“ഞങ്ങൾ ഇതുവരെയും ബാറ്റിംഗ് ലൈനപ്പ് നിശ്ചയിച്ചിട്ടില്ല”- പരിശീലന മത്സരത്തിന് ശേഷം രോഹിത് ശർമ..

ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിലെ വിജയത്തോടുകൂടി ഇന്ത്യ ഇത്തവണത്തെ ലോകകപ്പിലേക്ക് കടക്കുകയാണ്. മത്സരത്തിൽ ബംഗ്ലാദേശിനെ പൂർണമായും പൂട്ടിക്കെട്ടിയായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. പന്തിന്റെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറിയുടെ ബലത്തിൽ ആയിരുന്നു ഇന്ത്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തത്.

61 റൺസിന്റെ വിജയമാണ് മത്സരത്തിൽ ഇന്ത്യ നേടിയത്. ഈ വിജയത്തിന് ശേഷം ഇന്ത്യൻ ടീമിന്റെ സാഹചര്യങ്ങളെപ്പറ്റി നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് ഇതുവരെയും ഉറപ്പുവരുത്തിയിട്ടില്ല എന്നാണ് രോഹിത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞത്.

മത്സരത്തിലെ ടീമംഗങ്ങളുടെ പ്രകടനം അങ്ങേയറ്റം സന്തോഷം ഉണ്ടാക്കുന്നതാണ് എന്ന് രോഹിത് ശർമ പറഞ്ഞു. മത്സരത്തിലെ വിജയം തങ്ങൾക്ക് വളരെ വിലപ്പെട്ടതായിരുന്നു എന്നും ഇന്ത്യൻ നായകൻ കൂട്ടിച്ചേർക്കുകയുണ്ടായി. കൃത്യമായി അമേരിക്കയിലെ സാഹചര്യങ്ങൾ തിരിച്ചറിയുക എന്നതിന് തങ്ങൾ പ്രാധാന്യം നൽകുന്നതായി രോഹിത് കൂട്ടിച്ചേർത്തു.

പൂർണ്ണമായും താരങ്ങൾക്ക് മത്സരത്തിൽ അവസരങ്ങൾ നൽകാനാണ് തങ്ങൾ ശ്രമിച്ചത് എന്ന് രോഹിത് പറയുന്നു. ഋഷഭ് പന്തിനെ മൂന്നാം നമ്പറിൽ ഇറക്കിയത് വലിയൊരു പരീക്ഷണമായി തന്നെയാണ് രോഹിത് നോക്കിക്കാണുന്നത്. ഇതുവരെയും തങ്ങളുടെ ബാറ്റിംഗ് ലൈനപ്പ് പൂർത്തിയായിട്ടില്ലയെന്നും, അതിനാൽ എല്ലാവർക്കും അവസരം നൽകുകയാണെന്നും രോഹിത് കൂട്ടിച്ചേർത്തു.

“പരിശീലന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സാധിച്ചതിൽ അങ്ങേയറ്റത്തെ സന്തോഷമുണ്ട്. കാരണം ഞങ്ങൾക്ക് ആ മത്സരത്തിൽ മികച്ച പ്രകടനം അനിവാര്യമായിരുന്നു. ഇവിടത്തെ സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ അത് ഉപകാരപ്രദമായി. പുതിയ മൈതാനത്ത് പുതിയ വേദിയിൽ നന്നായി കളിക്കാൻ സാധിച്ചു. മൂന്നാം നമ്പറിൽ പന്തിന് ഞങ്ങൾ അവസരം നൽകുകയാണ് ഉണ്ടായത്. ഇതുവരെയും ഞങ്ങളുടെ ബാറ്റിംഗ് ലൈനപ്പ് പൂർണമായി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടീമിലുള്ള കൂടുതൽ കളിക്കാരും കൃത്യമായി ഫോം കണ്ടെത്തേണ്ടതും ആവശ്യമാണ്.”- രോഹിത് ശർമ പറഞ്ഞു.

“മത്സരത്തിലെ അർഷദീപ് സിംഗിന്റെ ബോളിംഗ് പ്രകടനത്തെപ്പറ്റിയും രോഹിത് സംസാരിക്കുകയുണ്ടായി. ഇന്നിംഗ്സിന്റെ തുടക്കത്തിലും അവസാന ഭാഗങ്ങളിലും തന്റെ കഴിവുകൾ തെളിയിച്ച ബോളർ തന്നെയാണ് അർഷദീപ് സിംഗ്. വളരെ പ്രതിഭയുള്ള താരമാണ് അർഷദീപ്. മികച്ച 15 താരങ്ങൾ അടങ്ങുന്നതാണ് ഞങ്ങളുടെ ഇത്തവണത്തെ സ്ക്വാഡ്. ഇപ്പോൾ ഞങ്ങൾക്ക് ആവശ്യം സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കുക എന്നതും, അതിനനുസൃതമായി മികച്ച താരങ്ങളെ മൈതാനത്ത് എത്തിക്കുക എന്നതുമാണ്.”- രോഹിത് ശർമ പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

Previous articleകളിക്കുന്നത് ആദ്യ ടി20 ലോകകപ്പ്. ആരോണ്‍ ജോണ്‍സ് എത്തിയത് ക്രിസ് ഗെയ്ലിന്‍റെ തൊട്ടരികെ
Next articleപാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ ജയിക്കും. പക്ഷേ ഈ ലോകകപ്പിൽ അക്കാര്യം ശ്രദ്ധിക്കണം. ഗാംഗുലിയുടെ ഉപദേശം.