ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ദയനീയമായ പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ 58 റൺസിന്റെ കൂറ്റൻ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും കൃത്യമായ ആധിപത്യം സ്ഥാപിച്ചായിരുന്നു ഗുജറാത്ത് മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. രാജസ്ഥാന്റെ മുൻതാരമായിരുന്ന പ്രസീദ് കൃഷ്ണയാണ് ഗുജറാത്തിനായി ഇത്തവണ ബോളിങ്ങിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. പ്രസീദ് 3 വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കി. റാഷിദ് ഖാനും 2 വിക്കറ്റുകൾ സ്വന്തമാക്കി രാജസ്ഥാന്റെ അന്തകനായി മാറുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിനായി സായി സുദർശൻ മൈതാനത്ത് കാഴ്ചവച്ചത്. കഴിഞ്ഞ സമയങ്ങളിൽ ബാറ്റിംഗിൽ സ്ഥിരത കണ്ടെത്തിയ സായി സുദർശൻ രാജസ്ഥാനെതിരെയും അർത്ഥസെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. 53 പന്തുകളിൽ 8 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 82 റൺസാണ് സായി നേടിയത്. ഒപ്പം മധ്യനിരയിൽ 20 പന്തുകളിൽ 36 റൺസ് നേടിയ ഷാരൂഖ് ഖാനും 25 പന്തുകളിൽ 36 റൺസ് നേടിയ ജോസ് ബട്ലറും ഗുജറാത്തിന് മികച്ച അടിത്തറ നൽകിm
അവസാന ഓവറുകളിൽ 24 റൺസ് നേടിയ രാഹുൽ തീവാട്ടിയയും 12 റൺസ് നേടിയ റാഷിദ് ഖാനും അടിച്ചു തകർത്തപ്പോൾ മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 217 റൺസ് സ്വന്തമാക്കാൻ ഗുജറാത്തിന് സാധിച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് തുടക്കത്തിൽ തന്നെ ഓപ്പണർ ജയസ്വാളിന്റെ വിക്കറ്റ് നഷ്ടമായി. ശേഷം നിതീഷ് റാണയും മടങ്ങിയതോടെ രാജസ്ഥാൻ പതറുകയായിരുന്നു. എന്നാൽ ഒരു വശത്ത് സഞ്ജു സാംസൺ ക്രീസിലുറച്ച് രാജസ്ഥാന് പ്രതീക്ഷകൾ നൽകി. 26 റൺസ് നേടിയ പരാഗിനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. പക്ഷേ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി ഗുജറാത്ത് മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു.
മത്സരത്തിൽ 28 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 41 റൺസ് ആണ് സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ രാജസ്ഥാന് പ്രതീക്ഷ നൽകിയത് ഹെറ്റ്മയർ മാത്രമാണ്. ഗുജറാത്ത് ബോളർമാരെ വേണ്ടവിധത്തിൽ അടിച്ചു തകർക്കാൻ ഹെറ്റ്മയർക്ക് സാധിച്ചു. മത്സരത്തിൽ 32 പന്തുകളിൽ 4 ബൗണ്ടറികളും 3 സിസ്റ്ററുകളുമടക്കം 52 റൺസാണ് താരം സ്വന്തമാക്കിയത്. പക്ഷേ ഹെറ്റ്മയർ കൂടി പുറത്തായതോടെ രാജസ്ഥാൻ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ വമ്പൻ വിജയം സ്വന്തമാക്കിയ രാജസ്ഥാന്റെ നിരാശജനകമായ പ്രകടനമാണ് ഗുജറാത്തിനെതിരെ കണ്ടത്.