ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനൽ മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് വിജയം സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു. വിരാട് കോഹ്ലിയുടെ തട്ടുപൊളിപ്പൻ ഇന്നിംഗ്സാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യൻ ഇന്നിങ്സിലെ 43ആം ഓവർ വരെ വളരെ ശാന്തനായി മൈതാനത്ത് തുടരാൻ വിരാട് കോഹ്ലിയ്ക്ക് സാധിച്ചു.
98 പന്തുകൾ നേരിട്ട കോഹ്ലി 84 റൺസാണ് മത്സരത്തിൽ നേടിയത്. എന്നാൽ ആദം സാംപയെറിഞ്ഞ 43ആം ഓവറിൽ കോഹ്ലിയ്ക്ക് തന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. കോഹ്ലിയുടെ വിക്കറ്റ് എതിർ ക്രീസിലുണ്ടായിരുന്ന കെഎൽ രാഹുലിന് വലിയ നിരാശ ഉണ്ടാക്കിയിരുന്നു. ഇതേ സംബന്ധിച്ച് രാഹുൽ സംസാരിക്കുകയുണ്ടായി.
മത്സരത്തിൽ ഒരു അനാവശ്യ ഷോട്ട് കളിച്ചായിരുന്നു വിരാട് കോഹ്ലി പുറത്തായത്. ക്രീസിൽ ഉണ്ടായിരുന്ന സമയത്ത് കൊഹ്‌ലിയുമായി താൻ നടത്തിയ സംഭാഷണത്തെപ്പറ്റിയാണ് രാഹുൽ തുറന്നു പറഞ്ഞത്. ക്രീസിൽ എത്തിയതിന് ശേഷം 10- 12 പന്തുകൾ ഞാൻ നേരിട്ടിരുന്നു. അതിന് ശേഷം ഞാൻ കോഹ്ലിയുടെ അടുത്ത് ചെല്ലുകയും, താങ്കളാണ് അവസാന ബോൾ വരെ ക്രീസിൽ തുടരേണ്ട താരമെന്ന് പറയുകയും ചെയ്തു. അതുകൊണ്ടു തന്നെ വലിയ ഷോട്ടുകൾ ഞാൻ കളിക്കാം എന്നായിരുന്നു ആവശ്യപ്പെട്ടത്. ഒരോവറിൽ ഒരു ചാൻസ് വച്ച് എടുത്ത് വലിയ ഷോട്ട് കളിക്കാമെന്ന് ഞാൻ കണക്കുകൂട്ടി. കാരണം ആ സമയത്ത് ഒരു ഓവറിൽ ഞങ്ങൾക്ക് 6 റൺസായിരുന്നു ആവശ്യമായിരുന്നത്. ഇത്തരമൊരു വിക്കറ്റിൽ 6 റൺസ് എടുത്തത് ഒരു 8 റൺസ് നേടിയതിന് തുല്യമായിരുന്നു. “- രാഹുൽ പറയുകയുണ്ടായി.
“അതുകൊണ്ടുതന്നെ റിസ്ക് എടുത്ത് ഞാൻ മുൻപോട്ടു പോകാമെന്നായിരുന്നു കോഹ്ലിയോട് പറഞ്ഞത്. സ്ട്രൈക് റൊട്ടേറ്റ് ചെയ്ത് കോഹ്ലി ക്രീസിൽ തുടരണമെന്നും ഞാൻ ആവശ്യപ്പെട്ടിരുന്നു. കാരണം കോഹ്ലി ആ സമയത്ത് ഒരു സെറ്റ് ബാറ്റർ ആയിരുന്നു. അങ്ങനെ ഒരു ബാറ്റർ ആ സമയത്ത് അനാവശ്യ ഷോട്ട് കളിച്ച് പുറത്തായിരുന്നുവെങ്കിൽ പുതുതായി എത്തുന്ന ബാറ്റര്‍ക്ക് കാര്യങ്ങൾ അത്ര അനായാസം ആയിരുന്നില്ല. എന്നാൽ പിന്നീട് ഒരു വലിയ ഷോട്ട് കളിക്കാമെന്ന് കോഹ്ലി കരുതി പക്ഷേ അത് വേണ്ട രീതിയിൽ കണക്ട് ചെയ്യാനും കോഹ്ലിയ്ക്ക് സാധിച്ചില്ല.”- രാഹുൽ കൂട്ടിച്ചേർത്തു.
മത്സരത്തിലെ ഇന്നിങ്സിൽ വളരെ സന്തോഷം പ്രകടിപ്പിച്ചാണ് കോഹ്ലി സംസാരിച്ചത്. എന്നാൽ താൻ നിർണായ സമയത്ത് പുറത്തായത് നിരാശയുണ്ടാക്കി എന്നും കോഹ്ലി പറഞ്ഞു. “ആ സമയത്ത് അധികമായി 20 റൺസ് നേടി രണ്ടോ മൂന്നോ ഓവറുകൾക്കുള്ളിൽ തന്നെ മത്സരം വിജയിപ്പിക്കണമെന്നായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. സാധാരണയായി ആ മാനദണ്ഡം തന്നെയാണ് ഞാൻ പിന്തുടരാറുള്ളത്. പക്ഷേ ചില സമയത്ത് അത്തരം പദ്ധതികൾ നടപ്പിലാകാതെ വരും.”- മത്സരശേഷം കോഹ്ലി പറയുകയുണ്ടായി.