“ജയസ്വാളിന്റെ ബാറ്റിൽ പന്ത് സ്പർശിച്ചിരുന്നു.”. അമ്പയറുടെ തീരുമാനത്തെ പിന്തുണച്ച് രോഹിത്.

ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിൽ ജയസ്വാളിന്റെ പുറത്താകൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. മത്സരത്തിൽ പാറ്റ് കമ്മിൻസിനെതിരെ ഒരു ഗ്ലാൻസ് ഷോട്ടിന് ശ്രമിക്കുകയായിരുന്നു ജയസ്വാൾ. എന്നാൽ ജയസ്വാളിന്റെ ഗ്ലൗസിൽ കൊണ്ട പന്ത് കീപ്പർ കെയറിയുടെ കൈകളിലാണ് എത്തിയത്. പ്രഥമദൃഷ്ടിയിൽ മൈതാനത്തുണ്ടായിരുന്ന അമ്പയർ നോട്ടൗട്ട് വിധിച്ചെങ്കിലും കമ്മിൻസ് ഇത് റിവ്യൂവിന് വിടുകയായിരുന്നു.

മൂന്നാം അമ്പയറുടെ റിപ്ലൈയിൽ സ്നിക്കോയിൽ സ്പൈക്ക് ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പക്ഷേ കൃത്യമായ ഡിവിയേഷൻ മനസ്സിലാക്കിയ അമ്പയർ അത് ഔട്ട് വിധിച്ചു. ഇത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെപ്പറ്റിയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ പത്രസമ്മേളനത്തിൽ സംസാരിച്ചത്.

സ്നിക്കോയിൽ സ്പൈക്ക് കാട്ടിയിലെങ്കിലും അത് ജയസ്വാളിന്റെ ബാറ്റിൽ സ്പർശിച്ചതായി തനിക്ക് തോന്നി എന്ന് രോഹിത് ശർമ പറഞ്ഞു. “റീപ്ലേയിൽ സ്നിക്കോയിൽ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. പക്ഷേ നഗ്നമായ നേത്രങ്ങൾ കൊണ്ട് പരിശോധിച്ചാൽ അവിടെ ഒരു പ്രതിഫലനം ഉണ്ടായതായി കാണാൻ സാധിക്കും. സത്യസന്ധമായി പറഞ്ഞാൽ പന്തിൽ അവന്റെ ബാറ്റ് കൊണ്ടിരുന്നതായി തോന്നി. എന്തായാലും മത്സരത്തിലെ പല തീരുമാനങ്ങളും ഞങ്ങൾക്ക് പ്രതികൂലമായാണ് ഉണ്ടായത്.”- രോഹിത് ശർമ പത്രസമ്മേളനത്തിൽ പറഞ്ഞു.

മത്സരത്തിലെ പരാജയത്തിൽ വലിയ നിരാശയാണ് തനിക്കുള്ളത് എന്ന് രോഹിത് ശർമ പറയുകയുണ്ടായി. മാത്രമല്ല മാനസികപരമായി ഇത്തരം ഫലങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും താരം കൂട്ടിച്ചേർത്തു. “ചില ഫലങ്ങൾ ഞങ്ങൾക്ക് ആവശ്യമായ രീതിയിൽ എത്തുന്നില്ല. ഒരു നായകൻ എന്ന നിലയിലും ബാറ്ററെന്ന നിലയിലും അതൊക്കെയും നിരാശപ്പെടുത്തുന്നുണ്ട്. മാത്രമല്ല ഇതൊക്കെയും മാനസികപരമായി ഒരുപാട് ബുദ്ധിമുട്ടുകൾ സമ്മാനിക്കുന്നു. നമ്മൾ വിചാരിക്കുന്ന തരത്തിലുള്ള ഫലങ്ങൾ മത്സരങ്ങളിൽ നിന്നുണ്ടായില്ലെങ്കിൽ അത് ഓരോരുത്തരുടെയും വ്യക്തിപരമായ പ്രകടനങ്ങളെയും ബാധിക്കാറുണ്ട്. ബോളർമാരായാലും ബാറ്റർമാരായാലും ലഭിക്കുന്ന അവസരങ്ങൾ നന്നായി ഉപയോഗിച്ച് മത്സരങ്ങളിൽ മാറ്റം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടത്.”- രോഹിത് കൂട്ടിച്ചേർത്തു.

നാലാം ടെസ്റ്റ് മത്സരത്തിലെ പരാജയം ഇന്ത്യയുടെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ് ഫൈനൽ പ്രതീക്ഷകളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഈ വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയിൽ 2- 1 എന്ന നിലയിൽ ലീഡും സ്വന്തമാക്കി കഴിഞ്ഞു. ജനുവരി 3ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഈ മത്സരത്തിൽ എന്ത് വിലകൊടുത്തും വിജയം സ്വന്തമാക്കിയാലേ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാൻ എങ്കിലും സാധിക്കൂ. അതേസമയം ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തണമെങ്കിൽ ഇന്ത്യയ്ക്ക് മറ്റു ഫലങ്ങളെ വലിയ രീതിയിൽ ആശ്രയിക്കേണ്ടിവരും.

Previous article“സ്‌പൈക്” ഇല്ലാതിരുന്നിട്ടും ജയസ്വാൾ എങ്ങനെ പുറത്തായി ? ഉത്തരം ഇതാ. Explanation.
Next article“കോഹ്ലി ഇനിയും 3 വർഷങ്ങൾ കളിക്കണം, പക്ഷേ രോഹിത്…”- രവി ശാസ്ത്രി പറയുന്നു..