2024 ട്വന്റി20 ലോകകപ്പിൽ ലോക ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കാൻ പോകുന്നത്. ജൂൺ 9ന് ന്യൂയോർക്കിലാണ് മത്സരം നടക്കുന്നത്. വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യയും പാകിസ്ഥാനും ഇത്തവണത്തെ ലോകകപ്പിലേക്ക് എത്തിയിരിക്കുന്നത്.
പ്രധാനമായും വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ സീനിയർ താരങ്ങളിലാണ് ഇന്ത്യ വലിയ പ്രതീക്ഷ വെച്ചിരിക്കുന്നത്. 2007 ലോകകപ്പിന് ശേഷം മറ്റൊരു ട്വന്റി20 കിരീടം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. എന്നാൽ ഇത്തവണ ഒരു മികച്ച അവസരമാണ് ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ന്യൂയോർക്കിൽ ഏറ്റുമുട്ടുമ്പോൾ ഏത് ടീം വിജയിക്കും എന്നാണ് സൗരവ് ഗാംഗുലി പ്രവചിച്ചിരിക്കുന്നത്.
പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ തന്നെ വിജയം കാണും എന്നാണ് സൗരവ് ഗാംഗുലി വിശ്വസിക്കുന്നത്. പാക്കിസ്ഥാനെക്കാളും മികച്ച ടീം ഇത്തവണ ഇന്ത്യയാണ് എന്ന് ഗാംഗുലി പറയുന്നു. “പാക്കിസ്ഥാനെതിരായ നമ്മുടെ റെക്കോർഡുകൾ വളരെ വളരെ മികച്ചതാണ്. കഴിഞ്ഞ കുറച്ചധികം നാളുകളായി പാക്കിസ്ഥാനെതിരെ മികച്ച പോരാട്ടം നയിക്കാൻ നമുക്ക് സാധിച്ചിരുന്നു. എന്നിരുന്നാലും 50 ഓവർ ഫോർമാറ്റിനെക്കാൾ മികച്ച രീതിയിൽ ട്വന്റി20കളിൽ കളിക്കാൻ പാക്കിസ്ഥാൻ ടീമിന് സാധിക്കും. അഹമ്മദാബാദിൽ ഇന്ത്യ പാകിസ്ഥാനെതിരെ ഏറ്റുമുട്ടിയപ്പോൾ നമ്മൾ അവരെ പരാജയപ്പെടുത്തിയിരുന്നു. അന്ന് അനായാസമായാണ് നമ്മൾ വിജയം കണ്ടത്.”- ഗാംഗുലി പറയുന്നു.
“നന്നായി കളിക്കുകയാണെങ്കിൽ മത്സരത്തിൽ പൂർണമായി ആധിപത്യം നേടാൻ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യ ശ്രദ്ധിക്കേണ്ടത് ഫ്രീയായി കളിക്കാനാണ്. ‘ഫ്രീ’ എന്ന വാക്ക് ഞാൻ വീണ്ടും ഉപയോഗിക്കുകയാണ്. കാരണം ഓസ്ട്രേലിയയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ അത്ര ഫ്രീയായി കളിച്ചതായി എനിക്ക് തോന്നിയില്ല. ബാക്കി കാര്യങ്ങളൊക്കെയും മാറ്റിനിർത്തി ഇന്ത്യ കളിക്കണം. വിജയമോ പരാജയമോ ഓർത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല. ലോകകപ്പ് വിജയമോർത്ത് ബുദ്ധിമുട്ടരുത്. എല്ലാ മത്സരങ്ങളും അതിന്റെതായ രീതിയിൽ കണ്ട് കളിക്കാൻ ശ്രമിക്കണം.”- ഗാംഗുലി കൂട്ടിച്ചേർത്തു.
“ഈ ലോകകപ്പിൽ വളരെ വലിയ സാധ്യതകളാണ് ഇന്ത്യയ്ക്ക് മുൻപിലുള്ളത്. ഒരു ട്വന്റി20 ടീമായി തന്നെ ഇന്ത്യ മുൻപോട്ട് വന്ന് കളിക്കേണ്ടതുണ്ട്. തെല്ലും ഭയപ്പാടില്ലാത്ത കളിക്കാനും ആക്രമണം അഴിച്ചുവിടാനും ഇന്ത്യൻ താരങ്ങൾക്ക് സാധിക്കണം. കാരണം നമുക്ക് അസാമാന്യ പ്രതിഭകളുണ്ട്.
വിരാട് കോഹ്ലി, സൂര്യകുമാർ, പന്ത്, ദുബെ, പാണ്ഡ്യ, അക്ഷർ, ബുംറ, സഞ്ജു ഇവരൊക്കെയും അസാമാന്യ കളിക്കാർ തന്നെയാണ്. അതുകൊണ്ടു തന്നെയാണ് ഇന്ത്യയ്ക്ക് ലോകകപ്പ് സ്വന്തമാക്കാൻ സാധിക്കുമെന്ന് ഞാൻ പറയുന്നത്. സ്വാതന്ത്ര്യത്തോടെ കളിക്കുക എന്നത് മാത്രമാണ് എല്ലാവരും ചെയ്യേണ്ടത്.”- ഗാംഗുലി പറഞ്ഞു വയ്ക്കുന്നു.