ബാംഗ്ലൂരിനെതിരായ മുംബൈ ഇന്ത്യൻസിന്റെ മത്സരത്തിൽ ഒരു ഉഗ്രൻ ബോളിംഗ് പ്രകടനം തന്നെയാണ് മുംബൈ ബോളർ ബൂമ്ര കാഴ്ചവച്ചത്. ഒരു ഹൈ സ്കോറിങ് മത്സരമായിട്ടും നിശ്ചിത 4 ഓവറുകളിൽ 21 റൺസ് മാത്രമാണ് ബൂമ്ര വിട്ടു നൽകിയത്. മാത്രമല്ല 5 വിക്കറ്റുകളും മത്സരത്തിൽ ബുമ്ര സ്വന്തമാക്കി.
കഴിഞ്ഞ സമയങ്ങളിലൊക്കെയും ഇന്ത്യൻ ടീമിനായും മുംബൈ ടീമിനായും ഇത്തരത്തിൽ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് ബൂമ്ര. ടീമിലെ ഇത്തരത്തിലുള്ള മികച്ച പ്രകടനത്തിന്റെ കാരണങ്ങൾ പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബൂമ്ര. ഇപ്പോൾ ട്വന്റി20 ക്രിക്കറ്റിൽ ബോളിംഗ് എന്നത് അല്പം പ്രയാസമേറിയ കാര്യമാണെന്നും, അതിനാൽ തന്നെ ഒരൊറ്റ ട്രിക്കിൽ ഉറച്ചുനിൽക്കാൻ പാടില്ല എന്നുമാണ് ബുമ്ര പറയുന്നത്.
മത്സരത്തിലെ പ്രകടനത്തിലൂടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിനെതിരെ 5 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ബോളറായി ബുമ്ര മാറിയിട്ടുണ്ട്. ശേഷമാണ് ബൂമ്രയുടെ പ്രതികരണം.
“ട്വന്റി20 ക്രിക്കറ്റ് എന്നത് എപ്പോഴും ബോളർമാരെ സംബന്ധിച്ച് വളരെ കഠിനമായ ഒരു ഫോർമാറ്റാണ്. ഞാൻ എല്ലായിപ്പോഴും ശ്രമിക്കുന്നത് ഒരു ട്രിക്കിൽ തന്നെ ഉറച്ചു നിൽക്കാതിരിക്കാനാണ്. എന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ ഞാൻ അക്കാര്യത്തിൽ നന്നായി ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഒരു ട്രിക്കിൽ തന്നെ ഉറച്ചു നിൽക്കുകയാണെങ്കിൽ ആളുകൾ നമ്മളെ കൃത്യമായി മനസ്സിലാക്കാൻ തുടങ്ങും.”
“പക്ഷേ എനിക്ക് ആവശ്യം വ്യത്യസ്തമായ കഴിവുകളാണ്. ബോളിംഗ് എല്ലായിപ്പോഴും പ്രയാസമേറിയ കാര്യമാണ്. എപ്പോഴും നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ചില ദിവസങ്ങളിൽ ബോളിങ്ങിൽ ഞാൻ പരാജയപ്പെടാറുണ്ട്. എന്നാൽ അടുത്ത ദിവസം തന്നെ എനിക്ക് പറ്റിയ തെറ്റുകൾ ഞാൻ കൃത്യമായി വീഡിയോ കണ്ടുതന്നെ വിലയിരുത്തുന്നു.”- ബുമ്ര പറയുന്നു.
“മികച്ച ബോളിംഗ് പ്രകടനത്തിന് പ്രധാന കാരണമായുള്ളത് തയ്യാറെടുപ്പുകൾ തന്നെയാണ്. മത്സരത്തിന് മുൻപ് നന്നായി തയ്യാറെടുക്കാൻ നമ്മൾ നമ്മളെ തന്നെ നിർബന്ധിക്കേണ്ടതുണ്ട്. ഒരൊറ്റ ട്രിക്കിൽ മാത്രം നമ്മൾ ഉറച്ചുനിൽക്കാതിരിക്കുക. എല്ലായിപ്പോഴും യോർക്കറുകൾ മാത്രമായി എറിയണമെന്നില്ല.”
“ചില സമയങ്ങളിൽ നമുക്ക് യോർക്കറുകൾ എറിയാം. ചിലപ്പോൾ ഷോർട്ട് ബോളുകൾ എറിയാം. ഈ ഫോർമാറ്റിൽ അധികം ഈഗോയില്ല. നിങ്ങൾക്ക് 145 കിലോമീറ്റർ സ്പീഡുള്ള പന്തെറിയാം. അതോടൊപ്പം തന്നെ സ്ലോ ബോളുകൾ എറിയുക എന്നതും പ്രധാനപ്പെട്ട കാര്യമാണ് “- ബൂമ്ര കൂട്ടിച്ചേർക്കുന്നു.
ബാംഗ്ലൂരിനെതിരായ മത്സരത്തിലെ പ്രകടനത്തിന് ശേഷം ബുമ്ര പർപ്പിൾ ക്യാപ്പ് റേസിലും വലിയ മുന്നേറ്റം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതുവരെ ഈ ഐപിഎല്ലിൽ 10 വിക്കറ്റുകൾ സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. 10 വിക്കറ്റുകളാണ് രാജസ്ഥാൻ താരം ചാഹലും സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ബൂമ്രയ്ക്കാണ് മികച്ച എക്കണോമി റൈറ്റ്. അതുകൊണ്ടുതന്നെ പർപ്പിൾ ക്യാപ്പിനുള്ള റേസിൽ രണ്ടാം സ്ഥാനത്താണ് ചാഹൽ നിൽക്കുന്നത്.