ഓസ്ട്രേലിയക്കെതിരായ സെമിഫൈനൽ മത്സരത്തിൽ ഉഗ്രൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്തി ഇന്ത്യയുടെ മുൻ താരം കപിൽ ദേവ്. മത്സരങ്ങളിൽ ചെയ്സ് ചെയ്യുന്നതിൽ വിരാട് കോഹ്ലി ഒരു ഇതിഹാസം തന്നെയാണ് എന്ന് കപിൽ ദേവ് സമ്മതിക്കുകയാണ് ഉണ്ടായത്. ദുബായിലെ പിച്ചിൽ 265 റൺസ് വിജയിക്കാൻ ആവശ്യമായിരുന്ന ഇന്ത്യക്കായി തകർപ്പൻ പ്രകടനം തന്നെയായിരുന്നു കോഹ്ലി കാഴ്ചവച്ചത്. ഏകദിന ചേസുകളുടെ കാര്യത്തിൽ മഹേന്ദ്ര സിംഗ് ധോണിയെക്കാൾ ഒരുപടി മുൻപിലാണ് കോഹ്ലിയുടെ സ്ഥാനം എന്ന് കപിൽ പറയുകയുണ്ടായി.
“വലിയ വെല്ലുവിളികളെ നേരിടാനുള്ള കരുത്തും തന്ത്രവും വിരാട് കോഹ്ലിയ്ക്കുണ്ട് എന്നാണ് ഞാൻ കരുതുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ കൂടുതൽ എനർജി കോഹ്ലിയ്ക്ക് ലഭിക്കുന്നു. ഇത്തരത്തിൽ തന്നെ കളിക്കാനാണ് കോഹ്ലി ആഗ്രഹിക്കുന്നത്. ഇത്രമാത്രം മികച്ച തന്ത്രങ്ങൾ കോഹ്ലിയെപ്പോലെ ചില ക്രിക്കറ്റർമാർക്ക് മാത്രമാണുള്ളത്. വളരെയധികം പ്രതിഭയുള്ള താരമാണ് കോഹ്ലി. മാത്രമല്ല മത്സരങ്ങളിൽ വിജയിക്കാൻ വേണ്ട ക്ലാസും കോഹ്ലിയ്ക്കുണ്ട്. ധോണിയും ഇത്തരത്തിൽ മികച്ച രീതിയിൽ ഇന്ത്യയെ വിജയിപ്പിച്ച താരമാണ്. പക്ഷേ കോഹ്ലി ധോണിയെക്കാൾ ഒരു പടി മുൻപിലാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല.”- കപിൽ പറഞ്ഞു.
ഇതുവരെ 2025 ചാമ്പ്യൻസ് ട്രോഫിയിൽ പരാജയമറിയാത്ത ഏക ടീം ഇന്ത്യ മാത്രമാണ്. ഇപ്പോൾ ന്യൂസിലാൻഡിനെതിരെ ഞായറാഴ്ച ഇന്ത്യ ഫൈനലിന് ഇറങ്ങാൻ ഒരുങ്ങുന്നത്. ഫൈനൽ മത്സരത്തിലെ ഇന്ത്യയുടെ സാധ്യതകളെപ്പറ്റിയും കപിൽ ദേവ് സംസാരിക്കുകയുണ്ടായി. ഇന്ത്യയ്ക്കാണ് മത്സരത്തിൽ വിജയ സാധ്യത എന്നാണ് കപിൽ ദേവ് പറയുന്നത്. അതേസമയം ന്യൂസിലാൻഡ് ടീമിനെ ചാമ്പ്യൻസ് ട്രോഫിയിൽ വിലകുറച്ച് കാണാൻ സാധിക്കില്ല എന്നും കപിൽ കൂട്ടിച്ചേർക്കുകയുണ്ടായി.
വിരാട് കോഹ്ലിയ്ക്കൊപ്പം മറ്റ് മുൻനിര ബാറ്റർമാരും കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ശ്രേയസ് അയ്യരും ഗില്ലും അടക്കമുള്ള താരങ്ങൾ ഇതിനോടകം ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്. ബോളിങ് നിരയിൽ മുഹമ്മദ് ഷമിയും വരുൺ ചക്രവർത്തിയും പലപ്പോഴും ഇന്ത്യയുടെ കരുത്തായി മാറാറുണ്ട്. ഫൈനൽ മത്സരത്തിലും ഈ താരങ്ങൾ മികവ് പുലർത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.