2024 ട്വന്റി20 ലോകകപ്പ് എന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ടൂർണമെന്റാണ്. 11 വർഷത്തിനുശേഷം ഒരു ഐസിസി ട്രോഫി സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂണിൽ ഇന്ത്യ വെസ്റ്റിൻഡീസിലും അമേരിക്കയിലും എത്തുന്നത്. മികച്ച ഒരു 15 അംഗ സ്ക്വാഡിനെ തിരഞ്ഞെടുക്കുക എന്നതാണ് അതിന്റെ ആദ്യപടി.
എന്നിരുന്നാലും നിലവിൽ ഇതുവരെ ഇന്ത്യയുടെ സ്ക്വാഡിനെ സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രധാനമായും വിക്കറ്റ് കീപ്പർ സ്ലോട്ടിലേക്കാണ് ഇന്ത്യയ്ക്ക് വലിയ ആശയക്കുഴപ്പങ്ങൾ നിൽക്കുന്നത്. നിലവിൽ സഞ്ജു സാംസൺ, ഋഷഭ് പന്ത്, കെഎൽ രാഹുൽ എന്നീ താരങ്ങളിലാണ് ഇന്ത്യ വലിയ രീതിയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നത്. ഇവരിൽ ആരാവും ഇന്ത്യയുടെ ലോകകപ്പിലെ വിക്കറ്റ് കീപ്പർ എന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഹീർഖാൻ.
ഇന്ത്യ റിഷഭ് പന്തിനെ തന്നെ ലോകകപ്പിലെ വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കും എന്നാണ് സഹീർ ഖാൻ പറയുന്നത്. മറ്റൊരു റിസർവ് വിക്കറ്റ് കീപ്പറെ ഇന്ത്യക്ക് ലോകകപ്പിൽ ആവശ്യമില്ലയെന്നും സഹിർ ഖാൻ പറഞ്ഞു. അതിന് പകരമായി 4 പേസർമാരെ തിരഞ്ഞെടുക്കുന്നതാവും ഇന്ത്യയ്ക്ക് നല്ലത് എന്ന് സഹീർ പറയുന്നു.
“പന്താണ് ലോകകപ്പ് സ്ക്വാഡിൽ എന്നെ സംബന്ധിച്ച് കളിക്കേണ്ട ഒരേ ഒരു വിക്കറ്റ് കീപ്പർ. ഞാൻ പ്രധാനമായും പ്രാധാന്യം നൽകുന്നത് 4 പേസർമാരെ ടീമിൽ ഉൾപ്പെടുത്തുന്നതിലാണ്. മറ്റൊരു വിക്കറ്റ് കീപ്പറെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിനായി ഒരു പേസ് ബോളറെ ത്യജിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വിക്കറ്റ് കീപ്പർ എന്ന നിലയ്ക്ക് നമുക്ക് രാഹുൽ, സഞ്ജു, ദിനേശ് കാർത്തിക് തുടങ്ങിയവരെ പരിഗണിക്കാൻ സാധിക്കും. ഈ സമയത്ത് മഹേന്ദ്ര സിംഗ് ധോണി പോലും ആ നിലയിലേക്ക് എത്തും. എന്നാൽ ഇന്ത്യൻ സെലക്ടർമാർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക സഞ്ജു, രാഹുൽ, ജിതേഷ് ശർമ തുടങ്ങിയ കളിക്കാരിലാവും.”- സഹീർ പറയുന്നു.
മാത്രമല്ല 2024 ട്വന്റി20 ലോകകപ്പിനുള്ള തന്റെ സ്ക്വാഡിനെ തിരഞ്ഞെടുക്കാനും സഹീർ മറന്നില്ല. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇടങ്കയ്യൻ പേസർ യാഷ് ദയാലിനെ സഹീർ തന്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് അത്ഭുതകരമായ കാര്യം. പരിക്കുപറ്റിയ മുഹമ്മദ് ഷമിയുടെ അഭാവത്തിൽ യാഷ് ദയാലിന് ടീമിൽ തിളങ്ങാൻ സാധിക്കും എന്നാണ് സഹീർ പറയുന്നത്. ഒപ്പം മുഹമ്മദ് സിറാജ് ഫോമിലല്ലാത്ത സമയത്ത് ഡെത്ത് ബോളറായും ദയാലിനെ ഇന്ത്യയ്ക്ക് ഉപയോഗിക്കാൻ സാധിക്കും എന്നാണ് സഹീർ ഖാൻ കരുതുന്നത്.
സഹീർ ഖാന്റെ ലോകകപ്പിനുള്ള സ്ക്വാഡിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ഉൾപ്പെടുന്നു. സൂര്യകുമാർ യാദവും റിങ്കു സിങ്ങും ഇന്ത്യയുടെ ബാറ്റർമാരായി ലോകകപ്പിൽ എത്തണം എന്നാണ് സഹീർ ഖാൻ കരുതുന്നത്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ശിവം ദുബയും ഹർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഉള്ളത്. പേസർമാരായി ബൂമ്ര, സിറാജ്, അർഷദീപ് , യാഷ് ദയാൽ എന്നിവരെ സഹീർ ഉൾപ്പെടുത്തിയിരിക്കുന്നു. സ്പിന്നർമാരായി കുൽദീപിനെയും ചാഹലിനെയുമാണ് സഹീർ പരിഗണിച്ചിരിക്കുന്നത്.