“തല”യുടെ വിളയാട്ടം 🔥🔥 ബാംഗ്ലൂരിനെതിരെ റെക്കോർഡ് സെഞ്ച്വറി നേടി ഹെഡ്. 39 പന്തിൽ സെഞ്ച്വറി.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂർ ബോളർമാർക്കുമേൽ താണ്ഡവമാടി ട്രാവിസ് ഹെഡ്. മത്സരത്തിൽ ബാംഗ്ലൂർ ബോളിങ്ങിനെ പൂർണ്ണമായും പഞ്ഞിക്കിട്ട ഒരു വെടിക്കെട്ട് സെഞ്ച്വറിയാണ് ഹെഡ് നേടിയത്. കേവലം 39 പന്തുകളിൽ നിന്നായിരുന്നു ഹെഡിന്റെ ഈ തട്ടുപൊളിപ്പൻ സെഞ്ച്വറി.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വേഗമേറിയ നാലാം സെഞ്ചുറിയാണ് മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ഹെഡ് സ്വന്തമാക്കിയത്. ഈ ഇന്നിങ്സോടെ മത്സരത്തിൽ ഹൈദരാബാദിനെ വമ്പൻ നിലയിൽ എത്തിക്കാനും ഹെഡിന് സാധിച്ചിട്ടുണ്ട്. മറുവശത്ത് ബാംഗ്ലൂരിനെ സംബന്ധിച്ച് ബോളിങ്ങിലെ പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ വമ്പൻ തുടക്കം തന്നെയാണ് ഹെഡും അഭിഷേക് ശർമയും ഹൈദരാബാദിന് നൽകിയത്. പവർപ്ലേ ഓവറുകളിൽ തന്നെ ബാംഗ്ലൂരിനെ പൂർണമായും തല്ലി തകർക്കാൻ ഇരുവർക്കും സാധിച്ചു. അഭിഷേക് ശർമ 22 പന്തുകളിൽ 34 റൺസാണ് നേടിയത്.

മറുവശത്ത് ഹെഡ് ഒരു പന്ത് പോലും വിടാതെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പവർപ്ലേയിൽ തന്നെ പൂർണമായും ബാംഗ്ലൂരിനെ സമ്മർദ്ദത്തിലാക്കി മുൻപോട്ട് പോകാനാണ് ഹെഡ് ശ്രമിച്ചത്. മത്സരത്തിൽ കേവലം 20 പന്തുകളിൽ നിന്നാണ് ഹെഡ് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്.

മാത്രമല്ല ആദ്യ വിക്കറ്റിൽ അഭിഷേക് ശർമയ്ക്കൊപ്പം 108 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും ഹെഡിന് സാധിച്ചു. പിന്നാലെ ക്ലാസനുമൊപ്പം രണ്ടാം വിക്കറ്റിലും ഹെഡ് അടിച്ചു തകർക്കുന്നതാണ് കാണാൻ സാധിച്ചത്. ഒരു സമയത്തും ബാംഗ്ലൂർ ബോളർമാരെ വിശ്രമിക്കാൻ ഹെഡ് വിട്ടില്ല.

മത്സരത്തിൽ 39 പന്തുകളിൽ നിന്നാണ് ഹെഡ് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. 41 പന്തുകൾ മത്സരത്തിൽ നേരിട്ട ഹെഡ് 102 റൺസ് സ്വന്തമാക്കിയത്. 9 ബൗണ്ടറികളും 8 സിക്സറുകളും ഹെഡിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. മാത്രമല്ല മത്സരത്തിലൂടെ ഒരു വമ്പൻ റെക്കോർഡ് സ്വന്തമാക്കാനും ഹെഡിന് സാധിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വേഗമേറിയ നാലാം സെഞ്ച്വറിയാണ് ഹെഡ് സ്വന്തമാക്കിയത്. 2013 ഐപിഎല്ലിൽ പൂനെക്കെതിരെ 30 പന്തുകളിൽ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. 2010ൽ മുംബൈയ്ക്കെതിരെ 37 പന്തുകളിൽ സെഞ്ച്വറി പൂർത്തീകരിച്ച യൂസഫ് പത്താൻ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.

2013ൽ ബാംഗ്ലൂരിനെതിരെ 38 പന്തുകളിൽ സെഞ്ച്വറി നേടിയ മില്ലറാണ് മൂന്നാം സ്ഥാനത്ത്. ശേഷമാണ് ഇപ്പോൾ ഹെഡ് ഈ ലിസ്റ്റിലേക്ക് എത്തിയിരിക്കുന്നത്. ഈ ഐപിഎല്ലിൽ ഉടനീളം വമ്പൻ ബാറ്റിംഗ് പ്രകടനമാണ് ഹെഡ് പുറത്തെടുത്തിട്ടുള്ളത്. ഹെഡിന്റെ ഈ ഫോം ഓസ്ട്രേലിയൻ ടീമിനും ട്വന്റി20 ലോകകപ്പിന് മുൻപ് വലിയ പ്രതീക്ഷ നൽകുന്നു.

Previous articleസഞ്ജു കാണിക്കുന്നത് ആന മണ്ടത്തരം. അതുകൊണ്ടാണ് രാജസ്ഥാൻ കപ്പടിക്കാത്തത്. റോബിൻ ഉത്തപ്പ പറയുന്നു.
Next articleബംഗ്ലാദേശ് പരമ്പരക്കുള്ള വനിത ടി20 സ്ക്വാഡിനെ പ്രഖ്യാപിച്ചു. 2 മലയാളി താരങ്ങള്‍ ഇടം പിടിച്ചു.