24 കോടിയുടെ ചെണ്ട. സ്റ്റാര്‍ക്കിനെ പഞ്ഞിക്കിട്ട് കരണ്‍ ശര്‍മ്മ. ത്രില്ലിങ്ങ് പോരാട്ടത്തില്‍ കൊല്‍ക്കത്തക്ക് ഒരു റണ്‍സ് വിജയം.

starc kkr

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കൊൽക്കത്തയ്ക്ക് ഒരു റണ്ണിന്റെ തകർപ്പൻ വിജയം. ആവേശം അലതല്ലിയ മത്സരത്തിൽ അവസാന പന്തിൽ വമ്പൻ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ബാംഗ്ലൂരിനായി അവസാന ഓവറിൽ 3 സിക്സറുകൾ പറത്തി കരൺ ശർമ പ്രതീക്ഷകൾ കാത്തു.

എന്നാൽ അവസാന 2 പന്തുകളിൽ മിച്ചൽ സ്റ്റാർക്ക് ശക്തമായി തിരിച്ചുവന്ന് ബാംഗ്ലൂരിന്റെ പരാജയം ഉറപ്പിക്കുകയായിരുന്നു. മത്സരത്തിൽ നായകൻ ശ്രേയസ് അയ്യരും ഓപ്പണർ ഫീൽ സോൾട്ടുമാണ് കൊൽക്കത്തയ്ക്കായി ബാറ്റിംഗിൽ തുടങ്ങിയത്. ബോളിങ്ങിൽ 3 വിക്കറ്റ് നേടിയ ആൻഡ്രെ റസൽ മികവു പുലർത്തുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വമ്പൻ തുടക്കം തന്നെയാണ് ഫിൽ സോൾട്ട് കൊൽക്കത്തയ്ക്ക് നൽകിയത്. പവർപ്ലേ ഓവറുകളിൽ ബാംഗ്ലൂർ ബൊളർമാരെ അടിച്ചൊതുക്കാൻ സോൾട്ടിന് സാധിച്ചു. മത്സരത്തിൽ 14 പന്തുകളിൽ 7 ബൗണ്ടറികളും 3 സിക്സുകളുമടക്കം 48 റൺസാണ് സോൾട്ട് നേടിയത്.

ഇതോടെ കൊൽക്കത്തയ്ക്ക് മികച്ച തുടക്കം ലഭിച്ചു. എന്നാൽ പിന്നീട് വന്ന ബാറ്റർമാർ അത്ര മികവ് പുലർത്താതിരുന്നത് കൊൽക്കത്തയെ ബാധിച്ചു. ശേഷം മധ്യനിരയിൽ നായകൻ ശ്രേയസ് അയ്യരാണ് കൊൽക്കത്തക്കായി ക്രീസിലുറച്ചത്. അയ്യർ മത്സരത്തിൽ 36 പന്തുകളിൽ 50 റൺസ് നേടി കൊൽക്കത്തൻ ഇന്നിംഗ്സിന്റെ നെടുംതൂണായി.

ശേഷം അവസാന ഓവറുകളിൽ 16 പന്തുകളിൽ 24 നേടിയ റിങ്കു സിംഗും 20 പന്തുകളിൽ 27 റൺസ് നേടിയ റസലും കൊൽക്കത്തയ്ക്കായി വെടിക്കെട്ട് തീർത്തു. ശേഷം 9 പന്തുകളിൽ 24 റൺസ് നേടിയ രമൻദീപ് സിംഗ് കൂടി അടിച്ചു തകർത്തതോടെ കൊൽക്കത്ത നിശ്ചിത 20 ഓവറുകളിൽ 222 റൺസിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. തുടക്കത്തിൽ തന്നെ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയുടെയും(18) ഫാഫ് ഡുപ്ലസിയുടെയും(7) വിക്കറ്റുകൾ ബാംഗ്ലൂരിന് നഷ്ടമായി. ശേഷമാണ് വില്‍ ജാക്‌സും രജത് പട്ടിദാറും ബാംഗ്ലൂരിനായി ക്രീസിലുറച്ചത്.

ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 102 റൺസിന്റെ കിടിലൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്. ജാക്സ് 32 പന്തുകളിൽ 4 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 55 റൺസ് നേടി. പട്ടിദാർ 23 പന്തുകളിൽ 3 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 52 റൺസാണ് നേടിയത്. എന്നാൽ ഇരുവരെയും ചെറിയ ഇടവേളയിൽ നഷ്ടമായത് ബാംഗ്ലൂരിനെ ബാധിച്ചു. മാത്രമല്ല പിന്നാലെ തുടർച്ചയായി ബാംഗ്ലൂരിന് വിക്കറ്റുകൾ നഷ്ടമാവുകയും ചെയ്തു. 2 വിക്കറ്റിന് 137 എന്ന നിലയിൽ നിന്ന് 6 വിക്കറ്റിന് 155 എന്ന നിലയിലേക്ക് ബാംഗ്ലൂർ കൂപ്പുകുത്തുകയായിരുന്നു.

See also  160 റൺസിൽ ചെന്നൈയെ ഒതുക്കാൻ നോക്കി, പക്ഷേ ധോണി ഞങ്ങളെ ഞെട്ടിച്ചു. രാഹുൽ തുറന്ന് പറയുന്നു.

ശേഷമാണ് ബാംഗ്ലൂരിനായി പ്രഭുദേശായിയും ദിനേശ് കാർത്തിക്കും ചേർന്ന് ഭേദപ്പെട്ട ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. അവസാന രണ്ട് ഓവറുകളിൽ 3 വിക്കറ്റുകൾ ശേഷിക്കെ 31 റൺസായിരുന്നു ബാംഗ്ലൂരിന് വിജയിക്കാൻ വേണ്ടിയിരുന്നത്. റസൽ എറിഞ്ഞ 19 ആം ഓവറിൽ 10 റൺസ് സ്വന്തമാക്കാൻ ദിനേശ് കാർത്തിക്കിന് സാധിച്ചു. എന്നാൽ ഓവറിലെ അവസാന പന്തിൽ ദിനേശ് കാർത്തിക്ക് പുറത്താവുകയും ചെയ്തു. മത്സരത്തിൽ 18 പന്തുകൾ നേരിട്ട കാർത്തിക്ക് 25 റൺസായിരുന്നു നേടിയത്. കാർത്തിക്കിന്റെ വിക്കറ്റ് നഷ്ടമായതോടെ മത്സരം പൂർണമായും കൊൽക്കത്തയുടെ പക്ഷത്തേക്ക് എത്തി.

അവസാന ഓവറിൽ ബാംഗ്ലൂരിന് 21 റൺസ് വിജയിക്കാൻ വേണ്ടിയിരുന്നു. സ്റ്റാർക്കിനെതിരെ ആദ്യ പന്തിൽ സിക്സർ നേടിയാണ് കരൺ ശർമ ആരംഭിച്ചത്. മൂന്നാം പന്തിലും കരൺ ശർമ സിക്സർ നേടിയതോടെ ബാംഗ്ലൂരിന്റെ വിജയലക്ഷ്യം 3 പന്തുകളിൽ 9 റൺസായി മാറി. പിന്നാലെ നാലാം പന്തിലും സ്റ്റാർക്കിനെതിരെ ഒരു വെടിക്കെട്ട് സിക്സർ നേടാൻ കരൺ ശർമയ്ക്ക് സാധിച്ചു. ഇതോടെ ബാംഗ്ലൂരിലെ വിജയലക്ഷ്യം 2 പന്തുകളിൽ 3 റൺസായി മാറി. എന്നാൽ അടുത്ത പന്തിൽ കരൺ ശർമയെ പുറത്താക്കി സ്റ്റാർക്ക് തിരിച്ചുവന്നു. മത്സരത്തിൽ 7 പന്തുകൾ നേരിട്ട് കരൺ 20 റൺസായിരുന്നു നേടിയത്. അവസാന പന്തിൽ 3 റൺസ് വേണമെന്നിരിക്കെ ഫെർഗ്യുസൻ റൺഔട്ട് ആയതോടെ കൊൽക്കത്ത ഒരു റണ്ണിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

Scroll to Top