“പ്ലാനുകൾ നന്നായി നടപ്പിലാക്കി, വളരെ സന്തോഷം നൽകുന്ന വിജയം “- രോഹിത് ശർമ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ പൂർണ്ണമായ ആധിപത്യം സ്ഥാപിച്ച് വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 304 റൺസാണ് തങ്ങളുടെ നിശ്ചിത 50 ഓവറുകളിൽ നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്കായി നായകൻ രോഹിത് ശർമ വെടിക്കെട്ട് ആക്രമണം പുറത്തെടുത്തു.

രോഹിത്തിന്റെ അവിസ്മരണീയമായ സെഞ്ച്വറിയുടെ മികവിൽ 4 വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യ മത്സരത്തിൽ വിജയം നേടുകയായിരുന്നു. മത്സരത്തിലെ തന്റെ ബാറ്റിംഗ് പ്രകടനത്തെ പറ്റിയും ഇന്ത്യയുടെ വിജയത്തെ പറ്റിയും നായകൻ രോഹിത് ശർമ മത്സരശേഷം സംസാരിക്കുകയുണ്ടായി.

“എന്നെ സംബന്ധിച്ച വളരെ മികച്ച ഒരു ദിവസം തന്നെയായിരുന്നു ഇന്ന്. മൈതാനത്ത് ഞാൻ റൺസ് നേടുന്നത് ആസ്വദിച്ചു. ടീമിനായി കുറച്ചധികം റൺസ് സ്വന്തമാക്കാനും എനിക്ക് സാധിച്ചു. ഞങ്ങളെ സംബന്ധിച്ച് ഒരു പ്രധാന മത്സരമായിരുന്നു. ഏകദിന ഫ്ലോർമാറ്റ് മറ്റു 2 ഫോർമാറ്റുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്.”

ട്വന്റി20 ക്രിക്കറ്റിനേക്കാൾ കുറച്ചു ദൈർഘ്യമുള്ളതും ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ കുറച്ച് ദൈർഘ്യം കുറഞ്ഞതുമായ ഫോർമാറ്റാണ് ഏകദിനം. അതുകൊണ്ടു തന്നെ നമ്മൾ കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കി ബാറ്റ് ചെയ്യുക എന്നതാണ് ഇവിടെ പ്രധാനം. എനിക്ക് കഴിയാവുന്നത്ര തരത്തിൽ പൂർണ്ണമായ ഫോക്കസോടെ ബാറ്റിംഗിൽ മുന്നോട്ട് പോകാനാണ് ഞാൻ ശ്രമിച്ചത്.”- രോഹിത് പറഞ്ഞു.

“പിച്ചിൽ ഉണ്ടായിരുന്നത് കറുത്ത മണ്ണാണ്. അതുകൊണ്ടു തന്നെ ബോളർമാർക്ക് ചെറിയ ആനുകൂല്യം ലഭിക്കുമെന്ന് ഞങ്ങൾ കരുതി. ഈ സാഹചര്യത്തിൽ ബാറ്റിന്റെ ഫെയ്സ് പൂർണമായും ബോളിന് നേരെ ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഇതോടുകൂടി ബോളർമാർ ഞങ്ങളുടെ ശരീരം ലക്ഷ്യം വയ്ക്കാൻ തുടങ്ങി. എന്നാൽ ഈ പദ്ധതി എങ്ങനെ പൊളിക്കണമെന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. കൃത്യമായി തന്നെ ഗ്യാപ്പുകൾ കണ്ടെത്തി റൺസ് നേടാൻ എനിക്ക് സാധിച്ചു. ശ്രേയസ് അയ്യരും ഗില്ലും എനിക്ക് നല്ല പിന്തുണ തന്നെ നൽകി. അവരോടൊപ്പം ബാറ്റ് ചെയ്യുന്നത് ഞാൻ നന്നായി ആസ്വദിച്ചു. വളരെ ക്ലാസി താരം തന്നെയാണ് ഗിൽ. മുൻപും അവൻ നന്നായി ബാറ്റ് ചെയ്തിട്ടുണ്ട്.”- രോഹിത് കൂട്ടിച്ചേർത്തു.

“മധ്യ ഓവറുകളിൽ ബാറ്റ് ചെയ്യുക എന്നതിന് വലിയ പ്രാധാന്യമാണ് ഇവിടെയുള്ളത്. ആ ഓവറുകളിൽ മത്സരം എങ്ങോട്ട് വേണമെങ്കിലും മാറാം. ആ ഓവറുകളിൽ നന്നായി കളിക്കാൻ സാധിച്ചാൽ അവസാന ഭാഗങ്ങളിൽ നമുക്കത് ഗുണം ചെയ്യും. 2 മത്സരങ്ങളിലും മധ്യ ഓവറുകളിൽ നന്നായി ബോൾ ചെയ്യാനും ബാറ്റ് ചെയ്യാനും നമുക്ക് സാധിച്ചിരുന്നു. മധ്യ ഓവറുകളിൽ ബോളർമാർക്ക് വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചാൽ എതിർ ടീമിനെ വീഴ്ത്താനും നമുക്ക് കഴിയും. ഒരു ടീം എന്ന നിലയിൽ കൂടുതൽ മെച്ചപ്പെട്ട് മുൻപോട്ടു പോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കഴിഞ്ഞ മത്സരം അവസാനിച്ചപ്പോഴും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. ടീമിലുള്ള ഓരോ താരത്തിനും എന്താണ് തങ്ങൾ ചെയ്യേണ്ടത് എന്ന കാര്യത്തിൽ പൂർണ്ണ ബോധ്യമുണ്ട്. ഇത്തരത്തിൽ ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്നത് എന്തും അവർക്ക് ചെയ്യാൻ സാധിച്ചാൽ മറ്റു കാര്യങ്ങൾ ചിന്തിക്കേണ്ടതില്ല.”- രോഹിത് പറഞ്ഞുവയ്ക്കുന്നു.