പരാഗ് ഒരു ടോപ് ക്ലാസ്സ് ബാറ്റർ, ഇനിയും അവനിൽ നിന്ന് പ്രതീക്ഷിക്കുന്നു. പ്രശംസകളുമായി അശ്വിൻ.

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 4 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിലെ വിജയത്തിന് ശേഷം രാജസ്ഥാൻ ബാറ്റർ റിയാൻ പരഗിന് പ്രശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ മികച്ച പ്രകടനം തന്നെയായിരുന്നു പരാഗ് കാഴ്ചവച്ചത്. 22 പന്തുകൾ നേരിട്ട പരഗ് മത്സരത്തിൽ 34 റൺസ് നേടുകയുണ്ടായി.

നിർണായകമായ സമയത്ത് ഹെറ്റ്മയറുമൊത്ത് കിടിലൻ കൂട്ടുകെട്ടാണ് പരാഗ് കെട്ടിപ്പടുത്തത്. എന്നിരുന്നാലും മത്സരങ്ങൾ കൂടുതലായി ഫിനിഷ് ചെയ്യാൻ പരാഗ് ശ്രമിക്കണം എന്നാണ് രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എന്നിരുന്നാലും പരഗ് വളരെ മികച്ച പ്രകടനങ്ങളാണ് ഈ സീസണിൽ പുറത്തെടുത്തിരിക്കുന്നത് എന്ന് അശ്വിൻ സമ്മതിക്കുന്നു.

ഇതിനോടകം തന്നെ വമ്പൻ റെക്കോർഡുകളാണ് പരഗ് സീസണിൽ നേടിയിട്ടുള്ളത്. ഒരു ഐപിഎൽ സീസണിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കുന്ന നാലാം നമ്പർ ബാറ്റർ എന്ന റെക്കോർഡ് പരാഗ് തന്റെ പേരിൽ ചേർത്തു കഴിഞ്ഞു. ഒരു സീസണിൽ നാലാം നമ്പറിൽ 550 റൺസിലധികം സ്വന്തമാക്കുന്ന ഐപിഎല്ലിലെ ആദ്യ ബാറ്ററാണ് പരാഗ്.

രാജസ്ഥാനായി ഈ സീസണിൽ 13 ഇന്നിങ്സുകളിൽ നിന്ന് 567 റൺസ് ആണ് താരം നേടിയിട്ടുള്ളത്. 56.7 എന്ന ഉയർന്ന ശരാശരിയും 151 എന്ന സ്ട്രൈക്ക് റേറ്റും പരാഗിനുണ്ട്. എന്നിരുന്നാലും ഇതിലും മികച്ച പ്രകടനങ്ങളാണ് താൻ പരഗിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് അശ്വിൻ പറയുന്നു

“റിയാൻ പരാഗിൽ എനിക്കുള്ള പ്രതീക്ഷകൾ വളരെ വലുതാണ്. പല മത്സരങ്ങളും ഫിനിഷ് ചെയ്യാനും അവസാനിപ്പിക്കാനും അവന് സാധിക്കുന്നില്ല എന്നത് പറയാതിരിക്കാൻ സാധിക്കില്ല. പരഗിനോടും ജയസ്വാളിനോടും ഞാൻ എല്ലായിപ്പോഴും പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം ഇതുതന്നെയാണ്. കാരണം മുൻനിര താരങ്ങൾക്കൊക്കെയും അത് സാധിക്കേണ്ട കാര്യമാണ്. അത്തരം കഴിവുകളുള്ള താരം തന്നെയാണ് പരാഗ്. അതുകൊണ്ടു തന്നെയാണ് ഇത്തരം താരങ്ങളിൽ ഞാൻ ഒരുപാട് ആവേശം കൊള്ളുന്നത്.”- അശ്വിൻ പറഞ്ഞു.

2024 ഐപിഎല്ലിലെ സഞ്ജു സാംസന്റെ പ്രകടനത്തെയും അശ്വിൻ അഭിനന്ദിക്കുകയുണ്ടായി. പ്രത്യേകിച്ച് 165 എന്ന സഞ്ജുവിന്റെ ഉയർന്ന സ്ട്രൈക്ക് റേറ്റിനെ പ്രശംസിച്ചു കൊണ്ടാണ് അശ്വിൻ രംഗത്തെത്തിയത്.

“ഇത്തവണത്തെ സീസണിൽ 165 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു സാംസൺ കളിക്കുന്നത്. ഈ വർഷം സഞ്ജു സാംസണിൽ നിന്ന് ഞങ്ങൾക്ക് കൃത്യമായി ആവശ്യമുള്ളത് അത്തരം പ്രകടനങ്ങൾ തന്നെയായിരുന്നു. അവന്റെ പ്രകടനങ്ങൾ ഞങ്ങൾക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ട്. മാത്രമല്ല അവൻ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ടീമിൽ സ്ഥാനം പിടിച്ചതിലും എനിക്ക് വലിയ സന്തോഷമുണ്ട്. ലോകകപ്പിൽ അവന് ചുറ്റും മികച്ച താരങ്ങൾ തന്നെയാണ് ഉള്ളത്.”- അശ്വിൻ കൂട്ടിച്ചേർത്തു.

Previous articleകുറച്ച് നേരത്തെ ബാറ്റിംഗിനിറങ്ങാൻ ആഗ്രഹമുണ്ട്, പക്ഷേ ടീം പറയുന്ന റോളിൽ കളിക്കും. റോബ്മൻ പവൽ പറയുന്നു..
Next articleചെന്നൈയെ തോൽപിച്ചാലോ ആഘോഷം നടത്തിയാലോ കപ്പ് കിട്ടില്ല. ബാംഗ്ലൂർ ടീമിനെതിരെ അമ്പാട്ടി റായുഡു.