ഗെയ്‌ലിനെയും പിന്നിലാക്കി രോഹിത്. സിക്സർ റെക്കോർഡിൽ രണ്ടാം സ്ഥാനത്തെയ്ക്ക് ഉജ്ജ്വല കുതിപ്പ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ ഒരു വമ്പൻ റെക്കോർഡ് മറികടക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചു. മത്സരത്തിൽ 76 പന്തുകളിൽ തന്റെ സെഞ്ച്വറി പൂർത്തീകരിക്കാൻ രോഹിത്തിന് സാധിച്ചിരുന്നു. 90 പന്തുകളിൽ 119 റൺസാണ് രോഹിത് മത്സരത്തിൽ നേടിയത്.

12 ബൗണ്ടറികളും 7 സിക്സറുകളുമാണ് ഹിറ്റ്മാന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഈ ഇന്നിങ്സോടെ സിക്സർ റെക്കോർഡിൽ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയിലിനെ മറികടക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന ലിസ്റ്റിൽ ഗെയ്ലിനെ മറികടന്ന് ഇതോടെ രോഹിത് ശർമ രണ്ടാം സ്ഥാനത്ത് എത്തി.

ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കിയ താരം എന്ന റെക്കോർഡ് പാക്കിസ്ഥാൻ മുൻ താരമായിരുന്നു ഷാഹിദ് അഫ്രീദിയ്ക്കാണ്. 369 ഇന്നിംഗ്സുകൾ പാക്കിസ്ഥാനായി ഏകദിന ക്രിക്കറ്റിൽ കളിച്ച അഫ്രീദി 351 സിക്സറുകളാണ് സ്വന്തമാക്കിയത്. ശേഷമാണ് ഇപ്പോൾ രോഹിത് ശർമ ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതുവരെ ഇന്ത്യക്കായി 259 ഏകദിന ഇന്നിംഗ്സുകൾ കളിച്ച രോഹിത് 332 സിക്സറുകൾ നേടിക്കഴിഞ്ഞു. 294 ഇന്നിങ്സുകളിൽ നിന്ന് 331 സിക്സറുകൾ സ്വന്തമാക്കിയ ക്രിസ് ഗെയിലിനെയാണ് രോഹിത് ശർമ മറികടന്നത്.

ശ്രീലങ്കയുടെ ഇതിഹാസതാരം സനത് ജയസൂര്യയാണ് ഈ ലിസ്റ്റിൽ നാലാം സ്ഥാനക്കാരൻ. തന്റെ ഏകദിന കരിയറിൽ 433 ഇന്നിംഗ്സുകൾ കളിച്ച ജയസൂര്യ 270 സിക്സറുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയുടെ മുൻനായകൻ മഹേന്ദ്ര സിംഗ് ധോണി 297 ഇന്നിങ്സുകളിൽ നിന്ന് 229 സിക്സറുകൾ സ്വന്തമാക്കി ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. ഈ തകർപ്പൻ ഇന്നിങ്സോടെ മറ്റു ചില റെക്കോർഡുകളും സ്വന്തം പേരിൽ ചേർക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിന്റെ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡിൽ നിലവിൽ പന്തിനൊപ്പം സ്ഥാനം പിടിക്കാൻ രോഹിത് സാധിച്ചു.

മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് സ്വന്തമാക്കിയിട്ടുള്ള ഓപ്പണർമാരുടെ ലിസ്റ്റിൽ ഏഴാം സ്ഥാനത്ത് ഇതോടെ രോഹിത് ശർമ എത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ മറികടന്നാണ് ഈ റെക്കോർഡിൽ രോഹിത് ശർമ ഏഴാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. സനത് ജയസൂര്യ, ക്രിസ് ഗെയിൽ, ഡേവിഡ് വാർണർ, ഗ്രെയിം സ്മിത്ത്, ഡെസ്മണ്ട് ഹെയ്ൻസ്, വീരേന്ദർ സേവാഗ് എന്നിവരാണ് ഈ ലിസ്റ്റിൽ രോഹിത് ശർമയ്ക്ക് മുൻപിലുള്ളത്. ഇത്തരത്തിൽ പല റെക്കോർഡുകളും തകർത്തെറിഞ്ഞ ഒരു അവിശ്വസനീയ ഇന്നിങ്സാണ് മത്സരത്തിൽ രോഹിത് കാഴ്ചവച്ചത്.