളിനൊപ്പം ഓപ്പണറായാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. എന്നാൽ തുടക്കത്തിൽ തന്നെ രാജസ്ഥാൻ റോയൽസിന് വിക്കറ്റുകൾ നഷ്ടമായത് സഞ്ജുവിനെ ബാധിച്ചിരുന്നു. രണ്ടാം ഓവറിൽ ജയസ്വാളിന്റെയും മൂന്നാം ഓവറിൽ നിതീഷ് റാണയുടെയും വിക്കറ്റുകൾ രാജസ്ഥാന് നഷ്ടമായി പിന്നീട് നാലാം ഓവറിലാണ് സഞ്ജു തന്റെ ആക്രമണത്തിന് ആരംഭം കുറിച്ചത്. നാലാം ഓവറിലെ രണ്ടാം പന്തിൽ അർഷാദ് ഖാനെതിരെ ഒരു ബൗണ്ടറി നേടി സഞ്ജു തന്റെ കഴിവ് പ്രകടിപ്പിക്കുകയുണ്ടായി. ശേഷം തൊട്ടടുത്ത പന്തിൽ ഒരു തകർപ്പൻ സിക്സ് നേടാനും സഞ്ജുവിന് സാധിച്ചു. പിന്നീട് മത്സരത്തിൽ കൃത്യമായ ഇടവേളകളിൽ സഞ്ജു ബൗണ്ടറി കണ്ടെത്തിയിരുന്നു. പക്ഷേ എതിർവശത്ത് അപ്പോഴും രാജസ്ഥാന് വിക്കറ്റുകൾ നഷ്ടമായി.
മത്സരത്തിൽ 28 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 41 റൺസ് നേടിയാണ് മടങ്ങിയത്. 4 ബൗണ്ടറികളും 2 സിക്സറുകളും സഞ്ജുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടിരുന്നു. പ്രസീദ് കൃഷ്ണ എറിഞ്ഞ പന്തിൽ ഒരു ഷോട്ടിന് ശ്രമിക്കുകയായിരുന്നു സഞ്ജു. എന്നാൽ സായി കിഷോർ ക്യാച്ച് സ്വന്തമാക്കിയതോടെ സഞ്ജു സാംസൺ പുറത്തായി രാജസ്ഥാൻ നിരയിലെ അഞ്ചാം വിക്കറ്റായാണ് സഞ്ജു സാംസൺ മടങ്ങിയത്. എന്നിരുന്നാലും മത്സരത്തിൽ മുൻനിര ബാറ്റർമാർ വളരെ മോശം പ്രകടനം കാഴ്ചവച്ചപ്പോൾ ക്രീസിൽ പിടിച്ചുനിന്ന് രാജസ്ഥാന്റെ നട്ടെല്ലാവാൻ മലയാളി താരത്തിന് സാധിച്ചു.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിൽ മികച്ച പ്രകടനമാണ് ഗുജറാത്ത് കാഴ്ചവച്ചത്. ഓപ്പണർ സായി സുദർശനാണ് മത്സരത്തിൽ ഗുജറാത്തിനായി ബാറ്റിംഗിൽ മികവ് പുലർത്തിയത്. സുദർശൻ മത്സരത്തിൽ 53 പന്തുകളിൽ 8 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 82 റൺസ് സ്വന്തമാക്കുകയുണ്ടായി. ഇതോടെ ഗുജറാത്ത് 217 റൺസ് എന്ന നിലയിൽ എത്തുകയായിരുന്നു. പിന്നീടാണ് രാജസ്ഥാന് മത്സരത്തിൽ മോശം ബാറ്റിംഗ് തുടക്കം ലഭിച്ചത്.