പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ വിജയം സ്വന്തമാക്കി ഗുജറാത്ത് ടീം. താരതമ്യേന ലോ സ്കോറിങ്ങായ മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ഗുജറാത്തിനായി ബോളിങ്ങിൽ തിളങ്ങിയത് സായി കിഷോർ ആയിരുന്നു.
ബാറ്റിംഗിൽ നിർണായക സമയത്ത് രാഹുൽ തിവാട്ടിയ അവസരത്തിനൊത്ത് ഉയർന്നതാണ് മത്സരത്തിൽ പഞ്ചാബിനെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിൽ ഗുജറാത്തിന്റെ മുൻനിര ബാറ്റർമാർ കൃത്യമായി സ്കോറിങ് റേറ്റ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ, തീവാട്ടിയ തകർപ്പൻ ഫിനിഷിങ്ങുമായി രംഗത്തെത്തുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് പഞ്ചാബിനായി ഓപ്പണർ പ്രഭസിമ്രാൻ കാഴ്ചവച്ചത്. 21 പന്തുകളിൽ 35 റൺസ് നേടിയ പ്രഭസിമ്രാൻ പവർപ്ലേ ഓവറുകളിൽ തന്നെ ഗുജറാത്തിനെ സമ്മർദ്ദത്തിലാക്കി.
നായകൻ സാം കരൻ ക്രീസിലുറച്ചെങ്കിലും 19 പന്തുകളിൽ 20 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. പക്ഷേ ഇരുവരും പുറത്തായതോടെ പഞ്ചാബ് ബാറ്റിംഗ് നിര തകർന്നു വീഴുന്നതാണ് കാണാൻ സാധിച്ചത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 63 എന്ന നിലയിൽ നിന്ന് 7 വിക്കറ്റ് നഷ്ടത്തിൽ 99 എന്ന നിലയിലേക്ക് പഞ്ചാബ് കൂപ്പുകുത്തി വീഴുകയായിരുന്നു.
അവസാനം ഒൻപതാമനായി ക്രീസിലെത്തിയ ഹർപ്രിറ്റ് ബ്രാറാണ് പഞ്ചാബിനായി ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത്. 12 പന്തുകൾ നേരിട്ട ബ്രാർ 4 ബൗണ്ടറികളും ഒരു സിക്സറുമടക്കം 29 റൺസ് മത്സരത്തിൽ നേടി. ഇങ്ങനെ പഞ്ചാബ് 142 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയായിരുന്നു.
മറുവശത്ത് ഗുജറാത്തിനായി 4 വിക്കറ്റുകളുമായി സായി കിഷോറാണ് മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന്റെ ഓപ്പണർമാർ ക്രീസിൽ ഉറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൃത്യമായി സ്കോറിങ് റൈറ്റ് ഉയർത്താൻ ഗുജറാത്തിന്റെ മുൻനിര ബാറ്റർമാർക്ക് സാധിച്ചില്ല.
നായകൻ ഗിൽ 29 പന്തുകളിൽ 35 റൺസ് ആണ് നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ സായി സുദർശൻ 34 പന്തുകൾ നേരിട്ടെങ്കിലും 31 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇത്തരത്തിൽ സ്കോറിംഗ് റേറ്റ് ഉയർത്താതിരുന്നത് ഗുജറാത്തിനെ പല സമയത്തും ബാധിച്ചിരുന്നു. മാത്രമല്ല കൃത്യമായ ഇടവേളകളിൽ ഗുജറാത്തിന്റെ വിക്കറ്റുകൾ സ്വന്തമാക്കാനും പഞ്ചാബിന് സാധിച്ചു.
ശേഷം ആറാമനായി ക്രീസിലെത്തിയ രാഹുൽ തിവാട്ടിയയാണ് പഞ്ചാബിനെ വലിയ സമ്മർദ്ദത്തിൽ നിന്ന് രക്ഷിച്ചത്. കൃത്യമായ രീതിയിൽ വമ്പൻ ഷോട്ടുകൾ കളിച്ച് തന്നെ തീവാട്ടിയ മത്സരം പഞ്ചാബിന്റെ വരുതിയിലേക്ക് കൊണ്ടുവരികയായിരുന്നു. തീവാട്ടിയ മത്സരത്തിൽ 18 പന്തുകളിൽ 36 റൺസാണ് നേടിയത്. 7 ബൗണ്ടറികൾ താരത്തിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഇങ്ങനെ പഞ്ചാബ് മത്സരത്തിൽ 3 വിക്കറ്റുകളുടെ വിജയം നേടുകയായിരുന്നു.