ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഇഴഞ്ഞ് നീങ്ങിയ ഇന്നിംഗ്സുമായി വിരാട് കോഹ്ലി. ഹൈദരാബാദിലെ ഹൈസ്കോറിങ് പിച്ചിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് കോഹ്ലി പുറത്തെടുത്തത്. 43 പന്തുകൾ നേരിട്ട കോഹ്ലി കേവലം 51 റൺസ് മാത്രമാണ് മത്സരത്തിൽ നേടിയത്.
മറുവശത്ത് പട്ടിദാർ അടക്കമുള്ള യുവതാരങ്ങൾ വമ്പൻ വെടിക്കെട്ടുകൾ കൊണ്ട് കളം നിറയാൻ ശ്രമിച്ചപ്പോൾ, ഒട്ടും പ്രതീക്ഷിക്കാത്ത ഇന്നിംഗ്സാണ് കോഹ്ലിയിൽ നിന്ന് ഉണ്ടായത്. മത്സരത്തിൽ അർത്ഥസെഞ്ച്വറി നേടാൻ സാധിച്ചെങ്കിലും കോഹ്ലിയുടെ ഈ മെല്ലെപ്പോക്ക് ബാംഗ്ലൂരിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബാംഗ്ലൂരിനായി ഓപ്പണറായാണ് കോഹ്ലി ക്രീസിലെത്തിയത്. അഭിഷേക് ശർമ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയായിരുന്നു കോഹ്ലി ആരംഭിച്ചത്. ശേഷം കമ്മിൻസ് എറിഞ്ഞ മൂന്നാം ഓവറിൽ 2 ബൗണ്ടറികളും സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു.
പക്ഷേ പിന്നീട് കോഹ്ലി ഇന്നിങ്സ് വളരെ പതിഞ്ഞ താളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. പല സമയത്തും ഹൈദരാബാദിന്റെ ബോളർമാർ തങ്ങളുടെ ലൈനും ലെങ്തും കൃത്യമായി കണ്ടെത്തിയത് കോഹ്ലിയെ ബാധിച്ചു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറി കണ്ടെത്താൻ കോഹ്ലി വിഷമിക്കുന്നതാണ് പിന്നീട് കണ്ടത്.
മറുവശത്ത് ബാംഗ്ലൂരിന്റെ വിക്കറ്റുകൾ ഇടവേളകളിൽ നഷ്ടമായതും കോഹ്ലിയെ ബാധിച്ചിരുന്നു. എന്നാൽ 37 പന്തുകൾ നേരിട്ടായിരുന്നു കോഹ്ലി തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. അതേസമയം മറ്റൊരു ബാറ്ററായ രാജത് പട്ടിദാർ കേവലം 19 പന്തുകളിൽ നിന്ന് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ച് മികവ് പുലർത്തുകയുണ്ടായി.
അർത്ഥ സെഞ്ച്വറി സ്വന്തമാക്കിയതിന് ശേഷം വിരാട് കോഹ്ലി അധികം സമയം ക്രീസിൽ തുടർന്നില്ല. പിന്നീടും ടൈമിങ്ങിനായി വളരെയധികം ബുദ്ധിമുട്ടുന്ന കോഹ്ലിയെയാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ 43 പന്തുകൾ നേരിട്ട കോഹ്ലി 51 റൺസ് മാത്രമാണ് നേടിയത്. 4 ബൗണ്ടറികളും ഒരു സിക്സറും മാത്രമാണ് കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്.
നിലവിൽ 2024 ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് റേസിൽ ഒന്നാം സ്ഥാനത്താണ് വിരാട് കോഹ്ലി. ഇത്തരത്തിൽ റൺസ് കണ്ടെത്തിയാൽ കോഹ്ലിക്ക് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഇത്തരം ഇന്നിംഗ്സുകൾ ബാംഗ്ലൂർ ടീമിന് യാതൊരു തരത്തിലും ഗുണം ചെയ്യില്ല എന്നത് ഉറപ്പാണ്. പ്രത്യേകിച്ച് ഹൈദരാബാദിന്റെ ഓപ്പണർമാരടക്കം വളരെ മികച്ച ഫോമിലാണ് കളിക്കുന്നത്. 2024 ട്വന്റി20 ലോകകപ്പ് ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ കോഹ്ലിയുടെ ഈ നിറംമങ്ങിയ ഇന്നിങ്സുകൾ വലിയ ചർച്ചയാവാനും സാധ്യതയുണ്ട്.