“പിച്ച് ചതിച്ചു, ദക്ഷിണാഫ്രിക്കയ്ക്ക് പിച്ചിൽ നിന്ന് സഹായം ലഭിച്ചു”.. പരാജയ കാരണം തുറന്ന് പറഞ്ഞ് കെഎൽ രാഹുൽ..

kl rahul and sai scaled

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരത്തിൽ ദയനീയമായ ഒരു പരാജയമായിരുന്നു ഇന്ത്യ നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കേവലം 211 റൺസിന് പുറത്തായി. ഇന്ത്യൻ നിരയിൽ അർത്ഥ സെഞ്ച്വറികൾ സ്വന്തമാക്കിയ സായി സുദർശനും നായകൻ രാഹുലും മാത്രമാണ് അല്പസമയമെങ്കിലും പിടിച്ചുനിന്നത്. സഞ്ജു സാംസൺ അടക്കമുള്ള മധ്യനിര ബാറ്റർമാർ പരാജയപ്പെടുകയുണ്ടായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കായി ബാറ്റർമാരൊക്കെയും മികവ് പുലർത്തി. ഓപ്പണർ സോഴ്സി മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറിയും നേടി. ഇതോടെ 8 വിക്കറ്റുകളുടെ വിജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു. മത്സരത്തിലെ പരാജയത്തെപ്പറ്റി മത്സരശേഷം ഇന്ത്യൻ നായകൻ കെഎൽ രാഹുൽ സംസാരിക്കുകയുണ്ടായി.

ബാറ്റിംഗിൽ വന്ന പിഴവുകളാണ് മത്സരത്തിൽ പരാജയമറിയാൻ പ്രധാന കാരണമായി മാറിയത് എന്നാണ് രാഹുൽ പറഞ്ഞത്. “ടോസിന് മത്സരത്തിൽ വലിയ പ്രാധാന്യമുണ്ടായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ വിക്കറ്റിൽ നിന്ന് ബോളർമാർക്ക് വലിയ സഹായം ലഭിച്ചിരുന്നു. എന്നിരുന്നാലും ഞാനും സായിയും ക്രീസിലുണ്ടായിരുന്ന സമയത്ത് വലിയ സ്കോർ കണ്ടെത്താനാവും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ആരെങ്കിലും സെഞ്ചുറിയോ മറ്റോ നേടുകയാണെങ്കിൽ 50-60 റൺസ് കൂടുതലായി ഞങ്ങൾക്ക് നേടാൻ സാധിക്കുമായിരുന്നു. എന്നിരുന്നാലും ഇതൊക്കെയും ഒരു പഠനത്തിന്റെ ഭാഗമായാണ് ഞങ്ങൾ എടുക്കുന്നത്.”- രാഹുൽ പറഞ്ഞു.

Read Also -  സഞ്ചുവിന്‍റെ വിവാദ പുറത്താകല്‍ നിര്‍ണായകമായി. ഫിനിഷ് ചെയ്യാനാവാതെ രാജസ്ഥാന്‍ റോയല്‍സ്. തുടര്‍ച്ചയായ രണ്ടാം പരാജയം.

“240 എന്ന ഒരു സ്കോർ മത്സരത്തിൽ കണ്ടെത്തിയിരുന്നുവെങ്കിൽ ഒരുപക്ഷേ മറ്റൊന്നായേനെ കഥ. എന്നാൽ നിർഭാഗ്യവശാൽ ഞങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. അവർക്ക് വിക്കറ്റിൽ നിന്ന് വലിയ സഹായങ്ങൾ ലഭിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ വിശ്വസിക്കുന്നത് താരങ്ങളുടെ വ്യക്തിപരമായ മത്സരത്തിൽ തന്നെയാണ്. എല്ലാ താരങ്ങൾക്കും അവരുടേതായ ഗെയിം തന്ത്രങ്ങളുണ്ട്. അവർക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ അത് പ്രാവർത്തികമാക്കുകയാണ് ചെയ്യേണ്ടത്. അതാണ് ഞങ്ങൾ സംസാരിക്കാറുള്ളത്. ക്രിക്കറ്റിൽ ശരി തെറ്റ് എന്നൊന്നില്ല. അവരവരുടേതായ ഗെയിം പ്ലാനുകളുമായി വരുന്ന താരങ്ങളെ വിശ്വസിക്കുക എന്നത് മാത്രമാണ് ചെയ്യാൻ സാധിക്കുന്നത്.”- രാഹുൽ കൂട്ടിച്ചേർത്തു.

“ആദ്യ 10 ഓവറുകളിൽ ഞങ്ങളുടെ ബോളർമാർക്കും പിച്ചില്‍ നിന്ന് സഹായങ്ങൾ ലഭിച്ചിരുന്നു. പലതവണ ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തെ മറികടക്കാൻ ഞങ്ങളുടെ ബോളർമാർക്ക് സാധിച്ചു. ചില സമയങ്ങളിൽ ബാറ്റിന്റെ എഡ്ജിലും ബോൾ കൊള്ളുകയുണ്ടായി. എന്നാൽ കൃത്യമായി ക്യാച്ചുകൾ കൈപ്പിടിയിൽ ഒതുക്കുന്നതിലും ഞങ്ങൾ പരാജയപ്പെട്ടു. അത്തരം സമ്മർദ്ദങ്ങൾ പൂർണ്ണമായും ദക്ഷിണാഫ്രിക്കയിൽ ചെലുത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. മത്സരത്തിൽ എന്ത് സംഭവിച്ചു എന്നത് ഞങ്ങൾ ഇവിടെ ഉപേക്ഷിക്കുന്നു. അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ചുവരാനാണ് ശ്രമിക്കുന്നത്.”- രാഹുൽ പറഞ്ഞു വെക്കുന്നു.

Scroll to Top