ജയ്സ്വാൾ പവറിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയത് 396 റൺസ്. ബാസ്ബോൾ തന്ത്രം പ്രതിരോധിക്കാൻ ഇന്ത്യ.

GFYzhRvagAAg3JQ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഒരു വമ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച് ഇന്ത്യ. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 396 റൺസാണ് നേടിയത്. യുവതാരം യശസ്വി ജയ്സ്വാളിന്റെ തകർപ്പൻ ഇരട്ട സെഞ്ച്വറിയാണ് മത്സരത്തിൽ ഇന്ത്യയെ ഇത്ര മികച്ച സ്കോറിൽ എത്തിച്ചത്.

ആദ്യ മത്സരത്തിൽ ബാറ്റിംഗിൽ പൂർണമായി പരാജയപ്പെട്ട ഇന്ത്യയുടെ ഒരു തിരിച്ചുവരവാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. എന്നിരുന്നാലും ജയ്സ്വാൾ ഒഴികെയുള്ള മറ്റു ബാറ്റർമാർ മത്സരത്തിൽ മികവ് പുലർത്താതെ പോയത് ഇന്ത്യയെ നിരാശരാക്കിയിട്ടുണ്ട്. പക്ഷേ ഒന്നാ ഇന്നിങ്സിൽ ഈ സ്കോർ പ്രതിരോധിച്ച്, ഒരു വലിയ ലീഡ് കണ്ടെത്താനാവും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ വളരെ കരുതലോടെയാണ് തുടങ്ങിയത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി രോഹിത് ശർമയും ജയസ്വാളും പതിയെയാണ് മുൻപോട്ടു പോയത്. എന്നാൽ ഇതിനിടെ രോഹിത് ശർമ 14 റൺസുമായി കൂടാരം കയറി. ശേഷമെത്തിയ ഗില്ലിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാൻ സാധിച്ചില്ല.

46 പന്തുകൾ നേരിട്ട ഗിൽ 34 റൺസാണ് നേടിയത്. പിന്നാലെ 27 റൺസ് നേടിയ ശ്രേയസ് അയ്യരും, 32 റൺസ് നേടിയ രാജത് പട്ടിദാറും ഇന്ത്യയ്ക്ക് ചെറിയ സംഭാവനകൾ നൽകി. ഈ സമയം മറുവശത്ത് ജയ്സ്വാൾ പൂർണമായും ക്രീസിൽ ഉറയ്ക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ തന്റെ സെഞ്ച്വറി പൂർത്തീകരിക്കാൻ ജയ്സ്വാളിന് സാധിച്ചു.

Read Also -  ശ്രീലങ്കയ്ക്കെതിരെ സഞ്ജുവും അഭിഷേകും ടീമിൽ, പന്ത് പുറത്ത്. ട്വന്റി20 സാധ്യത ഇലവൻ ഇങ്ങനെ.

മത്സരത്തിൽ 151 പന്തുകളിൽ നിന്നാണ് ജയസ്വാൾ സെഞ്ച്വറി പൂർത്തീകരിച്ചത്. മറുവശത്ത് ബാറ്റർമാർ ജയസ്വാളിന് പിന്തുണ നൽകിയെങ്കിലും തങ്ങളുടെ വ്യക്തിഗത സ്കോർ ഉയർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. ആദ്യ ദിവസം 179 റൺസ് നേടിയ ജയസ്വാൾ പുറത്താവാതെ നിന്നു. ഇന്ത്യയെ മികച്ച ഒരു നിലയിൽ എത്തിക്കാനും ജയസ്വാളിന് ആദ്യ ദിവസം സാധിച്ചിരുന്നു.

രണ്ടാം ദിവസവും ആക്രമണപരമായി തന്നെയാണ് ജയ്സ്വാൾ മുന്നോട്ടുവന്നത്. ഒരു പടുകൂറ്റൻ സിക്സറും ബൗണ്ടറിയും നേടിയാണ് ജയ്സ്വാൾ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി പൂർത്തീകരിച്ചത്. മത്സരത്തിൽ 290 പന്തുകൾ നേരിട്ട ജയ്സ്വാൾ 19 ബൗണ്ടറികളും 7 സിക്സറുകളുടക്കം 209 റൺസാണ് നേടിയത്.

ജയസ്‌വാൾ പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ ബാറ്റർമാരൊക്കെയും പെട്ടെന്ന് തന്നെ കൂടാരം കയറുകയുണ്ടായി. ഇങ്ങനെ ഇന്ത്യയുടെ ഇന്നിംഗ്സ് കേവലം 396 റൺസിൽ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി പേസർ ജെയിംസ് ആൻഡേഴ്‌സൻ, രേഹൻ അഹമ്മദ്, അരങ്ങേറ്റക്കാരനായ ഷുഹൈബ് ബഷീർ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി.

ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഇന്ത്യയെ 450 റൺസിൽ താഴെ ഒതുക്കാൻ പറ്റിയതിന്റെ ആശ്വാസമുണ്ട്. നിലവിൽ പിച്ച് ബാറ്റിംഗിന് അനുകൂലമായതിനാൽ തന്നെ ഇംഗ്ലണ്ട് തങ്ങളുടെ ബാസ്ബോൾ തന്ത്രം രണ്ടാം ദിവസം പ്രയോഗിക്കാനാണ് സാധ്യത.

Scroll to Top