പാക്കിസ്ഥാനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് കേവലം 119 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. എന്നാൽ ശക്തമായ ബോളിംഗ് പ്രകടനത്തിലൂടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വരുകയും, 6 റൺസിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.
മത്സരത്തിൽ ഇന്ത്യയ്ക്കായി മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തത് ജസ്പ്രീത് ബൂമ്ര ആയിരുന്നു. 4 ഓവറുകൾ പന്തെറിഞ്ഞ ബൂമ്ര കേവലം 14 റൺസ് മാത്രം വിട്ടു നൽകി 3 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിൽ നിർണായകമായ റിസ്വാന്റെ വിക്കറ്റ് സ്വന്തമാക്കിയതും ബൂമ്ര തന്നെയായിരുന്നു. മത്സരത്തിലെ താരമായി ബൂമ്രയെ തിരഞ്ഞെടുക്കുകയുണ്ടായി.
മത്സരത്തിലെ സാഹചര്യങ്ങളെപ്പറ്റി ബൂമ്ര സംസാരിച്ചു. “ഈ വിജയം വളരെ സന്തോഷം നൽകുന്നതായി എനിക്ക് തോന്നുന്നു. ആദ്യ ഇന്നിങ്സിൽ ഞങ്ങൾ മതിയായ റൺസ് സ്വന്തമാക്കിയില്ല എന്ന് തോന്നിയിരുന്നു. മാത്രമല്ല സൂര്യൻ പുറത്തുവന്നതിന് ശേഷം പിച്ച് കൂടുതൽ ബാറ്റിംഗിന് അനുകൂലമാവുകയും ചെയ്തു. അതിനാൽ തന്നെ അച്ചടക്കത്തോടെ പന്തറിയാനാണ് ഞങ്ങൾ ശ്രമിച്ചത്.”
“ഈ വിജയത്തിൽ വലിയ സന്തോഷമുണ്ട്. പറ്റാവുന്ന അത്രയും സീമിൽ തന്നെ പന്തറിയാൻ ഞങ്ങൾ ശ്രമിച്ചു. കൃത്യമായി തന്ത്രങ്ങൾ പ്രാവർത്തികമാക്കുക എന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. എല്ലാം മൈതാനത്ത് പോസിറ്റീവായി തന്നെ ഭവിച്ചു. അതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.”- ബുമ്ര പറഞ്ഞു.
“ഇവിടെ ഞങ്ങൾക്ക് വലിയ ആരാധക പിന്തുണ ലഭിക്കുന്നുണ്ട്. ഇന്ത്യയിൽ കളിക്കുന്ന അതേ പ്രതീതിയാണ് ഇവിടെ കളിക്കുമ്പോൾ ഉള്ളത്. ആരാധകരിൽ നിന്നുള്ള ഈ വലിയ പിന്തുണയാണ് മൈതാനത്ത് ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നത്. അക്കാര്യത്തിലും എനിക്ക് വലിയ സന്തോഷമുണ്ട്. വരാനിരിക്കുന്ന മത്സരങ്ങളിലേക്കാണ് ഞങ്ങൾ പൂർണ്ണമായും ശ്രദ്ധ ചെലുത്തുന്നത്. ഇതുവരെ ഞങ്ങൾ 2 മത്സരങ്ങളാണ് ഈ ലോകകപ്പിൽ കളിച്ചത്. 2 മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. അതിനാൽ തന്നെ ആ പ്രക്രിയയിൽ കൂടുതലായി ശ്രദ്ധിക്കുക എന്നതാണ് ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത്.”- ബൂമ്രാ കൂട്ടിച്ചേർക്കുന്നു.
ബുമ്രയ്ക്കൊപ്പം മറ്റ് ഇന്ത്യൻ ബോളർമാരും മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയുണ്ടായി. ഹർദിക് പാണ്ഡ്യ 4 ഓവറുകളിൽ 24 റൺസ് മാത്രം വിട്ടു നൽകിയാണ് 2 വിക്കറ്റുകൾ സ്വന്തമാക്കിയത്. അക്ഷർ പട്ടേലും അർഷദീപ് സിങ്ങും മത്സരത്തിൽ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി. ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വിജയമാണ് മത്സരത്തിൽ ലഭിച്ചത്. ഇന്ത്യയുടെ ലോകകപ്പിലെ രണ്ടാം വിജയമാണിത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിൽ കൂടി വിജയം സ്വന്തമാക്കിയാൽ ഇന്ത്യയ്ക്ക് സൂപ്പർ എട്ടിൽ സ്ഥാനം കണ്ടെത്താൻ കഴിയും.