ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ഒരു വമ്പൻ വിജയം തന്നെയായിരുന്നു കൊൽക്കത്ത സ്വന്തമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാംഗ്ലൂർ നിശ്ചിത 20 ഓവറുകളിൽ 182 റൺസ് നേടുകയുണ്ടായി. 83 റൺസ് നേടിയ വിരാട് കോഹ്ലിയുടെ മികവിലാണ് ബാംഗ്ലൂർ ഇത്ര മികച്ച സ്കോർ കണ്ടെത്തിയത്.
എന്നാൽ മറുപടി ബാറ്റിംഗിൽ കൊൽക്കത്തയുടെ മുൻനിര തീയായി മാറിയതോടെ ടീം അനായാസം വിജയത്തിൽ എത്തുകയായിരുന്നു. കേവലം 16.5 ഓവറുകളിൽ തന്നെ വിജയലക്ഷ്യം മറികടക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചു. മത്സരത്തിലെ കൊൽക്കത്തയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചത് ഓപ്പണർ സുനിൽ നരേയ്ന്റെ വെടിക്കെട്ട് ആയിരുന്നു. മത്സരത്തിൽ 22 പന്തുകളിൽ 47 റൺസാണ് സുനിൽ നരെയ്ൻ നേടിയത്. ഇതിന് ശേഷം നരെയ്നെ പ്രശംസിച്ചുകൊണ്ട് കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ രംഗത്ത് വരികയുണ്ടായി.
മത്സരത്തിൽ തന്റെ റോളിനെ പറ്റി സുനിൽ നരെയ്ന് വ്യക്തതയുണ്ട് എന്ന് അയ്യർ പറയുകയുണ്ടായി. മാത്രമല്ല മത്സരത്തിലെ റസലിന്റെ ബോളിംഗ് മികവിന് അംഗീകരിക്കേണ്ടതുണ്ട് എന്നും അയ്യർ പറഞ്ഞു. “റസൽ കൃത്യമായ സമയത്ത് മത്സരത്തിലേക്ക് വരികയും വിക്കറ്റിനെ മനസ്സിലാക്കുകയും ചെയ്തു. ബോളർമാർക്ക് വിക്കറ്റിൽ നിന്ന് വലിയ സഹായങ്ങൾ ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കി റസൽ സ്ലോ ബോളുകൾ എറിയാൻ ആരംഭിക്കുകയായിരുന്നു. ഇത്തരത്തിൽ താരങ്ങൾക്ക് കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കി പന്തറിയാൻ സാധിക്കുന്നത് വലിയ സന്തോഷം നൽകുന്നുണ്ട്.”- അയ്യർ പറഞ്ഞു.
മത്സരത്തിലെ സുനിൽ നരെയ്ന്റെ വ്യക്തതയെ പറ്റിയാണ് പിന്നീട് അയ്യർ സംസാരിച്ചത്. “സുനിൽ നരെയ്ൻ മത്സരത്തിലെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ഇറങ്ങിയ സാഹചര്യത്തിൽ അവന് നല്ല വ്യക്തത ഉണ്ടായിരുന്നു. മത്സരത്തിൽ മൈതാനത്തെ 30 വാര സർക്കിളിന് പുറത്തേക്ക് പന്തടിക്കണം എന്നത് മാത്രമായിരുന്നു അവന് നൽകിയിരുന്ന ജോലി.”- അയ്യർ കൂട്ടിച്ചേർത്തു.
ടൂർണമെന്റിന്റെ തുടക്കമായതിനാൽ തന്നെ വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താൻ തയ്യാറല്ലയെന്നും അയ്യർ പറയുകയുണ്ടായി. പൂർണമായും വിജയം സ്വന്തമാക്കുന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അയ്യർ കൂട്ടിച്ചേർത്തു.
“ഈ സമയത്ത് ഞാൻ ഒരുപാട് പ്രതീക്ഷകൾ മുന്നോട്ടുവയ്ക്കുന്നില്ല. ഇത് ടൂർണമെന്റിന്റെ തുടക്കം മാത്രമാണ്. മറ്റു താരങ്ങളുടെ വിജയത്തിലും വലിയ രീതിയിൽ ആസ്വാദനം കണ്ടെത്താനാണ് ഞാൻ ശ്രമിക്കുന്നത്. അതാണ് ഇപ്പോൾ എന്റെ പദ്ധതി.”- അയ്യർ പറഞ്ഞു വയ്ക്കുന്നു.
മത്സരത്തിൽ സുനിൽ നരെയ്നൊപ്പം കൊൽക്കത്തയ്ക്ക് മികച്ച തുടക്കം നൽകിയത് 30 റൺസ് നേടിയ ഫിൽ സോൾട്ടാണ്. ഒപ്പം മൂന്നാമതായെത്തിയ വെങ്കിടേഷ് അയ്യർ 30 പന്തുകളിൽ 50 റൺസുമായി കളം നിറഞ്ഞതോടെയാണ് കൊൽക്കത്ത 7 വിക്കറ്റുകളുടെ വിജയം സ്വന്തമാക്കിയത്. എന്തായാലും കൊൽക്കത്തയെ സംബന്ധിച്ച് ഈ സീസണിൽ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.