രചിൻ ഒരു ബ്രഹ്മാസ്‌ത്രം. ഇത്ര ചെറിയ തുകയ്ക്ക് കിട്ടിയത് ചെന്നൈയുടെ ഭാഗ്യം. : കുംബ്ല

rachin

ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. നായകൻ എന്ന നിലയിൽ ഋതുരാജ് ഗൈക്വാഡിന്റെ ആദ്യം മത്സരമായിരുന്നു ചെപ്പോക്കിൽ നടന്നത്. മത്സരത്തിൽ 6 വിക്കറ്റിന്റെ ആധികാരിക വിജയം തന്നെ ചെന്നൈയ്ക്ക് സ്വന്തമാക്കാൻ സാധിച്ചു.

ചെന്നൈയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ഓപ്പണിങ് ബാറ്റർ രചിൻ രവീന്ദ്രയുടെ പ്രകടനമായിരുന്നു. ചെന്നൈ ടീമിനായി തന്റെ അരങ്ങേറ്റ മത്സരം കളിച്ച രവീന്ദ്ര ഓപ്പണിങ്ങിറങ്ങി 15 പന്തുകളിൽ 37 റൺസാണ് നേടിയത്. 3 ബൗണ്ടറികളും 3 സിക്സറുകളും ഈ താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. ഈ പ്രകടനത്തിനുശേഷം രവീന്ദ്രയെ പ്രശംസിച്ചു കൊണ്ടാണ് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ സംസാരിച്ചത്.

ഇത്ര ചെറിയ തുകയ്ക്ക് രചിൻ രവീന്ദ്രയെ സ്വന്തമാക്കാൻ സാധിച്ചത് ചെന്നൈയുടെ ഭാഗ്യമാണ് എന്നാണ് കുംബ്ലെ പറയുന്നത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മിനി ലേലത്തിൽ 1.80 കോടി രൂപയ്ക്കായിരുന്നു ചെന്നൈ രചിനെ സ്വന്തമാക്കിയത്. ഇത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് കുംബ്ലെ പറയുന്നത്.

“കഴിഞ്ഞ ലോകകപ്പിൽ വളരെ മികച്ച പ്രകടനമാണ് രചിൻ പുറത്തെടുത്തത്. ബാറ്റിങ്ങിലും ബോളിങ്ങിലും മാത്രമല്ല ഫീൽഡിങ്ങിലും അവൻ മികവ് പുലർത്തിയിരുന്നു. അതിനാൽ തന്നെ രചിൻ ഇത്ര ചെറിയ തുകയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തിയത് എന്നെ വളരെയധികം അത്ഭുതപ്പെടുത്തുന്നു. സാധാരണയായി ന്യൂസിലാൻഡ് താരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ പൂർണ്ണമായും കളിക്കാറുണ്ട്. എന്തായാലും അവിശ്വസനീയമായ അരങ്ങേറ്റ മത്സരം തന്നെയാണ് രചിന് ലഭിച്ചിരിക്കുന്നത്.”- കുംബ്ലെ പറയുന്നു.

See also  "ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും രോഹിത് പരാജയമായി. അതുകൊണ്ട് മുംബൈ രോഹിതിനെ മാറ്റി". കാരണം പറഞ്ഞ് ഉത്തപ്പ.

ചെന്നൈയുടെ സൂപ്പർ ഓപ്പണർ ഡെവൻ കോൺവെക്ക് പകരക്കാരനായാണ് രചിൻ പ്ലെയിങ്‌ ഇലവനിൽ സ്ഥാനം കണ്ടെത്തിയത്. ഈ സ്ഥാനം നന്നായി ഉപയോഗിക്കാൻ രചിന് സാധിച്ചു എന്നാണ് കുംബ്ലെ വിലയിരുത്തുന്നത്. ” കോൺവെയെ പോലെ ഒരു താരത്തിന് പകരക്കാരനായി വന്ന് ഇത്ര മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് അത്ര അനായാസകരമായ കാര്യമല്ല.

രചിൻ ക്രീസിലെത്തുകയും തന്റെ ഷോട്ടുകൾ വളരെ മികച്ച രീതിയിൽ പ്രയോഗിക്കുകയും ചെയ്തു. ഫാസ്റ്റ് ബോളർമാർക്കെതിരെ മാത്രമല്ല സ്പിൻ ബോളർമാർക്കെതിരെയും ആക്രമണം അഴിച്ചുവിടാൻ രചിന് സാധിച്ചു. ഒരു ബാറ്റർ എന്ന നിലയിൽ അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രത്യേകിച്ച് ചെപ്പോക്ക് പിച്ചിൽ. “- കുംബ്ലെ കൂട്ടിച്ചേർക്കുന്നു.

ചെന്നൈയെ സംബന്ധിച്ച് ഒരു അവിസ്മരണീയ തുടക്കം തന്നെയാണ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഭിച്ചിരിക്കുന്നത്. കൃത്യമായി ബോളിങ്ങിലും ബാറ്റിങ്ങിലും ആദ്യ മത്സരത്തിൽ തന്നെ ആധിപത്യം സ്ഥാപിച്ച് കരുത്ത് കാട്ടാൻ ചെന്നൈ ടീമിന് സാധിച്ചിട്ടുണ്ട്.

2023ൽ കിരീടം ഉയർത്തിയ ചെന്നൈയുടെ മറ്റൊരു ശക്തിയാണ് 2024 ലീഗിലെ ആദ്യ മത്സരത്തിൽ കാണാൻ സാധിച്ചത്. മറുവശത്ത് ബാംഗ്ലൂരിനെ സംബന്ധിച്ച് വളരെ മികച്ച ടീം ഉണ്ടായിട്ടും ചെന്നൈയ്ക്കെതിരെ വിജയം സ്വന്തമാക്കാൻ സാധിക്കാതെ വന്നത് വലിയ പോരായ്മയാണ്.

Scroll to Top