ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഒരു യോർക്കറിൽ ഓലീ പോപിനെ പുറത്താക്കി ജസ്പ്രീത് ബുമ്ര. മത്സരത്തിൽ ഒരു സ്വപ്നതുല്യമായ പന്തിലാണ് ബൂമ്ര ആദ്യ മത്സരത്തിലെ ഹീറോയായ പോപ്പിനെ കൂടാരം കയറ്റിയത്. ഇന്നിംഗ്സിലൂടനീളം യാതൊരു തരത്തിലും തന്റെ ടച്ച് കണ്ടെത്താൻ സാധിക്കാതെ വന്ന പോപ്പിനെ അതിവിദഗ്ധമായി ബൂമ്ര കൂടാരം കയറ്റുകയായിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ഒരു വിക്കറ്റ് തന്നെയായിരുന്നു പോപ്പിന്റേത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ കയ്യിൽ നിന്നും വിജയം തട്ടിയെടുക്കാൻ പ്രധാന കാരണമായി മാറിയത് പോപ്പാണ്. ആ പോപ്പിനെയാണ് ഒരു അത്ഭുത ബോളിൽ ബുമ്ര പവലൈനിൽ എത്തിച്ചിരിക്കുന്നത്.
മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിങ്സിലെ 28ആം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം നടക്കുന്നത്. ഒരു ഇൻസ്വിങ്ങിങ് യോർക്കർ ആയിരുന്നു ബൂമ്ര എറിഞ്ഞത്. മധ്യ സ്റ്റമ്പിനും ലെഗ് സ്റ്റമ്പിനും ഇടയിലായ വന്ന പന്ത് കൃത്യമായി നിർണയിക്കുന്നതിൽ പോപ്പ് പരാജയപ്പെടുകയായിരുന്നു. കൃത്യസമയത്ത് പോപ്പിന് ബോളിനെ നേരിടാൻ സാധിച്ചില്ല.
ഇതോടെ പോപ്പിന്റെ ബാറ്റിനെ മറികടന്ന് ബൂമ്രയുടെ യോർക്കർ സ്റ്റമ്പ് പിഴുതെറിഞ്ഞു. ലെഗ് സ്റ്റമ്പും മിഡിൽ സ്റ്റമ്പും പിഴുതെറിഞ്ഞാണ് ബൂമ്ര തന്റെ കഴിവ് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റർക്ക് കാട്ടിക്കൊടുത്തത്. ഇന്നിംഗ്സിൽ 55 പന്തുകൾ നേരിട്ടെങ്കിലും കേവലം 23 റൺസ് മാത്രമാണ് ഈ സൂപ്പർ താരത്തിന് നേടാൻ സാധിച്ചത്.
ഇന്ത്യയെ സംബന്ധിച്ച് മത്സരത്തിൽ കൃത്യമായ ആധിപത്യം ഈ വിക്കറ്റ് നൽകിയിട്ടുണ്ട്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ജെയസ്വാൾ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയായിരുന്നു. മത്സരത്തിൽ 29 റൺസിന്റെ തകർപ്പൻ ഇന്നിങ്സാണ് ജയസ്വാൾ കളിച്ചത്.
ഇതോടെ ഇന്ത്യ ഇന്നിങ്സിൽ ശക്തമായ ഒരു സ്കോറിലെത്തി. മറ്റു ബാറ്റർമാർ പരാജയപ്പെട്ടെങ്കിലും ആദ്യ ഇന്നിംഗ്സിൽ 396 റൺസ് കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. മറുപടി ബാറ്റിംഗിനീറങ്ങിയ ഇംഗ്ലണ്ടിനും മികച്ച തുടക്കം തന്നെയായിരുന്നു ലഭിച്ചത്.
ഇന്ത്യൻ സ്പിന്നർമാരെ നന്നായി തന്നെ നേരിടാൻ ഇംഗ്ലണ്ടിന്റെ ഓപ്പണർമാർക്ക് സാധിച്ചു. ഇതിൽ 76 റൺസ് നേടിയ ക്രോളിയാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ശേഷമാണ് ബൂമ്ര തിരിച്ചെത്തി ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകൾ സമ്മാനിച്ചത്.
മത്സരത്തിലെ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റായാണ് പോപ്പ് കൂടാരം കയറിയത്. ആദ്യ ഇന്നിങ്സിൽ ചെറിയ സ്കോറിന് ഇംഗ്ലണ്ടിനെ ഒതുക്കി കൃത്യമായ ലീഡ് കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ പരാജയമറിഞ്ഞതിനാൽ തന്നെ രണ്ടാം മത്സരം ഇന്ത്യയ്ക്ക് വളരെ നിർണായകമാണ്.