ജഡേജയെക്കാൾ മികച്ച താരം അക്ഷർ പട്ടേൽ. അവനെ ഇന്ത്യ ലോകകപ്പിൽ കളിപ്പിക്കണം. നിർദ്ദേശവുമായി പാർഥിവ് പട്ടേൽ.

axar patel

2024 ട്വന്റി20 ലോകകപ്പിന് കേവലം മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അമേരിക്കയിലും വെസ്റ്റിൻഡീസിലും നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ശക്തമായ ഒരു യുവനിരയെ അണിയിച്ചൊരുക്കി കിരീടം സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനായി ഇന്ത്യയ്ക്ക് നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ഇന്ത്യൻ താരം പാർഥിവ് പട്ടേൽ.

ഇപ്പോൾ ഇന്ത്യ അക്ഷർ പട്ടേലിനെ ട്വന്റി20 ലോകകപ്പിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തേണ്ടതുണ്ട് എന്ന് പാർഥിവ് പറയുന്നു. രവീന്ദ്ര ജഡേജയേക്കാൾ ഇന്ത്യൻ ടീമിന് സന്തുലിതാവസ്ഥ നൽകുന്ന താരം അക്ഷർ പട്ടേലാണ് എന്ന് പാർഥിവ് പറയുകയുണ്ടായി. തന്റെ വേരിയേഷനുകൾ കൊണ്ട് എതിർ ടീമിനെ വലയ്ക്കാൻ അക്ഷർ പട്ടേലിന് സാധിക്കും എന്നാണ് പാർഥിവ് പട്ടേൽ വിശ്വസിക്കുന്നത്.

“കൃത്യത എന്നത് തന്നെയാണ് അക്ഷർ പട്ടേലിന്റെ ഏറ്റവും വലിയ ശക്തി. വളരെ സ്ഥിരതയോടെ പന്ത് ചെയ്യാൻ അവന് സാധിക്കും. ബാറ്റർമാരുടെ സ്ലോട്ടിൽ അക്ഷർ പട്ടേൽ ഒരിക്കലും പന്തെറിയാറില്ല. അക്ഷറിനെതിരെ വമ്പൻ ഷോട്ട് കളിക്കണമെങ്കിൽ ബാറ്റർമാർ ക്രീസിന് പുറത്തേക്കിറങ്ങുകയോ മാറിനിന്ന് കളിക്കുകയോ ചെയ്യേണ്ടിവരും. “

“മികച്ച പേസിൽ പന്തെറിയുന്നതിനാൽ തന്നെ അക്ഷറിനെതിരെ ക്രീസിന് പുറത്തേക്കിറങ്ങി ആക്രമണം അഴിച്ചുവിടുക എന്നതും അത്ര അനായാസകരമായ കാര്യമല്ല. മാത്രമല്ല മത്സരത്തിന്റെ ഏതു ഭാഗത്തും പന്തറിയാനും അക്ഷർ പട്ടേലിന് സാധിക്കും.”- പാർഥിവ് പട്ടേൽ പറയുന്നു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

“എല്ലായിടത്തും കളിക്കാൻ സാധിക്കുന്ന ഒരു താരമാണ് അക്ഷർ പട്ടേൽ. ട്വന്റി20 ഫോർമാറ്റിൽ നമ്മൾ ജഡേജയെ പറ്റി എപ്പോഴും സംസാരിക്കാറുണ്ട്. എന്നാൽ അക്ഷർ പട്ടേലാണ് ജഡേജയെക്കാൾ ടീമിന് സ്ഥിരത നൽകുന്നത് എന്ന് എനിക്ക് തോന്നുന്നു. അക്ഷറിന് പവർപ്ലെയിൽ പന്തറിയാൻ സാധിക്കും. അത് അയാളെ കൂടുതൽ മികച്ച ക്രിക്കറ്ററായി മാറ്റുകയും ചെയ്യുന്നുണ്ട്.”- പാർഥിവ് കൂട്ടിച്ചേർക്കുന്നു. ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ അത്യുഗ്രൻ ബോളിങ് പ്രകടനമായിരുന്നു അക്ഷർ കാഴ്ചവച്ചത്. 4 ഓവറുകളിൽ 17 റൺസ് മാത്രം വിട്ടുനൽകിയാണ് അക്ഷർ 2 വിക്കറ്റുകൾ സ്വന്തമാക്കിയത്. മത്സരത്തിലെ താരമായും അക്ഷറിനെ തിരഞ്ഞെടുത്തിരുന്നു.

“അക്ഷർ ടീമിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് ഞാൻ കരുതുന്നത്. കൂടുതൽ വേരിയേഷനുകൾ മത്സരത്തിൽ പുറത്തെടുക്കാൻ അക്ഷറിന് സാധിക്കും. ഒരേ രീതിയിൽ തന്നെ ബോൾ ചെയ്യുന്ന താരമല്ല അക്ഷർ പട്ടേൽ. ഏത് നമ്പരിൽ ബാറ്റ് ചെയ്യാനും അയാൾക്ക് സാധിക്കും. നമ്മൾ ഇന്ത്യൻ ടീമിലേക്ക് ശ്രദ്ധിച്ചാൽ, നമുക്ക് ആവശ്യം പവർ ഹിറ്റർമാരെയാണ്. അക്കാര്യത്തിലും അക്ഷർ മുൻപിലാണ്. ഈ ഫോർമാറ്റിൽ ജഡേജയെക്കാൾ മുകളിലാണ് അക്ഷർ എന്ന് പറയാൻ സാധിക്കും. എന്നെ സംബന്ധിച്ച് അത് അങ്ങനെ തന്നെയാണ്.”- പാർഥിവ് പറഞ്ഞു വെക്കുന്നു.

Scroll to Top