തന്റെ അരങ്ങേറ്റ മത്സരത്തിന് ശേഷം രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത് യുവതാരം ധ്രുവ് ജൂറൽ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കായി ഒരു തട്ടുപൊളിപ്പൻ ഇന്നിങ്സാണ് ഈ മിന്നും താരം പുറത്തെടുത്തത്. മത്സരത്തിൽ ഇന്ത്യ ബാറ്റിംഗിൽ തകർന്നുവീണ സമയത്താണ് ഏഴാമനായി ജൂറൽ ക്രീസിലെത്തിയത്.
പിന്നീട് ജുറലിന്റെ ഒരു ടെസ്റ്റ് മോഡൽ ഇന്നിങ്സാണ് കാണാൻ സാധിച്ചത്. മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ വീഴുമ്പോഴും ജൂറൽ തന്റെ പക്വത മത്സരത്തിൽ കാട്ടി. മാത്രമല്ല അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ടിന് മേൽ സംഹാരമാടാനും ജൂറലിന് സാധിച്ചു. ഇന്നിംഗ്സിൽ 90 റൺസാണ് ഈ യുവതാരം നേടിയത്. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് ജുറലിന്റെ ഈ ഇന്നിങ്‌സ് നൽകുന്നത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 353 എന്ന സ്കോർ സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ തകർന്നടിയുന്നതാണ് കാണാൻ സാധിച്ചത്. ഒരു സമയത്ത് ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 177 എന്ന മോശം അവസ്ഥയിലായിരുന്നു. ഈ സമയത്താണ് ജൂറൽ തന്റെ പ്രതിഭ പുറത്തെടുത്തത്.
ഇന്നിംഗ്സിന്റെ തുടക്കം മുതൽ അതി സൂക്ഷ്മമായാണ് ജൂറൽ കൂട്ടുകെട്ടുകൾ കെട്ടിപ്പടുത്തത്. പ്രധാനമായും കുൽദീപ് യാദവുമൊത്ത് എട്ടാം വിക്കറ്റിൽ ഒരു ടെസ്റ്റ് മത്സരത്തിന്റേതായ രീതിയിൽ കളിക്കാൻ ജൂറലിന് സാധിച്ചു. ഇംഗ്ലണ്ട് ബോളർമാരെ അതി സൂക്ഷ്മമായി നേരിട്ടാണ് ജൂറൽ തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്.
കുൽദീപ് നൽകിയ പിന്തുണ അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ജൂറൽ വിജയിച്ചു. തന്റെ അർത്ഥ സെഞ്ചുറി 96 പന്തുകളിൽ നിന്നാണ് ജൂറൽ പൂർത്തിയാക്കിയത്. ശേഷം കുൽദീപ് പുറത്തായതോടെയാണ് ജൂറൽ തന്റെ ട്വന്റി20 മോഡിലേക്ക് തിരികെയെത്തിയത്.
പിന്നീട് ഇംഗ്ലണ്ടിന്റെ സ്പിന്നർമാരെ പൂർണമായും ബൗണ്ടറി കടത്തി ജൂറൽ മികവ് പുലർത്തി. മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാനായി ഫിനിഷിംഗ് കാഴ്ചവച്ച ജൂറലിനെയാണ് പിന്നീട് ഇംഗ്ലീഷ് ബോളർമാർ കണ്ടത്. ഇംഗ്ലണ്ടിന്റെ കൊടികുത്തിയ ബോളർമാരെ ഒക്കെയും അനായാസം ബൗണ്ടറി കടത്താൻ ജൂറലിന് സാധിച്ചിരുന്നു.
ഇന്നിംഗ്സിൽ 149 പന്തുകൾ നേരിട്ട ജൂറൽ 90 റൺസ് ആണ് നേടിയത്. 6 ബൗണ്ടറികളും 4 സിക്സറുകളും ജൂറലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു. പ്രധാനമായും വാലറ്റ ബാറ്റർമാരെ കൂട്ടുപിടിച്ച് മഹേന്ദ്ര സിംഗ് ധോണിയുടെ മോഡലിലുള്ള ഇന്നിങ്സാണ് മത്സരത്തിൽ ജൂറൽ പുറത്തെടുത്തത്.
എന്നാൽ മൂന്നക്കം കണ്ടെത്താൻ ജൂറലിന് സാധിച്ചില്ല. അവസാന വിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം റൺസ് കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ ജൂറൽ സ്പിന്നർ ഹാർഡ്‌ലിയുടെ പന്തിൽ ബൗൾഡായാണ് മടങ്ങിയത്. എന്തായാലും ജൂറൽ ഇന്ത്യക്ക് നൽകുന്നത് വലിയ പ്രതീക്ഷകൾ തന്നെയാണ്.