ദുബെയും ജയസ്വാളും ഭയപ്പാടില്ലാതെ ബാറ്റിംഗ് നടത്തുന്നു. ഇന്ത്യയ്ക്ക് അത് ആവശ്യം. സുരേഷ് റെയ്‌ന പറയുന്നു.

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ രണ്ടാം ട്വന്റി20 മത്സരത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനമായിരുന്നു ശിവം ദുബെയും ജയസ്വാളും കാഴ്ചവച്ചത്. മത്സരത്തിൽ ഇരുവരും അർത്ഥസെഞ്ച്വറി സ്വന്തമാക്കിയപ്പോൾ ഇന്ത്യ 6 വിക്കറ്റ് വിജയം നേടി. മത്സരത്തിലെ വിജയത്തോടെ പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു.

ശിവം ദുബെയുടെയും ജയസ്വാളിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തെപ്പറ്റി മത്സരശേഷം മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന സംസാരിക്കുകയുണ്ടായി. ഭയപ്പാടില്ലാത്ത ബാറ്റിംഗിന്റെ വലിയൊരു പ്രദർശനം തന്നെയാണ് ഇരു ബാറ്റർമാരും മത്സരത്തിൽ കാഴ്ചവച്ചത് എന്ന് റെയ്ന പറഞ്ഞു. ഇത്തരം പ്രകടനങ്ങൾ ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട് എന്നും റെയ്ന കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന ലോകകപ്പിൽ രോഹിത് ശർമയ്ക്ക് ആവശ്യം ഇതുപോലെ ഫോമിലുള്ള ബാറ്റർമാരെയാണെന്നും, അത്തരത്തിൽ ദുബെ അടക്കമുള്ളവർ ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നുണ്ട് എന്നുമാണ് റെയ്നയുടെ പക്ഷം. “ഇതാണ് നായകൻ രോഹിത് ശർമയുടെ ടീം. രോഹിത് ശർമയ്ക്ക് ആവശ്യം മികച്ച ഫോമിലുള്ള കളിക്കാരെയാണ്. ദുബെ അക്കാര്യത്തിൽ രോഹിതിൽ മതിപ്പുളവാക്കിയിട്ടുണ്ട്. ഇപ്പോൾ മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മുഴുവൻ സീസണിലും ദുബെ മികവ് പുലർത്തിയിരുന്നു.”

“മഹേന്ദ്ര സിംഗ് ധോണിയെ പോലെ ഒരു നായകനിൽ പോലും മതിപ്പുണ്ടാക്കാൻ ദുബെയ്ക്ക് സാധിച്ചു. ധോണി അവന് ഒരുപാട് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. രോഹിത് ശർമയും ഇപ്പോൾ അതേപോലെ ദുബെയ്ക്ക് ആത്മവിശ്വാസം നൽകുകയാണ്.”- റെയ്ന പറയുന്നു.

“വളരെ വലിയ ബാറ്റ് സിങ്ങാണ് ശിവം ദുബെയ്ക്കുള്ളത്. പൂർണ്ണമായ ഡ്രൈവുകളാണ് അവൻ കളിക്കാറുള്ളത്. ബോൾ അവന്റെ ബാറ്റിന്റെ മധ്യഭാഗത്ത് കൊണ്ടാൽ അത് മൈതാനത്തിന് പുറത്തേക്ക് പോകും എന്ന കാര്യത്തിൽ സംശയമില്ല. അത്തരത്തിലുള്ള പരിശീലനങ്ങളാണ് ദുബെ നടത്തിയിട്ടുള്ളത്. പോസിറ്റീവായുള്ള സമീപനം മനസ്സിലുള്ളത് കൊണ്ട് തന്നെ ജയസ്വാളിനും ശിവം ദുബെയ്ക്കും പൂർണമായ ഡ്രൈവുകളിൽ വിശ്വസിക്കാൻ സാധിക്കും. ഭയപ്പാടില്ലാത്ത ബാറ്റിംഗ് പ്രകടനത്തിന്റെ ഒരു പ്രദർശനം തന്നെയാണ് നമ്മൾ മത്സരത്തിൽ കണ്ടത്. അതുതന്നെയാണ് നമ്മുടെ ടീമിന്റെ ശക്തിയും.”- റെയ്ന കൂട്ടിച്ചേർത്തു.

രണ്ടാം ട്വന്റി20 മത്സരത്തിൽ തകർപ്പൻ പ്രകടനം തന്നെയായിരുന്നു ജയസ്വാളും ദുബെയും കാഴ്ചവച്ചത്. ദുബെ മത്സരത്തിൽ 32 പന്തുകളിൽ 63 റൺസ് നേടി പുറത്താവാതെ നിന്നു. ജയസ്വാൾ 34 പന്തുകളിൽ 68 റൺസാണ് മത്സരത്തിൽ നേടിയത്. മൂന്നാം മത്സരത്തിലും ഇരു താരങ്ങളും മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ഇരുവർക്കും 2024 ട്വന്റി20 ലോകകപ്പിലേക്കുള്ള ആദ്യ ടിക്കറ്റ് ലഭിച്ചേക്കും. വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇരുതാരങ്ങളുടെ പ്രകടനവും വളരെ നിർണായകമാണ്.

Previous articleമെസ്സിക്കും ഹാളണ്ടിനും ഒരേ പോയിന്‍റ്. ഫിഫ ബെസ്റ്റ് വിജയിയെ പ്രഖ്യാപിച്ചത് ഈ നിയമം വഴി.
Next articleജഡേജയെക്കാൾ മികച്ച താരം അക്ഷർ പട്ടേൽ. അവനെ ഇന്ത്യ ലോകകപ്പിൽ കളിപ്പിക്കണം. നിർദ്ദേശവുമായി പാർഥിവ് പട്ടേൽ.