“തോറ്റത് മുംബൈയാണ്, ഹർദിക്കല്ല. അവനെ പഴിക്കേണ്ടതില്ല”- പിന്തുണയുമായി പൊള്ളാർഡ്.

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസിന്റെ ഓരോ പരാജയത്തിലും പ്രതിക്കൂട്ടിലാവുന്ന താരമാണ് നായകൻ ഹർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസ് 2024 ഐപിഎൽ സീസണിന് മുൻപായി രോഹിത് ശർമയ്ക്ക് പകരം ഹർദിക് പാണ്ഡ്യയെ നായകനായി നിശ്ചയിച്ചിരുന്നു. ശേഷം വലിയ അധിക്ഷേപങ്ങളാണ് പാണ്ഡ്യയ്ക്കെതിരെ ആരാധകരിൽ നിന്ന് പോലും ഉണ്ടായിട്ടുള്ളത്.

മാത്രമല്ല മുംബൈയുടെ പരാജയങ്ങളിൽ ആരാധകരടക്കം എല്ലാവരും ഹർദിക്കിനെ കുറ്റപ്പെടുത്തുന്നതാണ് കഴിഞ്ഞ സമയങ്ങളിൽ കാണാൻ സാധിച്ചിട്ടുള്ളത്. ഈ മനോഭാവത്തിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മുംബൈയുടെ ബാറ്റിംഗ് കോച്ചായ കീറോൺ പൊള്ളാർഡ്. ഒരു ടീമിന്റെ പരാജയത്തിൽ വ്യക്തികൾക്ക് നേരെ വിരൽചൂണ്ടുന്നത് വളരെ മോശമാണ് എന്ന് പൊള്ളാർഡ് പറഞ്ഞു.

ക്രിക്കറ്റ് എന്നത് എല്ലായിപ്പോഴും ഒരു ടീം മത്സരമാണെന്നും അതിനാൽ ഒരു വ്യക്തിയെ മാത്രം കുറ്റം പറയാൻ പാടില്ലയെന്നും പൊള്ളാർഡ് വ്യക്തമാക്കി. ഇപ്പോൾ ഇന്ത്യൻ ആരാധകർ ഹർദിക് പാണ്ഡ്യയെ കുറ്റം പറയുന്നുണ്ടെങ്കിലും, വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ എല്ലാവർക്കും ഹർദിക്കാനായി കൈയ്യടിക്കേണ്ടി വരുമെന്ന് പൊള്ളാർഡ് പറഞ്ഞു.

“അടുത്ത 6 ആഴ്ചക്കുള്ളിൽ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാൻ പോകുന്ന കളിക്കാരനാണ് ഹർദിക് പാണ്ഡ്യ. ആ സമയത്ത്, ഇപ്പോൾ കൂകി വിളിക്കുന്നവരൊക്കെയും ഹർദിക്കാനായി ആർപ്പുവിളിക്കുകയും, നന്നായി പ്രകടനങ്ങൾ നടത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യും.”- പൊള്ളാർഡ് പറഞ്ഞു.

“ഒരു വ്യക്തി എന്ന നിലയിൽ നമ്മൾ നമ്മുടേതായ പുരോഗതികൾ ഉണ്ടാക്കേണ്ടതുണ്ട്. ഓരോ പ്രായം കൂടുന്തോറും നമ്മുടെ ഉത്തരവാദിത്വങ്ങൾ കൂടി വരികയും ചെയ്യും. ഹാർദിക് എന്ന വ്യക്തി ഇപ്പോൾ വികസിച്ചു കൊണ്ടിരിക്കുന്നതാണ് ഞാൻ കാണുന്നത്. വ്യക്തികൾ എന്ന നിലയിൽ ചില കാര്യങ്ങൾ കാണണം എന്ന് നമ്മൾ ആഗ്രഹിക്കുന്നു. പക്ഷേ ചില സാഹചര്യങ്ങളിൽ ചില കാര്യങ്ങൾ മത്സരം ഡിമാൻഡ് ചെയ്യില്ല.”- പൊള്ളാർഡ് കൂട്ടിച്ചേർത്തു.

“ഹർദിക്കിനോടുള്ള ആരാധകരുടെ ഇപ്പോഴത്തെ സമീപനത്തിൽ ട്വന്റി20 ലോകകപ്പൊട് കൂടി മാറ്റം വരും എന്ന കാര്യം എനിക്ക് ഉറപ്പാണ്. ഇന്ത്യയ്ക്കായി ലോകകപ്പിൽ അവൻ മികച്ച പ്രകടനം പുറത്തെടുത്താൽ എല്ലാ ആരാധകരും അവനെ വാഴ്ത്തുന്നത് കാണാൻ സാധിക്കും. അതാണ് എന്റെ മനസ്സ് പറയുന്നത്.”- പൊള്ളാർഡ് പറഞ്ഞു വയ്ക്കുന്നു. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ നിർണായ താരമായി മാറാൻ സാധ്യതയുള്ള വ്യക്തി തന്നെയാണ് ഹർദിക് പാണ്ഡ്യ.

നിലവിലെ ഇന്ത്യൻ ടീമിന്റെ ഉപ നായകനാണ് ഹർദിക്ക്. എന്നാൽ നായകത്വത്തിൽ മാത്രമല്ല ബാറ്റിങ്ങിലും ബോളിങ്ങിലും കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഹാർദിക്കിന് സാധിച്ചിട്ടില്ല. ചെന്നൈയ്ക്കെതിരായ മത്സരത്തിലും യാതൊരു തരത്തിലും ഇമ്പാക്ട് ഉണ്ടാക്കാതെയാണ് ഹർദിക് മത്സരം അവസാനിപ്പിച്ചത്.

Previous article“എന്നെ ടീമിൽ നിന്ന് മാറ്റി നിർത്തണമെന്ന് ഞാനാണ് പറഞ്ഞത്, കാരണം.”. മാക്സ്വെൽ പറയുന്നു.
Next articleമുംബൈയുടെ തോൽവികളിൽ പൂർണ ഉത്തരവാദി ഹർദിക്കാണ്. പാണ്ഡ്യയുടെ മണ്ടത്തരങ്ങൾ തുറന്ന് കാട്ടി ഇർഫാൻ പത്താൻ.