ചാഹലിനെ കടത്തിവെട്ടി ആ യുവസ്പിന്നർ ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തും. പ്രവചനവുമായി ആകാശ് ചോപ്ര.

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. ഓസ്ട്രേലിയക്കെതിരായി ട്വന്റി20 പരമ്പരയോടെ ഇന്ത്യ തങ്ങളുടെ അടുത്ത ക്യാമ്പയിനുള്ള തുടക്കം കുറിച്ചിരിക്കുകയാണ്. യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ട്വന്റി പരമ്പരയ്ക്ക് ഇറങ്ങിയത്. പരമ്പര 4- 1 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

പരമ്പരയിലുടനീളം യുവതാരങ്ങളൊക്കെയും മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. അതിനാൽ ട്വന്റി20 ലോകകപ്പിനായി ഒരു മികച്ച സ്ക്വാഡ് കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന സ്പിന്നറായി തിരഞ്ഞെടുക്കപെടാൻ സാധ്യതയുള്ള താരത്തെ പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോൾ. രവി ബിഷണോയി ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് എത്താൻ വലിയ സാധ്യതയുണ്ട് എന്നാണ് ചോപ്ര പറയുന്നത്.

ബിഷണോയിയെ സംബന്ധിച്ച് ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര വളരെ നിർണായകമായിരുന്നുവെന്ന് ചോപ്ര പറയുന്നു. പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ട്വന്റി20 ലോകകപ്പിനുള്ള ലിസ്റ്റിൽ ബിഷണോയി ശ്രദ്ധ ആകർഷിച്ചിട്ടുണ്ട് എന്നാണ് ചോപ്രയുടെ അഭിപ്രായം. “ലെഗ് സ്പിന്നർമാരെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു പരമ്പരയാണ് ഓസ്ട്രേലിയക്കെതിരെ അവസാനിച്ചത്. അതിനാൽ തന്നെ രവി ബിഷണോയി വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

നിലവിൽ ട്വന്റി20 ലോകകപ്പിന് മുൻനിരയിലുള്ള താരങ്ങളിൽ ഒരാൾ ബിഷണോയാണ്. ലോകകപ്പിന് അടുത്തേക്ക് എത്തുമ്പോഴേക്കും ബിഷണോയി കൂടുതൽ സമ്മർദ്ദങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. കാരണം ചാഹൽ, മയങ്ക് മാർക്കണ്ടെ, രാഹുൽ ചാഹർ എന്നിവർ ആ സമയത്ത് ലിസ്റ്റിലേക്ക് വരും. അങ്ങനെ ലിസ്റ്റ് ദൈർഘ്യമുള്ളതാവും. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളിലും ബിഷണോയി കൃത്യമായ പ്രകടനങ്ങൾ കാഴ്ചവെക്കേണ്ടതുണ്ട്.”- ചോപ്ര പറയുന്നു.

പരമ്പരയിലുടനീളം ബിഷണോയി മികവ് പുലർത്തി എന്നാണ് ചോപ്ര പറഞ്ഞത്. “ദ്വിരാഷ്ട്ര പരമ്പരകൾ മറ്റ് ടൂർണമെന്റുകളുമായി വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ലോകകപ്പുകളിൽ നമുക്ക് ഒരു എതിർ ടീമിനെതിരെ 2 തവണ മാത്രമാണ് കളിക്കാൻ സാധിക്കുന്നത്. അത് സെമിഫൈനൽ, ഫൈനലുകളിൽ ആയിരിക്കും. എന്നാൽ ദ്വിരാഷ്ട്ര പരമ്പരകളിൽ ഒരേ ടീമിനെതിരെ 5 മത്സരങ്ങളാണ് കളിക്കുന്നത്. ആ സമയത്ത് ബോളർമാർക്കും ബാറ്റർമാർക്കും കൃത്യമായി ഒരു പരസ്പര ധാരണ ഉണ്ടാവും.

അത് മുൻനിർത്തിക്കൊണ്ട് തന്നെ രവി ബിഷണോയ്ക്ക് ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചു. പവർപ്ലെയിലാണ് അദ്ദേഹം ബോൾ ചെയ്തത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. മാത്രമല്ല നനവുള്ള ബോളിലും ബിഷണോയി മികച്ച പ്രകടനം കാഴ്ചവച്ചു. അതിനാൽ എല്ലാത്തരത്തിലും ബിഷണോയി മികവ് പുലർത്തി എന്ന് തന്നെ പറയാം.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

നിലവിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള സ്ക്വാഡിലും ബിഷണോയി ഉൾപ്പെടുന്നുണ്ട്. ബിഷണോയെ കൂടാതെ കുൽദീപ് യാദവാണ് ഇന്ത്യയുടെ സ്പിന്നർമാരുടെ ലിസ്റ്റിലുള്ളത്. എന്നിരുന്നാലും ഓസ്ട്രേലിയക്കെതിരായ മികച്ച പ്രകടനം കണക്കിലെടുക്കുമ്പോൾ ബിഷണോയ്ക്ക് എല്ലാ മത്സരങ്ങളിലും അവസരങ്ങൾ ലഭിക്കാനാണ് സാധ്യത.

Previous articleറെയിൽവേസിനെതിരെ തകർപ്പൻ സെഞ്ച്വറി നേടി സഞ്ജു. എന്നിട്ടും പരാജയപ്പെട്ട് കേരളം
Next articleദക്ഷിണാഫ്രിക്കയിൽ ആ 2 പേരാണ് ഇന്ത്യയുടെ വജ്രായുധങ്ങൾ. ശ്രീശാന്തിന്റെ പ്രവചനം ഇങ്ങനെ.