2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ ടീമിനെതിരെ 6 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. മത്സരത്തിലെ പ്രധാന താരങ്ങളെ തിരഞ്ഞെടുത്ത് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 3 സൂപ്പർ താരങ്ങളിൽ ഒരാളായി ചോപ്ര തെരഞ്ഞെടുത്തിരിക്കുന്നത് ചെന്നൈ ബാറ്റർ ശിവം ദുബെയെ ആണ്. മത്സരത്തിൽ ബാംഗ്ലൂർ ടീം ദുബെയ്ക്കെതിരെ ബൗൺസറുകൾ കൊണ്ട് ആക്രമണം തീർത്തെങ്കിലും അതിനെ ശക്തമായി പ്രതിരോധിക്കാൻ താരത്തിന് സാധിച്ചു എന്ന് ചോപ്ര പറയുന്നു.
മത്സരത്തിലൂടനീളം ദുബെയ്ക്കെതിരെ ബൗൺസറുകൾ എറിയാനാണ് ബാംഗ്ലൂർ ശ്രമിച്ചത് എന്ന് ചോപ്ര പറയുന്നു. എന്നാൽ ഇതിനെ ദുബെ ശക്തമായി തന്നെ പ്രതിരോധിച്ചു എന്നാണ് ചോപ്ര കരുതുന്നത്. ഒപ്പം ചെന്നൈ ടീമിലെ താരങ്ങളൊക്കെയും ചെറിയ സംഭാവനകൾ നൽകി മികവ് പുലർത്തിയെന്നും ചോപ്ര കൂട്ടിച്ചേർക്കുന്നു.
“മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ എല്ലാവരും തന്നെ ചെറിയ ചെറിയ പ്രകടനങ്ങൾ പുറത്തെടുത്തു. തുടക്കത്തിൽ ഋതുരാജാണ് മികവ് പുലർത്തിയത്. ശേഷം രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ഏറ്റവും മികച്ചതായി തോന്നിയത് ശിവം ദുബെയുടെ ബാറ്റിംഗ് തന്നെയാണ്”- ചോപ്ര പറയുന്നു.
“ദുബെയ്ക്കെതിരെ തുടർച്ചയായി ബൗൺസറുകൾ എറിയാൻ തന്നെയാണ് ബാംഗ്ലൂർ ടീം ശ്രമിച്ചത്. എന്നാൽ ബൗൺസറുകൾക്കെതിരെ നന്നായി കളിക്കാൻ സാധിക്കുന്ന താരമാണ് ദുബെ. ഒരുപാട് തവണ അവൻ അത് തെളിയിച്ചിട്ടുണ്ട്. ദുബെ ക്രീസിലെത്തിയ ഉടൻ തന്നെ ബാംഗ്ലൂർ തങ്ങളുടെ സ്പിന്നർമാരെ മാറ്റിനിർത്തുകയുണ്ടായി.”
“കാരണം സ്പിന്നർമാർക്കെതിരെ ദുബെ ആക്രമിക്കും എന്നത് അവർക്ക് ഉറപ്പായിരുന്നു. എന്നിരുന്നാലും പേസർമാർക്ക് എതിരെ ബൗൺസറുകളിൽ മികവ് പുലർത്താൻ ദുബെയ്ക്ക് സാധിച്ചു. ദുബെയ്ക്ക് അഭിനന്ദനങ്ങൾ.”- ചോപ്ര കൂട്ടിച്ചേർത്തു.
ഒപ്പം മുസ്തഫിസൂർ റഹ്മാന്റെ മത്സരത്തിലെ പ്രകടനത്തെ പ്രശംസിക്കാനും ചോപ്ര മറന്നില്ല. “മത്സരത്തിൽ രണ്ട് ഓവറുകളിൽ രണ്ടു വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ മുസ്തഫിസുറിന് സാധിച്ചു. ബാംഗ്ലൂർ ടീമിന് മികച്ച തുടക്കമായിരുന്നു ഫാഫ് ഡുപ്ലസിസ് നൽകിയത്. അപ്പോഴാണ് മുസ്തഫിസൂർ ബോളിംഗ് ക്രീസിലെത്തി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കിയത്. ആദ്യം ഫാഫിനെയും പിന്നീട് പട്ടിദാറിനെയും 3 പന്തുകൾക്കുള്ളിൽ തന്നെ പുറത്താക്കാൻ ഈ താരത്തിന് സാധിച്ചു. ഇതാണ് മത്സരത്തിൽ വലിയ വഴിത്തിരിവായത്.”- ചോപ്ര പറഞ്ഞു വയ്ക്കുന്നു.