“ഞാൻ കേരളീയനാണെന്ന് പറയാൻ അഭിമാനമുണ്ട്. എന്നും കൂടെ നിന്നവർക്ക് നന്ദി”- സഞ്ജു സാംസണിന്റെ വാക്കുകൾ.

ചുരുങ്ങിയ സമയം കൊണ്ട് ലോകത്താകമാനമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസ് കവർന്ന താരമാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. മൈതാനത്തും മൈതാനത്തിന് പുറത്തും ശാന്തനായും പക്വതയോടെയും തുടരുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് സഞ്ജു. അതുകൊണ്ടുതന്നെ കേരളത്തിൽ നിന്നും വളരെ വലിയ പിന്തുണയാണ് സഞ്ജു സാംസണ് ലഭിക്കാറുള്ളത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് ഇത്രയധികം മലയാളി ആരാധകർ ഉണ്ടാവാനുള്ള പ്രധാന കാരണവും സഞ്ജു സാംസൺ തന്നെയാണ്. കാലാകാലങ്ങളിൽ ആരാധകർ തനിക്ക് നൽകുന്ന വലിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജു സാംസൺ ഇപ്പോൾ. രാജസ്ഥാൻ റോയൽസ് പങ്കുവെച്ച ഒരു വീഡിയോയിലാണ് സഞ്ജു കേരളത്തിൽ നിന്നുള്ള പിന്തുണയ്ക്ക് നന്ദി അറിയിച്ചിരിക്കുന്നത്.

വീഡിയോ പുറത്തുവന്ന് നിമിഷങ്ങൾക്കകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിട്ടുണ്ട്. താൻ കേരളത്തിൽ നിന്നാണ് എന്ന് പറയുന്നതിൽ തനിക്ക് വലിയ അഭിമാനവും സന്തോഷവുമുണ്ട് എന്ന് സഞ്ജു പറയുന്നു. തന്റെ എല്ലാ സാഹചര്യത്തിലും കേരളത്തിലെ ആരാധകർ തരുന്ന വലിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനും സഞ്ജു മറന്നില്ല.

താൻ മൈതാനത്ത് മികച്ച പ്രകടനം നടത്തുന്നതുകൊണ്ടാണ് ആരാധകർ ഇത്ര പിന്തുണ നൽകുന്നതെങ്കിൽ, അതിനിയും തുടരാൻ താൻ ശ്രമിക്കും എന്നാണ് സഞ്ജു സാംസൺ പറഞ്ഞിരിക്കുന്നത്. തനിക്ക് നൽകുന്ന എല്ലാ പിന്തുണയ്ക്കും താൻ കടപ്പെട്ടിരിക്കുന്നുവെന്നും സഞ്ജു സാംസൺ പറയുകയുണ്ടായി.

“എനിക്ക് എല്ലായിപ്പോഴും വലിയ സന്തോഷമാണ്. ഞാൻ കേരളത്തിൽ നിന്നാണ് വരുന്നത് എന്ന് പറയുമ്പോഴും എനിക്ക് ഒത്തിരി സന്തോഷമുണ്ട്. എന്റെ കരിയറിൽ ഇത്രയും വർഷം വലിയ പിന്തുണ തന്നെയാണ് എല്ലാവരിൽ നിന്നും ലഭിച്ചിട്ടുള്ളത്. ഇന്ത്യൻ ടീമിൽ കളിക്കുമ്പോഴും, കളിക്കാതിരിക്കുമ്പോഴും, ടീമിൽ നിന്ന് പുറത്താവുമ്പോഴുമൊക്കെ എല്ലാവരും എന്നെ പിന്തുണയ്ക്കുകയുണ്ടായി. അതൊക്കെയും വളരെ സന്തോഷം നൽകുന്നു.

പറയാൻ വാക്കുകളില്ലാത്ത അത്രയും സന്തോഷമാണ് എനിക്കുള്ളത്. ഞാൻ ക്രിക്കറ്റ് കളിക്കുമ്പോൾ നന്നായി പ്രകടനം കാഴ്ചവയ്ക്കുന്നത് കൊണ്ടാണ് എല്ലാവർക്കും ഇത്ര ഇഷ്ടമെങ്കിൽ, ഇനിയും അത് നന്നായി ചെയ്യാൻ ഞാൻ ശ്രമിക്കും. ഇത്രയും പിന്തുണയ്ക്കും ഇത്രയും സ്നേഹത്തിനും വളരെ നന്ദിയുണ്ട്.”- സഞ്ജു പറയുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ ഇതുവരെ വളരെ മികച്ച പ്രകടനങ്ങളാണ് സഞ്ജു സാംസൺ പുറത്തെടുത്തിട്ടുള്ളത്. സീസണിൽ 13 ഇന്നിംഗ്സുകൾ കളിച്ച സഞ്ജു 504 റൺസാണ് നേടിയത്. 56 റൺസ് ശരാശരിയിലാണ് സഞ്ജുവിന്റെ നേട്ടം 156.52 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. മാത്രമല്ല തന്റെ ടീമിനെ പ്ലെയോഫിലെത്തിക്കാനും സഞ്ജു സാംസണ് ഇതിനോടകം സാധിച്ചിട്ടുണ്ട്. പ്ലേയോഫിലും സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ

Previous articleമത്സരശേഷം ധോണിയ്ക്ക് ഹസ്തദാനം നൽകാതെയിരുന്നത് കോഹ്ലി അടക്കമുള്ളവരുടെ തെറ്റ്. മുൻ ഇംഗ്ലണ്ട് നായകൻ പറയുന്നു.
Next articleമഴ പണി കൊടുത്തു. രാജസ്ഥാന്‍ റോയല്‍സ് നേരിടേണ്ടത് ബാംഗ്ലൂരിനെ