റെയിൽവേസിനെതിരെ തകർപ്പൻ സെഞ്ച്വറി നേടി സഞ്ജു. എന്നിട്ടും പരാജയപ്പെട്ട് കേരളം

sanju samson

വിജയ് ഹസാരെ ട്രോഫിയിലെ റെയിൽവേസിനെതിരായ മത്സരത്തിൽ ഒരു അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി കേരള ടീം. ആവേശം നിറഞ്ഞ മത്സരത്തിൽ 18 റൺസിന്റെ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്. കേരള നായകൻ സഞ്ജു സാംസന്റെ വെടിക്കെട്ട് സെഞ്ച്വറിക്ക് പോലും മത്സരത്തിൽ കേരളത്തെ രക്ഷിക്കാൻ സാധിച്ചില്ല. കേരളത്തിന്റെ ടൂർണമെന്റിലെ രണ്ടാം പരാജയമാണ് ഇത്. എന്നിരുന്നാലും ടൂർണമെന്റിൽ ഒന്നാം സ്ഥാനക്കാരായി അടുത്തഘട്ടത്തിലേക്ക് യോഗ്യത നേടാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. മറുവശത്ത് സഞ്ജു സാംസൺ ഫോമിലേക്ക് തിരികെയെത്തിയത് കേരളത്തിന് വലിയ ആശ്വാസം നൽകുന്നുണ്ട്.

മത്സരത്തിൽ ടോസ് നേടിയ കേരളം ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കം തന്നെയാണ് കേരളത്തിന്റെ പേസർമാർ നൽകിയത്. റെയിൽവേസിന്റെ ആദ്യ വിക്കറ്റുകൾ സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചു. എന്നാൽ പിന്നീട് മൂന്നാം വിക്കറ്റിൽ ഒരു വെടിക്കെട്ട് കൂട്ടുകെട്ട് റെയിൽവേസ് കെട്ടിപ്പടുക്കുകയായിരുന്നു. പ്രതാപ് സിംഗും സഹാബ് യുവരാജ് സിംഗും ചേർന്ന് മൂന്നാം വിക്കറ്റിൽ 148 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് റെയിൽവേസിനായി കെട്ടിപ്പടുത്തത്. ഇതോടെ മത്സരം കേരളത്തിന്റെ കയ്യിൽ നിന്ന് വഴുതിപ്പോയി. എന്നാൽ കൃത്യമായ സമയത്ത് വിക്കറ്റുകൾ വീഴ്ത്തി കേരളം പിന്നീട് മത്സരത്തിൽ തിരിച്ചുവരികയുണ്ടായി. മത്സരത്തിൽ യുവരാജ് സിംഗ് ഒരു തകർപ്പൻ സെഞ്ച്വറിയാണ് സ്വന്തമാക്കിയത്.

136 പന്തുകൾ നേരിട്ട യുവരാജ് 121 റൺസ് നേടി പുറത്താവാതെ നിന്നു. അവസാന ഓവറുകളിൽ കേരളത്തിന്റെ ബോളർമാർ കൃത്യമായി വിക്കറ്റുകൾ സ്വന്തമാക്കിയതോടെ റെയിൽവേയുടെ ഇന്നിംഗ്സ് 255 റൺസിൽ അവസാനിക്കുകയായിരുന്നു. കേരളത്തിനായി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കിയ വൈശാഖ് ചന്ദ്രനാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിംഗിനീറങ്ങി കേരളത്തിന് ഒരു ദുരന്ത തുടക്കം തന്നെയാണ് ലഭിച്ചത്. ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ കേരളത്തിന് നഷ്ടമായി. ഒരു വശത്ത് കൃഷ്ണപ്രസാദ്(29) ക്രീസിലുറച്ചെങ്കിലും മറുവശത്ത് വമ്പൻ താരങ്ങൾ പുറത്തായത് കേരളത്തിന് തിരിച്ചടി ആവുകയായിരുന്നു. മത്സരത്തിൽ 59ന് 4 എന്ന നിലയിൽ കേരളം തകർന്നു. ശേഷമാണ് അഞ്ചാം വിക്കറ്റിൽ നായകൻ സഞ്ജു സാംസനും ശ്രേയസ് ഗോപാലും ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ട് കെട്ടിപ്പടുത്തത്.

Read Also -  കിവികളെ തുരത്തിയടിച്ച് അഫ്ഗാൻ ഫയർ🔥🔥 84 റൺസിന്റെ വമ്പൻ വിജയം

ഇരുവരും ചേർന്ന് റെയിൽവേസ് ബോളർമാരെ പക്വതയോടെ തന്നെ നേരിട്ടു. തന്റെ ഇന്നിംഗ്സിന്റെ ആദ്യ സമയത്ത് പതിയെ നീങ്ങിയ സഞ്ജു സാംസൺ പിന്നീട് അടിച്ചു തകർക്കുന്നതാണ് കാണാൻ സാധിച്ചത്. ശ്രേയസ് ഗോപാൽ സഞ്ജു സാംസണ് മികച്ച പിന്തുണ നൽകി. ഗോപാൽ മത്സരത്തിൽ 63 പന്തുകളിൽ 53 റൺസാണ് നേടിയത്. ശ്രെയസ് ഗോപാൽ പുറത്തായശേഷം സഞ്ജു സാംസൺ ആക്രമണം അഴിച്ചു വിടുകയായിരുന്നു. 121 പന്തുകളിൽ നിന്നാണ് സഞ്ജു സാംസൺ തന്റെ സെഞ്ച്വറി മത്സരത്തിൽ സ്വന്തമാക്കിയത്. എന്നാൽ മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ വീണത് കേരളത്തെ ബാധിക്കുകയായിരുന്നു. അബ്ദുൽ ബാസിതും(0) അഖിൽ സ്കറിയയും(0) അടക്കമുള്ള താരങ്ങൾ ചെറിയ ഇടവേളയിൽ കൂടാരം കയറിയത് കേരളത്തിന് തിരിച്ചടിയായി. ഒരു വശത്ത് സഞ്ജു അടിച്ചുതകർത്തെങ്കിലും കേരളത്തെ മത്സരത്തിൽ വിജയിപ്പിക്കാൻ സാധിച്ചില്ല. മത്സരത്തിൽ സഞ്ജു സാംസൺ 139 പന്തുകളിൽ 128 റൺസാണ് നേടിയത്

Scroll to Top