ഡൽഹിയെ പായിച്ച് കൊൽക്കത്ത 🔥🔥 106 റൺസിന്റെ കൂറ്റൻ വിജയം..

ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ മത്സരത്തിൽ ഒരു വമ്പൻ വിജയം സ്വന്തമാക്കി കൊൽക്കത്ത. മത്സരത്തിൽ 106 റൺസിന്റ വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഐപിഎല്ലിന്റെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനത്താവാനും കൊൽക്കത്തക്ക് സാധിച്ചിട്ടുണ്ട്.

മൂന്നു മത്സരങ്ങൾ ഈ സീസണിൽ കളിച്ചപ്പോൾ മൂന്നു മത്സരങ്ങളിലും വിജയം നേടിയാണ് കൊൽക്കത്ത ഒന്നാമത് എത്തിയിരിക്കുന്നത്. മത്സരത്തിൽ നരേയന്റെയും രഘുവംശിയുടെയും അർദ്ധ സെഞ്ച്വറികളാണ് കൊൽക്കത്തയെ മികച്ച സ്കോറിൽ എത്തിച്ചത്. മറുപടി ബാറ്റിംഗിൽ ഡൽഹി നിര തകർന്നുവീണത് കൊൽക്കത്തയ്ക്ക് അനുഗ്രഹമായി മാറുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ടീം ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്. നേരിട്ട ആദ്യബോള്‍ മുതൽ കൊൽക്കത്തയുടെ ബാറ്റർമാർ ഡൽഹിക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പവർപ്ലെ ഓവറുകളിൽ സുനിൽ നരെയ്നാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.

39 പന്തുകൾ മത്സരത്തിൽ നേരിട്ട നരെയ്ൻ 85 റൺസ് സ്വന്തമാക്കുകയുണ്ടായി. 7 ബൗണ്ടറികളും 7 സിക്സറുകളും നരെയ്ന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. ഒപ്പം മൂന്നാമനായി ക്രീസിലെത്തിയ രഘുവംശിയും 27 പന്തുളിൽ 54 റൺസുമായി കൊൽക്കത്ത ബാറ്റിംഗിന്റെ നട്ടെല്ലായി മാറി.

അവസാന ഓവറുകളിൽ കാണാൻ സാധിച്ചത് റസലിന്റെയും റിങ്കൂ സിങ്ങിന്റെയും ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു. റസൽ 19 പന്തുകളിൽ 4 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 41 റൺസ് ആണ് നേടിയത്. റിങ്കു 8 പന്തുകളിൽ ഒരു ബൗണ്ടറിയും 3 സിക്സറുകളുമടക്കം 26 റൺസ് നേടുകയുണ്ടായി. ഇങ്ങനെ നിശ്ചിത 20 ഓവറുകളിൽ 272 റൺസ് ആണ് കൊൽക്കത്ത സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് മത്സരത്തിൽ കൊൽക്കത്ത നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഡൽഹിക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. പിന്നീട് തുടർച്ചയായി അവർക്ക് വിക്കറ്റുകൾ നഷ്ടമായി.

ഡൽഹി നിരയിൽ ഋഷഭ് പന്തും സ്റ്റബ്സുമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. പന്ത് മത്സരത്തിൽ 25 പന്തുകളിൽ 4 ബൗണ്ടറികളും 5സിക്സറുകളും അടക്കം 55 റൺസ് ആണ് നേടിയത്. സ്റ്റബ്സ് 32 പന്തുകളിൽ 4 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 54 റൺസ് നേടുകയുണ്ടായി.

എന്നാൽ ഇരുവരും പുറത്തായ ശേഷം ഡൽഹിയുടെ ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കാണാൻ സാധിച്ചത്. ഇതോടെ മത്സരത്തിൽ ഡൽഹി 166 റൺസിന് പുറത്താവുകയായിരുന്നു. മത്സരത്തിൽ 100 റൺസിന്റെ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.

Previous articleബോള്‍ ഓഫ് ദ സീസണ്‍. റസ്സലിനെ വീഴ്ത്തിയ ഈഷന്തിന്‍റെ യോര്‍ക്കര്‍. വീണ റസ്സല്‍ പോലും അഭിനന്ദിച്ചു.
Next article“ഹർദിക്കേ, നീ രോഹിതിനെ കണ്ടു പഠിക്കൂ”. വലിയ ഉപദേശവുമായി വിരേന്ദർ സേവാഗ്.