2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മിനി ലേലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഒരു ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. തങ്ങൾക്ക് ആവശ്യമായ താരങ്ങളെ കൃത്യമായി ടീമിലെത്തിക്കാൻ ചെന്നൈക്ക് സാധിച്ചിട്ടുണ്ട്. തങ്ങളുടെ ചെന്നൈ പിച്ചിന് അനുയോജ്യമായ ബാറ്റർമാരെയും ബോളർമാരെയുമാണ് ഇത്തവണ ടീം സെലക്ട് ചെയ്തിരിക്കുന്നത്.
ന്യൂസിലാൻഡ് താരങ്ങളായ രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ഇന്ത്യൻ ഓൾറൗണ്ടർ ഷർദുൽ താക്കൂർ തുടങ്ങിയവരാണ് ചെന്നൈയുടെ ഇത്തവണത്തെ പ്രധാന താരങ്ങൾ. ഇതിൽ ശർദ്ദുൽ താക്കൂറിനെ നേടിയെടുത്തതാണ് ചെന്നൈയുടെ ഏറ്റവും മികച്ച നേട്ടം എന്ന് മുൻ ഇന്ത്യൻ താരം ആർപി സിംഗ് പറയുകയുണ്ടായി.
മുൻപ് ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം 3 സീസണുകളിൽ കളിച്ചിട്ടുള്ള താരമാണ് താക്കൂർ. ശേഷം ഡൽഹി താക്കൂറിനെ 10.5 കോടി രൂപയ്ക്ക് സ്വന്തമാക്കുകയുണ്ടായി. ശേഷം താക്കൂർ ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോയി. പിന്നീടാണ് 2024 ലേലത്തിൽ ചെന്നൈ താക്കൂറിനെ സ്വന്തമാക്കിയിരിക്കുന്നത്. ഇത്ര ചെറിയ തുകയ്ക്ക് താക്കൂറിനെ ലഭിച്ചത് ചെന്നൈയെ സംബന്ധിച്ച് ഒരു ഭാഗ്യമാണ് എന്ന് ആർപിസിംഗ് കരുതുന്നു. “ശർദുൽ താക്കൂറാണ് ചെന്നൈയെ സംബന്ധിച്ച് ഏറ്റവും മികച്ച ലേലം. കാരണം അയാൾ ഒരു ഇന്ത്യൻ പേസ് ബോളറാണ്. അയാൾക്ക് ഒരുപാട് വേരിയേഷനുകളുണ്ട്. മാത്രമല്ല ചെന്നൈയ്ക്ക് ബാറ്റിംഗിൽ ഒരു ഓപ്ഷനും കൂടിയാണ് ഷർദുൾ.”- ആർപി സിംഗ് പറഞ്ഞു.
“ചെന്നൈ വളരെ ചെറിയ തുകയ്ക്ക് തന്നെയാണ് ശർദൂലിനെ സ്വന്തമാക്കിയത്. താക്കൂറിനെ നേടാനായി ചെന്നൈ കുറച്ചധികം തുക കരുതിയിട്ടുണ്ടായിരുന്നു എന്ന് എനിക്ക് ഉറപ്പാണ്. താക്കൂറിനെ ഇത്ര ചെറിയ തുകയ്ക്ക് കിട്ടിയതോടെ ചെന്നൈയുടെ ഓപ്ഷനുകൾ വർദ്ധിച്ചു. അവർക്ക് ഒരുപാട് പണം സുരക്ഷിതമാക്കാൻ സാധിച്ചു. അതിനു ശേഷം കൂടുതൽ കളിക്കാരെ തിരഞ്ഞെടുക്കാൻ അവർ മുതിർന്നു. റിസ്വിയെ പോലുള്ള താരങ്ങളെ കൃത്യമായി അവർ ടീമിലെത്തിച്ചു. എന്നെ സംബന്ധിച്ച് ചെന്നൈയുടെ ഏറ്റവും മികച്ച ലേലം തന്നെയായിരുന്നു ഷർദുൽ താക്കൂറിനെ നേടിയെടുത്തത്.”- ആർ പി സിംഗ് കൂട്ടിച്ചേർത്തു.
2023 ഇന്ത്യൻ പ്രീമിയർ ലീഗിലേതു പോലെ തന്നെ വളരെ മികച്ചൊരു ടീമാണ് ഇത്തവണയും ചെന്നൈക്ക് ഉള്ളത്. ഡെവൻ കോൺവെ, മോയിൻ അലി, മഹേന്ദ്ര സിംഗ് ധോണി, രവീന്ദ്ര ജഡേജ,ശിവം ദുബ, റുതുരാജ് തുടങ്ങിയവർക്കൊപ്പം ശർദുൽ താക്കൂർ, ഡാരിൽ മിച്ചൽ എന്നിവർ കൂടിയെത്തുമ്പോൾ ടീം കൂടുതൽ ശക്തമാവും എന്നത് ഉറപ്പാണ്. ഒപ്പം പേസ് ബോളിങിൽ പതിരാനയും ബായ്ക്കപ്പായി മുസ്തഫിസുർ റഹ്മാനും ചെന്നൈ ടീമിൽ അണിനിരക്കും. എന്തായാലും ഇത്തവണയും ചെന്നൈയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കുക എന്നത് മറ്റു ടീമുകൾക്ക് വെല്ലുവിളി ഉണ്ടാക്കിയേക്കും.