“ധോണി അവസാനമേ ക്രീസിലെത്തൂ. വലിയ പരിക്കിനോട് പോരാടുന്നു. “- സ്റ്റീഫൻ ഫ്ലമിങ് പറയുന്നു.

msd

ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ പരിക്കിനെ സംബന്ധിച്ച് പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈയുടെ കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. എന്തുകൊണ്ടാണ് ധോണി ക്രീസിൽ അധികസമയം ചെലവഴിക്കാത്തത് എന്ന ചോദ്യങ്ങൾ മുൻപ് പല മുൻ താരങ്ങളിൽ നിന്നും ഉയർന്നിരുന്നു.

ഇതിനൊക്കെയുള്ള ഉത്തരം നൽകിയാണ് ഇപ്പോൾ ഫ്ലെമിങ് രംഗത്ത് എത്തിയിരിക്കുന്നത്. നിലവിൽ ധോണിയ്ക്ക് പുതിയ പരിക്കുകൾ ഒന്നുമില്ല എന്നാണ് ഫ്ലെമിങ് പറയുന്നത്. എന്നിരുന്നാലും 2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കത്തിൽ തന്നെ ധോണിയ്ക്ക് പേശികളിൽ പരിക്കേറ്റിരുന്നു. ഇതാണ് ഇപ്പോഴും തുടരുന്നത് എന്ന് ഫ്ലെമിങ് ആവർത്തിക്കുന്നു. അതുകൊണ്ടുതന്നെ മൈതാനത്ത് കൂടുതൽ സമയം ബാറ്റ് ചെയ്യാൻ ധോണിയ്ക്ക് സാധിക്കില്ല എന്നാണ് ഫ്ലെമിങ് പറയുന്നത്.

ചെന്നൈ ടീമിന് മികച്ച ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുണ്ടെങ്കിൽ പോലും, മൈതാനത്ത് ധോണി നൽകുന്ന സംഭാവനകൾ വളരെ വലുതായതിനാൽ അദ്ദേഹത്തെ പുറത്തിരുത്താൻ സാധിക്കില്ല എന്നും ഫ്ലെമിങ് പറയുകയുണ്ടായി. “ഞങ്ങൾ ധോണിയുടെ ജോലിഭാരം ഇപ്പോൾ നന്നായി മാനേജ് ചെയ്യുന്നുണ്ട്. ഈ സീസണിന് തുടക്കത്തിൽ തന്നെ ധോണിയ്ക്ക് പേശികളിൽ പരിക്കേറ്റിരുന്നു. അതുകൊണ്ടാണ് അദ്ദേഹം കൂടുതൽ സമയം മൈതാനത്ത് ബാറ്റ് ചെയ്യാത്തത്. അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് ധോണിയുടെ സാന്നിധ്യം നഷ്ടമാവും.”

“അതുകൊണ്ടു തന്നെ ഒരു ബാലൻസിൽ ധോണിയെ മൈതാനത്ത് എത്തിക്കാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. മത്സരത്തിൽ കേവലം സിക്സുകളും ബൗണ്ടറികളും മാത്രം നേടി ഒരു ഇമ്പാക്ട് ഉണ്ടാക്കാനാണ് ധോണിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. അത് ധോണി വളരെ നന്നായി തന്നെ ചെയ്യുന്നുണ്ട്.”- ഫ്ലെമിങ് പറഞ്ഞു.

Read Also -  സഞ്ജുവിന്റെ ഔട്ടിൽ മാത്രമല്ല, പവലിന്റെ കാര്യത്തിലും അമ്പയറുടെ പിഴവ്. തുറന്നുകാട്ടി സോഷ്യൽ മീഡിയ.

“കഴിഞ്ഞവർഷം ധോണിയ്ക്ക് കാൽമുട്ടിന് പരിക്കേറ്റിരുന്നു. ശേഷം സർജറിയോട് കൂടിയാണ് തിരികെ എത്തിയത്. അതിന് ശേഷം ഈ വർഷവും ധോണിയുടെ ജോലിഭാരം ഞങ്ങൾക്ക് നിയന്ത്രിക്കേണ്ടിയിരുന്നു. കീപ്പർ തസ്തികയിലേക്ക് ഒരു മികച്ച ബാക്കപ്പുണ്ട്. പക്ഷേ മറ്റൊരു വിക്കറ്റ് കീപ്പറിന് ഒരിക്കലും ധോണിയാവാൻ സാധിക്കില്ല. മൈതാനത്ത് ധോണി തുടരുക എന്നതാണ് ഞങ്ങളുടെ ആവശ്യം.”

“എന്താണോ ഇതുവരെ ധോണി ബാറ്റിങ്ങിൽ ചെയ്തത് അത് ഇന്നിംഗ്സിന്റെ അവസാന രണ്ടോ മൂന്നോ ഓവറുകളിൽ ധോണി ചെയ്യും. മാത്രമല്ല അവന്റെ കീപ്പിംഗ് കഴിവുകളും തന്ത്രപരമായ ഉപദേശങ്ങളുമൊക്കെയും പുതിയ നായകനെ സംബന്ധിച്ച് വളരെ നിർണായകമാണ്. അത്തരം കാര്യങ്ങൾക്ക് ഞങ്ങൾ കൂടുതൽ വില നൽകുന്നു.”- ഫ്ലെമിങ് കൂട്ടിച്ചേർത്തു.

“മുൻപ് പേശിയ്ക്കേറ്റ പരിക്ക് തന്നെയാണ് ധോണിയ്ക്ക് ഇപ്പോഴും തുടരുന്നത്. പക്ഷേ ഇപ്പോഴാണ് അതൊരു വാർത്തയായത് എന്നത് മാത്രം. അദ്ദേഹത്തിന് ഓടാൻ സാധിക്കും. പക്ഷേ ഒരുപാട് സമയം ബാറ്റ് ചെയ്യാൻ സാധിക്കില്ല. കീപ്പിങ്ങിൽ ഇപ്പോഴും ധോണിയ്ക്ക് എന്തും ചെയ്യാം. എന്നിരുന്നാലും തന്റെ ചലനങ്ങൾ അത്ര അനായാസമായി കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഇപ്പോഴും ധോണിയുടെ കരങ്ങളും കണ്ണും തമ്മിൽ കൃത്യമായ കോമ്പിനേഷൻ പുലർത്താൻ സാധിക്കുന്നുണ്ട്.”

“അതിനാൽ ഇതൊന്നും തന്നെ പ്രശ്നമല്ല. കുറച്ച് ഓവറുകൾ ധോണി ബാറ്റ് ചെയ്യുക എന്നത് മാത്രമാണ് ഞങ്ങൾക്ക് ആവശ്യമായിരുന്നത്. എല്ലാ പന്തിലും റൺസ് ഓടിനേടാൻ ധോണിയ്ക്ക് ഇപ്പോൾ സാധിക്കില്ല.”- ഫ്ലമിങ് പറഞ്ഞു വയ്ക്കുന്നു.

Scroll to Top